പ്രവാസ ജീവിതത്തിനിടയിൽ ഒട്ടു മിക്ക നാടുകളിൽ നിന്നുമുള്ള കുടുംബങ്ങളെ പാർക്കുകളിലും കടൽ തീരത്തും കാണാൻ സാധിച്ചിട്ടുണ്ട് . ഇവരിൽ മലയാളികൾ ഒഴികെയുള്ള ഒട്ടുമിക്ക ആളുകളും സ്വന്തം മക്കളെ സ്വതന്ത്രമായി വിട്ടുകൊണ്ട് സ്വസ്ഥമായി സൊറപറഞ്ഞും മറ്റു വിനോദങ്ങളിൽ ഏർപ്പെട്ടുമിരിക്കും . കുട്ടികൾ വീഴുകയോ അടിപിടി കൂടുകയോ മറ്റു സാഹസങ്ങൾ കാണിക്കുകയോ ചെയ്യുന്നതൊന്നും അവർ അത്ര ഗൌനിക്കാറെയില്ല. എന്നാൽ നമ്മൾ മലയാളികൾ അങ്ങിനെയല്ല , സ്വന്തം മക്കളെ കുറിച്ച് വളരെയധികം ആധിയുള്ള ആളുകളാണ് . നാം എന്തു പ്രവർത്തിയിൽ എർപ്പെട്ടാലും ഒരു കണ്ണ് എല്ലായ്പ്പോഴും നമ്മുടെ കുട്ടികളിലായിരിക്കും . മറ്റു രാജ്യക്കാരായ കുഞ്ഞു മക്കൾ തെന്നി തെന്നി കടൽ കരയിലും പാർകിലുമൊക്കെ നടക്കുന്നതും വീഴുന്നതും കാണുമ്പോൾ പോലും നമ്മൾ മലയാളികളുടെ നെഞ്ചു അറിയാതെ ഒന്നു പിടക്കും . അതാണു ഈ വിഷയത്തിൽ മലയാളികളുടെ പൊതുവേയുള്ള ഒരു പ്രത്യേകത .
എന്നാൽ മലയാളികളുടെ നെഞ്ചു പിളർത്തുന്ന തരത്തിലുള്ള വാർത്തകളാണ് ഈ അടുത്ത കാലത്തായി നാം കേട്ടുകൊണ്ടിരിക്കുന്നത് . കോഴിക്കോട് നിന്നുള്ള അതിധി എന്ന കൊച്ചു പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടു പീഡിപ്പിച്ചു കൊന്ന വാർത്ത നമ്മുടെ മനസ്സിൽ നിന്നും മായുന്നതിനു മുൻപേ ഇതാ ആഷിഖ് എന്ന പിഞ്ചു ബാലൻ സ്വന്തം പിതാവിനാലും രണ്ടാനമ്മയാലും തല തല്ലിപ്പൊളിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്നു( സർവ ശക്തനായ നാഥാ ..ആ കുഞ്ഞിനെ എത്രയും പെട്ടെന്നു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണമേ..ആമീന്) .അവന്റെ മാതാപിതാക്കൾ എന്ന ആ നികൃഷ്ഠ ജീവികൾ , വിരിപ്പിൽ മൂത്രമൊഴിച്ചു പോയെന്ന കാരണത്തിന് കാലു കൊണ്ടു തൊഴിച്ഛപ്പോൾ കട്ടിലിൽ തട്ടി തലയ്ക്ക് മാരകമായി മുറിവേറ്റു എന്നാണ് വാർത്തകളിലൂടെ അറിയുന്നത് .രക്തം വാർന്നൊലിച്ചിട്ടും കൃത്യ സമയത്തു ആശുപത്രിയിലെത്തിക്കാൻ പോലും ദയ തോന്നാതിരുന്ന ആ രണ്ടു ക്രൂരന്മാരെ എതർഥത്തിലാണ് മാതാപിതാക്കൾ എന്നു വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല. കുഞ്ഞുങ്ങളുടെ നേർക്ക് കൈയോങ്ങുന്നതുപോലും ശിക്ഷാർഹമാണെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികളിൽ പെട്ടവരാണീ( പേരു കൊണ്ട് അങ്ങിനെ തോന്നി പോകുന്നു ) കാപാലികർ എന്നത് മറ്റൊരു വിഷയം .
