Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Monday, December 30, 2013

മരണം തേടി വരുമ്പോൾ


ഞാൻ സ്കൂൾ  വിദ്യാർഥിയായിരുന്ന   കാലം മുതൽക്കേ എന്റെ പിതാവ് ഒരു ആസ്ത്മാ രോഗിയായിരുന്നു . ഓരോ മഴക്കാലത്തും  ഒരിക്കലെങ്കിലും ഉപ്പയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരിക പതിവായിരുന്നു. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്    ഒരിക്കൽ  ഉപ്പയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. അക്കാലത്ത് വണ്ടൂരിന്റെ ചുറ്റുവട്ടത്തുള്ളവർക്ക് ആശ്രയിക്കാനുണ്ടായിരുന്ന പ്രധാന ആതുരാലയമായിരുന്ന, 'സാഹിബിന്റെ ആശുപത്രി' എന്നറിയപ്പെട്ടിരുന്ന 'കരുണാലയ ഹോസ്പിറ്റലി'ലാണ് ഉപ്പയെ അഡ്മിറ്റ്‌ ചെയ്തത്.  ഉമ്മയുടെ കൂടെ രാത്രി ആശുപത്രിയിൽ ഉപ്പയ്ക്ക് കൂട്ടിനിരിക്കാൻ ആ പ്രാവശ്യം ഭാഗ്യം കിട്ടിയത് എനിക്കായിരുന്നു .
വല്ലാതെ തണുത്തു വിറപ്പിക്കുന്ന  കോരിച്ചൊരിയുന്ന മഴയുള്ള ജൂലായ് മാസമാണ്. മഗ്രിബു നമസ്കാര ശേഷമാണ് രണ്ടു പേർക്കുമുള്ള ഭക്ഷണവുമായി ഞാൻ ആശുപത്രിയിലെത്തിയത്.  ഭക്ഷണം ഉമ്മയെ ഏൽപിച്ചു ഉപ്പയോട് സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു  വാർഡിലുള്ള  കട്ടിലുകളിലൊക്കെ വെറുതെ ഒന്നു കണ്ണോടിച്ചു . മഴക്കാലമായതിനാൽ ആശുപത്രി കിടക്കകൾ എല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. സർക്കാർ ആശുപത്രികളെ പോലെ വരാന്തയിൽ പോലും രോഗികൾ കിടക്കുന്നുണ്ട്. ഒരു പക്ഷെ അക്കാലത്ത് സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾക്ക്  സൗജന്യവും മികച്ചതുമായാണ് ഈ ആശുപത്രി പ്രവർത്തിച്ചിരുന്നത് എന്നതാകാം ഇത്രയേറെ അവിടെ തിരക്കുണ്ടാകാനുള്ള കാരണം . എന്റെ ഉപ്പയുടെ  തൊട്ടടുത്തുള്ള ബെഡിൽ കിടക്കുന്നത് ആസ്ത്മാ രോഗി തന്നെയായ  കേവലം അഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു  കൊച്ചു ബാലനാണ്. ആരെയും ആകൃഷ്ടനാക്കാൻ മാത്രം ഓമന മുഖമുള്ള ഒരു സുന്ദരക്കുട്ടൻ .ആ വാർഡിൽ മുഴുവൻ ഓടി കളിക്കാൻ വേണ്ടി കട്ടിലിൽ നിന്നും താഴെയിറങ്ങാൻ  ഇടക്കിടക്കവൻ  ശ്രമിക്കുന്നുണ്ട്.  ഗൾഫുകാരന്റെ മകനായ അവനു കൂട്ടിന്  ഉമ്മയും അനുജത്തിയും മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അവനെ കട്ടിലിൽ കിടത്താൻഅവന്റെ അവന്റെ ഉമ്മ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു .  

രോഗിക്ക് കൂട്ടിനിരിക്കുന്ന ആണുങ്ങൾ എല്ലാവരും സാദാരണ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം  വരാന്തയിലാണ്. ഞാൻ ഉടനെ എന്റെ ബർത്ത് ഉറപ്പിക്കാൻ വരാന്തയിലേക്ക് പോയി. ആശുപത്രിയിലെ കൂട്ടിനിരുപ്പ് പലപ്പോഴും വല്ലാത്ത വിരസതയുണ്ടാക്കും. എന്നാൽ വിലപ്പെട്ട പല ജീവിതാനുഭാവങ്ങളും അത്തരം സന്ദർഭങ്ങളിൽ നമുക്ക് ലഭിക്കാറുണ്ട്. നമുക്ക് നൽകപ്പെട്ട കണക്കറ്റ അനുഗ്രഹങ്ങളെയും ജീവിത സൌഭാഗ്യങ്ങളെയും കുറിച്ച് ഒരുപക്ഷേ നമ്മെ ബോധാവാന്മാരാക്കാൻ അവിടെയേതെങ്കിലുമൊരു കട്ടിലിൽ കിടക്കുന്ന ഒരു രോഗി മതിയാകും. നിറഞ്ഞു കിടക്കുന്ന ആശുപത്രി കിടക്കകളിലെ നരക യാതനകൾ ഇടക്കിടക്കെങ്കിലും നമ്മളൊന്നു  കാണേണ്ടതുമുണ്ട് .

 പുറത്തു തിമർത്തു പെയ്യുന്ന മഴയെയും നോക്കി വരാന്തയിൽ  നിൽക്കുമ്പോഴാണ് അകത്തു നിന്നും ആ കുഞ്ഞിന്റെ  ഉമ്മയുടെ കരച്ചിൽ കേട്ടത്. വാർഡിൽ പോയി നോക്കുമ്പോൾ ഒരിറ്റു ശ്വാസത്തിനു വേണ്ടി ആ കുഞ്ഞു കിടന്നു പിടയുകയാണ് . ഇത്ര പെട്ടെന്ന് ഈ കുഞ്ഞിനെന്തു പറ്റി എന്നു ഞങ്ങളെല്ലാവരും പരസ്പരം ചോദിച്ചു. ഒക്സിജൻ സിലിണ്ടറുമായി  ഓടി വന്ന ഡോക്ടറും നഴ്സുമാരും അവിടെ സജീവമായി  .അവരുടെ പരിശ്രമത്തിന്റെ ഫലമായി അവനല്പം ആശ്വാസം കിട്ടി തുടങ്ങി . എന്നാൽ ഒക്സിജൻ ട്യൂബ് അവനു വല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട് . അതെടുത്തു മാറ്റാൻ  അവൻ കരഞ്ഞു പറയാനും തുടങ്ങി. അപ്പോഴെല്ലാം ഡോക്ടർ വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ തലോടി അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി  " മോനെ , എല്ലാം ഇപ്പോ സുഖാവുട്ടോ '.

കുറച്ചു സമയത്തെ കരച്ചിലിനു ശേഷം അവൻ   പെട്ടെന്ന്  കരച്ചിൽ നിർത്തി    അരികിൽ നിൽക്കുന്ന    ഡോക്ടറോട് അവൻ തിരിച്ചു   പറഞ്ഞു " എല്ലാം സുഖാവും  ". കരച്ചിലൊക്കെ നിർത്തി അവന്റെ മുഖം സന്തോഷമാകാൻ തുടങ്ങി.  എല്ലാവരോടും അവൻ  സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.  ചുവന്ന കണ്ണുകളുമായി ദുഖത്തോടെ അവനെതന്നെ നോക്കിയിരിക്കുന്ന ഉമ്മയെ അവൻ ആശ്വസിപ്പിച്ചു  " ഉമ്മാ ..എല്ലാം ഇപ്പൊ സുഖാകും ". വാർഡിലെ ബെഡുകൾക്കരികിൽ കളിച്ചു നടക്കുന്ന കുഞ്ഞു പെങ്ങളെ അവൻ അടുത്തേക്ക് വിളിച്ചു .ഉമ്മ അവളെ എടുത്തു കൊണ്ടു വന്നു അവന്റെ കവിളിൽ ഒരുമ്മ കൊടുപ്പിച്ചു .അവൻ അവളുടെ കൈ പത്തിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു "മോളൂ ..കാക്കൂനു ഇപ്പൊ സുഖാവുട്ടോ ". "ഉപ്പ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുല്ലേ ഉമ്മാ " എന്നുകൂടെ അവൻ ചോദിക്കാൻ മറന്നില്ല . ഇളയുപ്പ മിഠായി കൊണ്ടു വരുമ്പോൾ അനുജത്തിക്ക്  അവന്റെ വകയായി ഒന്നു കൂടി കൊടുക്കാനും  അവൻ ഉമ്മയെ ഏല്പിച്ചു. അവർ തമ്മിൽ  പിന്നെയും എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയപ്പോൾ  ഡോക്ടറും നഴ്സുമെല്ലാം തിരിച്ചു പോയി . ഞാനും അവിടെ നിന്ന് വരാന്തയിലേക്കിറങ്ങി .

പുറത്ത് മഴ  അപ്പോഴും തിമർത്തു പെയ്യുകയാണ്. മുറ്റത്തെ വലിയ മാവിൽ  നിന്നും  ഇളം തളിരിലകൾ വരെ  ഇടക്കിടക്ക് വരാന്തയിലേക്ക് കാറ്റിന്റെ കൂടെ പറന്നു വന്നു കൊണ്ടിരുന്നു. തണുപ്പ് സഹിക്കാൻ കഴിയാതെ വരുന്നുണ്ട്. ഇന്നെങ്ങിനെ ഈ വരാന്തയിൽ കിടന്നുറങ്ങാൻ പറ്റും എന്നതായിരുന്നു എന്റെ ചിന്ത.   കൈകൾ   പരസ്പരം  കൂട്ടി   പിടിച്ചു വരാന്തയിലൂടെ നടക്കുന്നതിനിടയിലാണ് ആ ഉമ്മയുടെ അലർച്ച വീണ്ടും  കേട്ടത് . അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കൂടെ ഞാനുംഅങ്ങോട്ട്‌ ഓടി. പെട്ടെന്നൊരു നിമിഷത്തിൽ ആ കുഞ്ഞിന്റെ ശ്വാസം നിലച്ചിരിക്കുന്നു . ഓടിയെത്തിയ  ഡോക്ടറും നഴ്സുമാരും അവന്റെ ശ്വാസം തിരിച്ചു കൊണ്ടുവരുവാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു . ആ ഇളം പൈതലിന്റെ നെഞ്ചിൽ ഡോക്ടർ ശക്തിയായി ഇടിച്ചു കൊണ്ടിരുന്നു . പക്ഷെ അവന്റെ ചലനമറ്റ ശരീരം പ്രതികരിച്ചില്ല . പുഞ്ചിരിതൂകുന്ന  ഓമന മുഖം ആ ഉമ്മയുടെ കണ്മുന്നിൽ ബാകി  വെച്ചു കൊണ്ട് അവന്റെ ആത്മാവ് ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി  വിട പറഞ്ഞു കഴിഞ്ഞിരുന്നു .


മരണമെന്ന യാഥാർത്ഥ്യത്തെ ആർക്കാണ് നിഷേധിക്കാൻ സാധിക്കുക?. മരണവേദന  നമ്മെ തേടിവരുമ്പോൾ  പ്രായമോ പദവിയോ ഇളവിനുള്ള മാനദണ്ടമാകില്ല. പണ്ഡിതനും പാമരനും കറുത്തവനും വെളുത്തവനും ധനികനും ദരിദ്രരും എല്ലാം മരണത്തിനു മുൻപിൽ തുല്യർ മാത്രം. തന്റെ ഉല്പന്നങ്ങൾക്ക് മിനിമം ഗാരന്റി ഉറപ്പു നല്കുന്ന മനുഷ്യന് തന്റെ ജീവനു ശരീരത്തിന്  ഒരു നിമിഷത്തേക്കെങ്കിലും ഗാരന്റി നൽകാൻ സാധ്യമല്ല തന്നെ  .എന്നിട്ടും ഞാനും നിങ്ങളും ഓടുന്നത് നാളേക്ക് വേണ്ടിയാണ്. നമ്മുടെ സഹോദരനായ മറ്റൊരു മനുഷ്യനെ നിന്ദിക്കുന്നതും ആക്രമിക്കുന്നതും വഞ്ചിക്കുന്നതുമെല്ലാം നമ്മുടെ നാളേക്ക് വേണ്ടി വേണ്ടി മാത്രമാണ് . എന്നാൽ  ആ നാളെ നമുക്കുണ്ടാകുമോ ? അതേസമയം മറ്റൊരു നാളെ നമുക്ക് വരാനുണ്ടെന്ന് നാം ഓർക്കാറുമില്ല . മരണശേഷം തന്റെ സൃഷ്ടാവിന്റെ മുമ്പിൽ ഇഹലോക ജീവിതമെന്ന 'പരീക്ഷാ പേപ്പറു'മായി  നിൽക്കേണ്ടി വരുന്ന ആ നാളെയെ കുറിച്ച്  ഞാനും നിങ്ങളും ബോധവാന്മാരാണോ ? അമീറുൽ മുഅ്മിനീൻ  ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ എത്ര മഹത്തരം! “നിങ്ങള്‍ നിങ്ങളെ സ്വയം വിചാരണ ചെയ്‌തുകൊണ്ടിരിക്കുക. നിങ്ങള്‍ യഥാര്‍ഥത്തില്‍ വിചാരണ ചെയ്യപ്പെടുന്നതിന്‌ മുമ്പ്‌. നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തൂക്കിനോക്കുകയും ചെയ്യുക. അവ തൂക്കിക്കണക്കാക്കപ്പെടുന്നതിന്‌ മുമ്പ്‌. തീര്‍ച്ചയായും ഇന്ന്‌ നിങ്ങള്‍ ചെയ്യുന്ന സ്വയം വിചാരണ നാളെ വരാനിരിക്കുന്ന പാരത്രിക വിചാരണയെ നിങ്ങള്‍ക്ക്‌ എളുപ്പമുള്ളതാക്കിമാറ്റും".

Photos : Google