രണ്ടാനമ്മമാർ വാഴുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട് എന്നു പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങളുടെയും ഉത്ഭവം ഇത്തരത്തില്‍ തന്നെയുള്ളതാണെന്നു ആര്‍ക്കും ഏളുപ്പം മനസ്സിലാക്കാന്‍ കഴിയും. രണ്ടാനമ്മമാരുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഉടലെടുക്കുന്നത് ഇത്തരം കുട്ടികളില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന ചെറിയ അനുസരണക്കേടുകളിൽ നിന്നാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . അതിനെ തുടർന്നു രണ്ടാനമ്മയും പിതാവും നല്കുന്ന ശിക്ഷണമുറകളാണ് ഈ കുട്ടികളും കുടുംബവുമായി അകലാൻ ഇടയാക്കുന്നത് . മാതാവ് മരണപ്പെട്ട കുട്ടിയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന രണ്ടാനമ്മയോടുള്ള പ്രതിഷേധം സ്നേഹമാക്കി മാറ്റുന്നതിനു പകരം അതു ശത്രുതയായി കണക്കാക്കുന്ന രണ്ടാനമ്മയും സ്വന്തം മക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ ഭാര്യയുടെ തലയിണ മന്ത്രങ്ങളിൽ അന്ധമായി അകപ്പെടുന്ന പിതാക്കന്മാരുമാണ് സ്വന്തം വീടുകളില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരത നല്‍കുന്നത് .
പിതാവ് നഷ്ടപ്പെട്ട കുട്ടികളെയാണ് നമ്മൾ പൊതുവെ യതീം എന്നു പറയാറുള്ളത് . സമൂഹം വേണ്ട രീതിയിൽ അവരെ സംരക്ഷിച്ചു പോരുകയും ചെയ്യുന്നുണ്ട്. എന്നാൽ മാതാവ് നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തെ കുറിച്ചു, നാമാരും തന്നെ അന്വേഷിക്കാറില്ല എന്നത് ഒരു വസ്തുതയല്ലേ ?
പിതാവു നഷ്ടമായ ഒരു കുഞ്ഞിനേക്കാൾ ജീവിതം ചോദ്യചിഹ്നമാകുന്നത് , പീഡിതമാകുന്നത് മാതാവ് നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് തന്നെയാണെന്ന് അതിദിയുടെയും ആഷിഖിന്റെയും സംഭവങ്ങൾ നമ്മളോട് വീണ്ടും വിളിച്ചു പറയുന്നു. പിതാവിന്റെ വേർപാട് ഒരു നഷ്ടമാണെങ്കിലും അതു പ്രധാനമായും ബാധിക്കുന്നത് ജീവിത വിഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് . എന്നാൽ മാതാവിന്റെ വേർപാട് ഒരു കുഞ്ഞിന്റെ ജീവനു പോലും ഭീഷണിയാകുമെന്ന് ഇത്തരം സംഭവങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഇനിയും എത്രയോ അതിദിമാരും ആഷിഖുമാരും വാർത്തകളിൽ പ്രത്യക്ഷപ്പെടാതെ ക്രൂരതകളും പീഡനങ്ങളും ഏറ്റു വാങ്ങി ജീവിതം മുന്നോട്ട് നീക്കുന്നത് നാമാരും അറിയുന്നേയില്ല.
യത്തീമിന്റെ ഗണത്തില്‍ നിന്നും ഇത്തരം കുട്ടികളെ ഇനിയെങ്കിലും മാറ്റി നിര്‍ത്താതെ അര്‍ഹമായ അവകാശങ്ങള്‍ അവരുടെ കുടുംബത്തില്‍ നിന്നും നേടികൊടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മുടെ അയല്പക്കങ്ങളിലുള്ള കുട്ടികളുടെയെന്കിലും ജീവിതത്തെ കുറിച്ച് ഇടവിട്ട ഒരന്വേഷണം നടത്താന്‍ നമുക്ക് സാധ്യമായാല്‍ കുറെയേറെ അതിദിമാരുടെയും ആഷിഖുമാരുടെയും ജീവിതം രക്ഷിക്കുവാന്‍ കഴിയുമെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല .