Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Monday, November 11, 2013

യുവാക്കളും സോഷ്യൽ മീഡിയയും

വിവരസാങ്കേതിക വിദ്യ അതിന്റെ  ഏറ്റവും അത്യുന്നതിയിൽ നില്ക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത് .ഞൊടിയിടയിൽ ആശയ വിനിമയം സാധ്യമാകുന്ന രീതിയിൽ സോഷ്യൽ മീഡിയകളിലൂടെ   ഭൂമിലോകത്തെ  നാം ഒരു 'ആഗോള ഗ്രാമ'മായി  ചുരുക്കി കൂട്ടിയിരിക്കുകയാണ് .'മാധ്യമമാണ് സന്ദേശം 'എന്ന മാധ്യമ രംഗത്തെ പ്രസിദ്ധമായ  നിരീക്ഷണം മാർഷൽ മാക്‌ ലൂഹന്റെതാണ് . സന്ദേശ വിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം ആ സന്ദേശത്തെയും  അതിന്റെ ഉള്ളടക്കത്തെയും  നിർണയിക്കും എന്നാണു അദ്ദേഹം ഉദ്ദേശിച്ചത് .മാക്‌ലൂഹൻ 1964 -ൽ ഈ ഒരു നിരീക്ഷണം നടത്തുമ്പോൾ  ടെലിവിഷനാണ് സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരുന്നത്  .എന്നാൽ ഈ സൈബര്‍കാലഘട്ടത്തിൽ  ഈ നിരീക്ഷണം ഏറ്റവും ഉചിതമാകുന്നത് സോഷ്യൽ മീഡിയകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് .

തങ്ങൾക്ക് പറയാനുള്ളത് പൊതുജനങ്ങളെ കേൾപ്പിക്കാൻ ഭരണ കൂടങ്ങൾക്കും മീഡിയ കമ്പനികൾക്കും വലിയ സംഘടനകൾക്കും മാത്രം സാധ്യമായിരുന്ന ഒരു കാലം  ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളോടെ അവസാനിച്ചു കഴിഞ്ഞു . അതു കൊണ്ട്  തന്നെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ബദലായി സോഷ്യൽ മീഡിയകൾ അതിന്റെ പ്രസക്തിയും പ്രാധാന്യവും ഉൾകൊണ്ടു  കൊണ്ട് സമൂഹത്തിൽ അത്ഭുതാവഹമായ  സ്ഥാനം നേടിയെടുത്തിട്ടുണ്ട്   .ദൃശ്യ ശ്രാവ്യ പ്രിന്റെഡ്‌ വാർത്താ മാധ്യമങ്ങൾക്ക് ഒരു മുഴം മുന്നേ സഞ്ചരിക്കുന്ന സോഷ്യൽ മീഡിയകൾ  ഫേസ് ബുക്കും ,ട്വിറ്ററും , യൂ ട്യൂബും ബ്ലോഗുമെല്ലാം ചേർന്ന സ്വന്തം പ്രസാധനാലയങ്ങളാണ് . ഓരോ അംഗങ്ങളും  സോഷ്യൽ മീഡിയയിൽ ഓരോ  ജേർണലിസ്റ്റുകളാണ് . തനിക്ക് താല്പര്യമുള്ള വാർത്തകളും ദൃശ്യങ്ങളും ലോകത്തോട് പറയാൻ ഒരാളുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. കൃത്യവും വസ്തുനിഷ്ടവുമായ വാർത്തകളും ചിത്രങ്ങളും യാതൊരു പക്ഷപാതവുമില്ലാതെ കൈമാറാൻ സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌ .അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്ന നേർകാഴ്ചകൾ അവഗണിക്കാൻ സാധിക്കാത്ത വിധത്തിൽ പ്രസക്തവും ശക്തവുമാകുന്നത് .കലാപങ്ങളുടെയും അക്രമങ്ങളുടെയും വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ വളച്ചൊടിക്കുമ്പോൾ ജനങ്ങൾ  തങ്ങളുടെ മൊബൈലിലും മറ്റും പകർത്തിയെടുക്കുന്ന യഥാർത്ഥ ദൃശ്യങ്ങളെ എങ്ങിനെ അവഗണിക്കാൻ സാധിക്കും ?.

ജനാധിപത്യത്തിന്റെ നാലാം സ്തംഭമായി കരുതപ്പെടുന്ന  വാർത്താ മാധ്യമങ്ങള്‍ രാഷ്ട്രീയ പാർട്ടികളുടെയും സര്‍ക്കാരുകളുടെയും തിണ്ണനിരങ്ങികളും അവരുടെ പൊള്ളത്തരങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കും  മറ പിടിക്കുന്നവരുമാകുമ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളും വിവരങ്ങളും പൊതു സമൂഹത്തിലെത്തിക്കാന്‍ ഇന്നു നമുക്ക്‌  ലഭ്യമായ ഏറ്റവും നല്ല മാധ്യമങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ . സോഷ്യൽ മീഡിയയിലൂടെ പൊതുജനത്തിന്റെ മുന്നിൽ സജീവ ചർച്ചാ വിഷയമായ വാർത്തകളും സംഭവങ്ങളും വിപ്ലവങ്ങളും വളരെയേറെയുണ്ട് . ഷാഹിന രാജീവ്‌ , കേരളത്തിലെ അറിയപ്പെടുന്ന ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്നു . തെഹല്‍ക .കോം എന്ന സമാന്തര  മാധ്യമത്തിനു വേണ്ടി മഅദനി  കേസിലെ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തു  എന്ന ഒരൊറ്റ കാരണത്താല്‍ കര്‍ണാടക സര്‍ക്കാര്‍ അവര്‍ക്ക് നേരെ കേസെടുക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരെന്നു പറയുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം വാര്‍ത്തകളില്‍ പരാമര്‍ശിക്കുക പോലുമുണ്ടായില്ല . എന്നാല്‍ ഈ വിഷയം ഒരു സജീവ ചര്‍ച്ചാ വിഷയമാക്കി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക്‌ കൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതായിരുന്നു .അറബ് ജനതയുടെ അധികാര കേന്ദ്രങ്ങളോടുള്ള  അടക്കി പിടിച്ച അമർഷം അറബ് വസന്തമായി സ്വേച്ഛാധിപത്ത്യത്തിന്റെ കടപുഴക്കിയപ്പോളും  മുഖ്യ ചാലക ശക്തി ഫേസ് ബുക്കായിരുന്നു എന്നു നമുക്കെല്ലാവർക്കുമറിയാം . ദൽഹിയിലെ റയ്സിന കുന്നിൽ ഇന്ത്യൻ യുവത്വം പ്രതിഷേധത്തിന്റെ അലയൊലികൾ തീർത്തതും ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും അതിരില്ലാത്ത ആശയ വിനിമയ  സാധ്യതകളിൽ കൂടിയായിരുന്നു .മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട ഒരു ചെറിയ കൂട്ടായ്മ ഫേസ് ബുക്കിലൂടെ നടത്തിയ ആഹ്വാനം മൂലമാണ് ലോക വ്യാപാര കേന്ദ്രമായ ലിബർട്ടി  പ്ലാസയിലേക്ക് ഒരു കൂട്ടം യുവാക്കൾ ഇരച്ചു കയറിയത്  .അസമിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കലാപം ആദ്യമായി പുറത്തു കൊണ്ടു വന്നതും നവ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു . ചുരുക്കത്തിൽ കേവലം സൌഹൃദ ബന്ധങ്ങൾ കൂട്ടിയിണക്കാൻ എന്ന രീതിയിൽ സ്ഥാപിതമായ സോഷ്യൽ മീഡിയ സൈറ്റുകൾ അത്ഭുതാവഹമായ വിപ്ലവങ്ങൾ സാധ്യമാക്കിയതാണ് കഴിഞ്ഞ കാലങ്ങളിൽ  ലോകം കണ്ടത് .എന്നാൽ ലക്ഷ്യബോധമില്ലാത്ത ഒരാൾകൂട്ടത്തിന്റെ ആവേശം മാത്രമായും സോഷ്യൽ മീഡിയയിലെ പ്രക്ഷോഭങ്ങൾ മാറാറുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു കൊണ്ട് ഫേസ് ബുക്കിൽ രൂപപ്പെട്ട പ്രക്ഷോഭങ്ങളുടെ പര്യവസാനം എങ്ങിനെയായിരുന്നു എന്ന് നമുക്കറിയാം . അതു പോലെ തന്നെ അറബ് വസന്തം അധികാര മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അറബ് രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും നാം വിലയിരുത്തേണ്ടതുണ്ട് .

ഏറെ ദോഷ വശങ്ങൾ ആരോപിക്കപ്പെടുന്നതുമാണ്   സോഷ്യൽ മീഡിയ എങ്കിലും ഈ മേഖലയിൽ നിന്നും തീർത്തും  വിട്ടു നിൽക്കുക എന്ന സമീപനം സ്വീകരിക്കുന്നത് അങ്ങേയറ്റത്തെ അബദ്ധം എന്നു തന്നെ പറയേണ്ടി വരും . എന്നാൽ ജീവിതത്തിലെ വിലപ്പെട്ടതും   പരമ പ്രധാനവുമായ നമ്മുടെ സമയം ചാറ്റ് ബോക്സുകളിലും മെസഞ്ചറുകളിലും ചിലവഴിക്കുക എന്നതല്ല ഇതർത്ഥമാക്കുന്നത് . സോഷ്യൽ മീഡിയയുടെ സ്വാധീനത്താൽ ലോകതൊന്നാകെ കുടുംബബന്ധങ്ങൾ താറുമാറാകുകയും  വിവാഹ മോചനങ്ങൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന ഒരു യാഥാർത്ത്യവും മറച്ചു വെക്കുന്നില്ല  . മറിച്ച് , സോഷ്യൽ മീഡിയ ഇന്നത്തെ  സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായി ആശയ, ആദർശ പ്രചാരണങ്ങക്കും സമൂഹ നന്മക്കും വേണ്ടി  എങ്ങിനെ ഇടപെടാൻ സാധിക്കും എന്നതായിരിക്കണം ഓരോരുത്തരും ചിന്തിക്കേണ്ടത് .ആദ്യ കാലത്ത്‌ യുവാക്കള്‍ മാത്രം കടന്നു വന്നിരുന്ന  സോഷ്യല്‍ മീഡിയയിലേക്ക് പതിയെ പതിയ മുതിര്‍ന്നവരും കടന്നു വന്നിരിക്കുന്നു എങ്കിലും ഇന്നും ഈ മേഖലയിലെ ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിയുന്നത്  യുവാക്കള്‍ക്കു തന്നെയാണ് . അതു കൊണ്ടു തന്നെ അസാന്മാര്‍ഗികവും അശ്ലീലതയും നിറഞ്ഞ രൂപത്തില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും സൗകര്യങ്ങളും താരതമ്യേന വളരെ കൂടുതലുമാണ്. പ്രലോഭനങ്ങളും പ്രകോപനങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ വളരെയേറെയാണ്  എന്നതിനാല്‍ അങ്ങേയറ്റം  കരുതലോടെ മാത്രം ഇടപഴകേണ്ട ഒരു മേഖല കൂടിയാണ് സോഷ്യൽ മീഡിയകൾ  .

മീഡിയകൾ സന്ദേശത്തിന്റെ ഉള്ളടക്കവും ശൈലിയും തീരുമാനിക്കുമെന്നു പറയുമ്പോൾ തുറന്ന മനസ്സുള്ളവരും മുൻ വിധിക്കാരും മുഖ ചിത്രങ്ങൾ ഉള്ളവരും ഇല്ലാത്തവരും അനുകൂലികളും പ്രതികൂലികളും അടങ്ങുന്ന മഹാ ലോകത്തേക്ക്  ഇട്ടു കൊടുക്കുന്ന ആശയങ്ങളും വിവരണങ്ങളും ഉള്ളടക്കം കൊണ്ടു മാത്രമല്ല ശൈലികൊണ്ടും നമ്മുടെ  വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണം എന്നതാണ് .പരസ്പരം കാണുന്നില്ലെങ്കിലും നമ്മുടെ സൌമനസ്യവും ഗുണകാംക്ഷയും പരസ്പര ബഹുമാനവും അന്യരുടെ ക്ഷേമത്തിലുള്ള താല്പര്യവും പരസ്പരം പങ്കുവെക്കുവാൻ പുതു മാധ്യമങ്ങളുടെ മുഴുവൻ സാധ്യതകളും നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട് .സ്വന്തം കമന്റുകളും പോസ്റ്റുകളും  തുടങ്ങി സോഷ്യൽ മീഡിയയിലെ നമ്മുടെ മുഴുവൻ പ്രവത്തനങ്ങളും വ്യക്തിത്വത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുക . ചുരുക്കത്തിൽ ,ഒരു കീ ബോർഡും മോണിട്ടറും മാത്രമാണ് നമ്മുടെ മുമ്പിലുള്ളതെങ്കിലും തിരക്കേറിയ ഒരു നാൽകവലയിൽ നിന്നു കൊണ്ട് അത്യുച്ചത്തില്‍ വിളിച്ചു പറയുന്നതിനു  തുല്യമാണ് സോഷ്യൽ മീഡിയയിലെ  ഓരോ ചലനങ്ങളും എന്ന വസ്തുത നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടതുണ്ട് .

മറ്റു മാധ്യമങ്ങളിൽ ഇടമില്ലാതാകുന്ന വ്യക്തികൾക്കും  വിഭാഗങ്ങൾക്കും മുന്നിൽ വാതിൽ തുറന്നു കിടക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നത്  . സമത്വത്തിന്റെ ഒരു പ്രതീതി അവിടെ നിലനില്ക്കുകയും ആശയ പ്രകാശനത്തിനു ഇടനല്കുകയും ചെയ്യുന്നുണ്ട് .അതേസമയം കടുത്ത പക്ഷപാതവും വിഭാഗീയതയും അവിടെയും ഒരു ചെറിയ അളവിൽ നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ത്യമാണ്. ഒളിച്ചു നിൽക്കുന്നവരിലെ മര്യാദയില്ലായ്മ ഒരു കരുത്തായി കരുതുന്നവർ ഏറെയാണ്‌ .ഇത്തരക്കാരുടെ കാരണത്താലാണ്  ചട്ടവും വ്യവസ്ഥയും ഏർപ്പെടുത്താനെന്ന വ്യാജേന ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരിൽ കടുത്ത നടപടികൾ എടുക്കാൻ സർക്കാരുകൾ മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്   .ഭരണ കൂടങ്ങൾ നവ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വഴി തേടുമ്പോൾ ജനാധിപത്യ മെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ അരാജകത്വവും അഴിഞ്ഞാട്ടവുമാണ് നടക്കുന്നതെങ്കിൽ അതില്ലാതാക്കുന്നത് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്ന അനന്ത സാധ്യതകളെയാണ് .മറ്റെല്ലാ മേഖലയിലെന്ന പോലെ തന്നെ സഹിഷ്ണുതയുടെയും പക്വതയുടെയും മാതൃകകളാകാൻ ഇവിടെയും നമുക്ക് സാധിക്കേണ്ടതുണ്ട് .രൂക്ഷമായ വർഗ്ഗീയ പോസ്റ്റുകളും കമന്റുകളും  നമ്മുടെ  രക്തത്തെ ചൂടു പിടിപ്പിച്ചേക്കാം . എന്നാലും അവയോടെല്ലാം മാന്യമായി പ്രതികരിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട് . അതുമല്ലെങ്കിൽ മൌനം പാലിക്കാനെങ്കിലും .

സ്വമേധയാ ചില പെരുമാറ്റ ചട്ടങ്ങൾ  പാലിക്കുവാൻ ഓരോരുത്തരും മുന്നോട്ട് വന്നാൽ സോഷ്യൽ മീഡിയയിലെ നമ്മുടെ പ്രവർത്തനങ്ങൾ മാന്യവും മാത്രുകാപരവുമാക്കി മാറ്റുവാൻ  നമുക്ക് സാധിക്കും  .മറ്റുള്ളവർ സോഷ്യൽ സൈറ്റുകളിൽ പോസ്റ്റു ചെയ്യുന്നവയുടെ നിജസ്ഥിതിയും കൃത്യതയും മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്ന സ്വഭാവത്തിൽ നിന്നും നാമോരോരുത്തരും വിട്ടു നിൽക്കേണ്ടതുണ്ട് .കലാപങ്ങളും സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ഷയർ ചെയ്യുന്നതിൽ അങ്ങേയറ്റത്തെ സൂക്ഷമത പാലിക്കാൻ നമുക്ക് കഴിയണം .പൊതുവായതും സ്വകര്യമായതുമായ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വിവേകപരമായി  പോസ്റ്റ്‌ ചെയ്യുകയും ഷയർ ചെയ്യുകയും ചെയ്യുക  എന്നത് സോഷ്യല്‍ മീഡിയയില്‍ വളരെ പ്രധാനമാണ് . തന്റെ സുഹൃത്തിന്റെ സ്വകാര്യമായതും എന്നാൽ അദ്ദേഹത്തിൻറെ സുഹൃത്ത് വലയത്തിലേക്കായി മാത്രം പോസ്റ്റ്‌ ചെയ്യപ്പെട്ടതുമായ കാര്യങ്ങൾ നാം ഒരിക്കലും മറ്റൊരാൾക്കായി ഷയർ ചെയ്തു പോകരുത്  . നമ്മുടെ  പോസ്റ്റുകളിലെ  ഓരോ കാര്യങ്ങളും വസ്തുതാപരമായി നമുക്ക്‌ സ്ഥാപിക്കാൻ കഴിയുന്നവയും  ഓരോ വിമർശനപരമായ കമന്റുകള്‍ക്കും ന്യായവും വസ്തുനിഷ്ടവുമായ അടിസ്ഥാനമുള്ളവയും ആകാൻ  നാം അതിയായ ശ്രദ്ദ പുലർത്തേണ്ടതുണ്ട്  .  .ഏതെന്കിലും ഒരവസ്ഥയില്‍ നമുക്ക്  തെറ്റു പറ്റിയെങ്കിൽ ഉടനടി ആ  തെറ്റ് തിരുത്താൻ തയാറാവുക എന്നത് ഒരു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിന്റെ വിശ്വാസ്യതയും സല്‍പേരും വര്‍ദ്ധിപ്പിക്കുന്നതായിരിക്കും എന്നത് തീര്‍ച്ചയാണ്  . ലോകത്തെല്ലായിടത്തും എന്ന പോലെ ഇന്ന് ഫേസ് ബൂക്കിലും ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടക്കുന്നത് ഇസ്ലാമും ഇതര മതങ്ങളും അല്ലെങ്കില്‍ ഇസ്ലാമും യുക്തിവാദവും തമ്മിലാണ് . എന്നാല്‍ ഈ വേദികളിലെല്ലാം ഇസ്ലാമിന്റെ ബാനറില്‍ പ്രത്യക്ഷപ്പെടുന്നവരിൽ നിന്നു  പോലും മറ്റുള്ളവരെ പോലെ അതല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി കൂടി കടന്നു കൊണ്ട്  ആക്രോശങ്ങളും ചീത്ത വിളികളും നടത്തുന്ന കമന്റുകളാണ് ഉണ്ടാകുന്നത്  എന്നത് എത്രമാത്രം ദുഖകരമാണ് . എന്നാൽ  ഈ മേഖലയിലെല്ലാം കടന്നു ചെല്ലുവാനും ഇസ്ലാമിന്റെ  സഹിഷ്ണുതയുടെയും , സത്യത്തിന്റെയും ,  സന്മാര്‍ഗത്തിന്റെയും മുഖം ഇതര മതസ്ഥര്‍ക്ക്‌ മുമ്പില്‍ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്  .ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയതയും തീവ്രവാദവും പ്രോല്‍സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പൊതു സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടു വരുവാനും തെറ്റിദ്ധാരണകള്‍ നീക്കി സൌഹാര്‍ദ്ദത്തിന്റെ , സമാധാനത്തിന്റെ പൊന്‍വെളിച്ചം പൊതു സമൂഹത്തിലേക്ക് പകർന്നു നൽകുവാനും  സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടേണ്ടതുണ്ട്  .

ഏറ്റവും സംക്ഷിപ്തമായി പറഞ്ഞാൽ മറ്റെല്ലായിടങ്ങളിലുമെന്നപോലെ സോഷ്യല്‍ മീഡിയയിലും  നാം ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും നമ്മൾ ഉത്തരവാദികളാണ് .അക്കാരണത്താല്‍ തന്നെ  നമ്മുടെ ചെയ്തികളുടെ നിയമപരമായ വശങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്  .അന്യരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നിവയ്ക്കെല്ലാം നിയമ പരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നു എല്ലാവരും മനസ്സിലാക്കേണ്ടത് പരമ പ്രധാനമാണ് .വളരെയേറെ  പ്രവാസികൾ  സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്ന  വാർത്തകൾ സൂചിപ്പിക്കുന്നത് അന്യരാജ്യത്തിരുന്നു കൊണ്ട് സോഷ്യൽ മീഡിയകളിൽ എന്തും ചെയ്യാം എന്ന ധാരണ പ്രവാസികളിലെ ഒരു വിഭാഗത്തിനുണ്ട് എന്നതാണ് .അച്ചടി മാധ്യമങ്ങൾക്ക് ബാധകമായ നിയമങ്ങളെക്കാൾ പതിൻമടങ്ങ്‌ കർക്കശമാണ്  ഐ ടി ആക്ടിലെ വകുപ്പുകൾ എന്ന് ഓരോ ലോഗിൻ ക്ളിക്കിലും  ഓർമ വരുന്നത് നന്നായിരിക്കും .

***'ഫോകസ് ജിദ്ദ'യുടെ 'യുവാക്കളും സോഷ്യൽ മീഡിയയും 'എന്ന സെമിനാറിനു  വേണ്ടി തയ്യാറാക്കിയത് ****
ചിത്രങ്ങൾ : ഗൂഗിൾ 

Sunday, November 3, 2013

ഒരു ഇക്കിളി പീഡനവും കുറെ മാധ്യമങ്ങളും

രാവിലെ ഓഫീസിലെത്തി ഓണ്‍ലൈൻ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോഴാണ് ആ വാർത്ത ആദ്യമായി കാണുന്നത്.'ശ്വേതാ മേനോൻ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു'. പീഡനം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്  ആദ്യം കടന്നു വരുന്നതു എന്താണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളക്കരയിൽ കു(?)പ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയായതിനാൽ തന്നെ ഇവരെയും പീഡിപ്പിക്കുകയോ എന്ന സംശയത്തോടെയാണ്  വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടന്നത് .അപ്പോഴാണ്‌ സംഭവത്തിന്റെ ഏകദേശ രൂപം മനസ്സിലാകുന്നത് . കേരളപ്പിറവി ദിനത്തിൽ കൊല്ലത്തൊരു വള്ളം കളി നടക്കുന്നു . പ്രത്യേക ക്ഷണിതാവായി ഈ വ്യക്തി പരിപാടിയിൽ പങ്കെടുക്കുന്നു. സംഭവ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ കാറിൽ വെച്ചും വേദിയിൽ വെച്ചും അവർ പീഡിപ്പിക്കപ്പെട്ടത്രേ . കുറെയൊക്കെ ബോൾഡ് ആണെന്നും  ഒരു സാദാരണ പെണ്‍കുട്ടിയേക്കാൾ ധൈര്യവതിയുമാണ്‌ ഈ നടി എന്നാണു ഞാൻ കരുതിയിരുന്നത് . എന്തായാലും വൈകുന്നേരം ചാനലുകളിൽ ആണത്രേ ഈ പീഡന വിവരം ആദ്യമായി വിളിച്ചു പറയുന്നത് .ഒരു സിനിമാ കഥപോലെ കുറച്ചു സസ്പൻസ് കൊണ്ടുവരുവാനും ബോധപൂർവം ശ്രമിച്ചു എന്നാണ് കേൾക്കുന്നത്. ആരാണ് പീഡനം നടത്തിയതെന്നു ആദ്യം പറഞ്ഞില്ല . ഫ്ലാഷ് ന്യൂസിനു വകയില്ലാതെ വായും പൊളിച്ചിരിക്കുന്ന മാധ്യമങ്ങൾക്ക് കിട്ടിയതോ നല്ലൊരു അവസരം. പിന്നെ അവരുടെ വക അന്വേഷണങ്ങളായി , ചർച്ച കളായി . അവസാനം കണ്ടു പിടിച്ചിരിക്കുന്ന പ്രതിയോ?  ചില്ലറക്കാരനല്ല . ഒരു കോണ്ഗ്രസ് എം.പി .

കോണ്ഗ്രസ് എം .പി പീഡിപ്പിക്കുന്നു എന്നതിനു മാധ്യമങ്ങൾ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങൾ ഏകദേശം എല്ലാവരും കണ്ടിരിക്കും. ആ ദൃശ്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് ഒരു ജനകൂട്ടത്തിനുള്ളിൽ സാദാരണയായി ഉണ്ടാകാൻ സാധ്യതയുള്ള ചില കൂട്ടി മുട്ടലുകളല്ലാതെ മറ്റെന്താണ്?. ഇനി ഇതിനപ്പുറം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തിരിഞ്ഞു നിന്നു സുനന്ദ പുഷ്കർ പണ്ടു തിരുവനന്തപുരത്തു ചെയ്തപോലെ ചെകിടടച്ചു ഒരടി വെച്ചു കൊടുക്കാൻ കഴിയാത്തത്ര അബലയായിരുന്നോ ഈ 'പീഡിപ്പിക്കപ്പെട്ടവൾ'?. അതു ചെയ്യാനുള്ള തന്റേടം കാണിക്കാതെ എല്ലാം കഴിഞ്ഞു വീട്ടിൽ  പോയി ഈ വിഷയത്തിന്റെ നല്ല മാർകെറ്റിങ്ങ് സാധ്യത മനസ്സിലാക്കികൊണ്ട്  കാമറ കണ്ണുകൾക്ക് മുൻപിലിരുന്നു പരാതി പറയുന്നവരെ കുറിച്ചു എന്താണ് പറയുക.'അവള്‍ ഒന്നു ഉറക്കെ  കരഞ്ഞിരുന്നെന്കില്‍ , ഒന്നു ഒച്ച  വെച്ചിരുന്നെങ്കില്‍ ' എന്ന അന്തരിച്ച  സിനിമാ നടന്‍ സോമന്റെ ഒരു ഡയലോഗ് പോലെ പരസ്യമായി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ 'താര 'മാകുമായിരുന്നു .

                                                      വീഡിയോ കാണാത്തവര്‍ക്ക് ഇവിടെ കാണാം 

ഈ വിഷയം ആഘോഷിക്കുന്ന മാധ്യമങ്ങളോടും  സോഷ്യൽ മീഡിയ ആക്ടിവിസ്ടുകളോടും  ഒരു രണ്ടു വാക്ക് കൂടി പറഞ്ഞോട്ടെ. ശ്വേതാ മേനോൻ മാത്രമല്ല കേരളത്തിൽ സ്ത്രീയായിട്ടുള്ളത്. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്ത തരത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്. എന്നാല്‍ ഇവിടെ ഒരു രാഷ്രീയകാരന്റെ പേരുള്ളതിനാൽ നല്ല മാർക്കറ്റ് കിട്ടുമെന്ന ഒരൊറ്റ കാരണത്താൽ മാത്രം ഈ വിഷയം കുടുംബ സദസ്സുകൾക്കു മുൻപിൽ വീണ്ടും വീണ്ടും ഇക്കിളി വാർത്തകളായി വിളമ്പുന്നവർ, രണ്ടു ദിവസം മുന്പ് മാതാവിന്റെ കാമ ഭ്രാന്തിന്റെയും  അഴിഞ്ഞാട്ടത്തിന്റെയും ഇരയായി ,  ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും  തലക്കടിയേൽക്കുകയും ചെയ്തു   വിരിയുന്നതിനു മുൻപ് കൊഴിഞ്ഞു പോകേണ്ടി വന്ന ഒരു പിഞ്ചു പൈതലിന്റെ വാർത്തയുടെ കവറേജ് എത്രയായിരുന്നു. അതുപോലെ ഒരു കൂട്ടം മദ്യപാനികൾ  ഒരു വീട്ടമ്മയെ നഗനയാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിനു എത്രത്തോളം പ്രാധാന്യമുണ്ടായി നിങ്ങളുടെ വാർത്താ ബുള്ളറ്റിനുകളിൽ?. നിരന്തരമായ മാധ്യമ ചർച്ചകൾ ഈ വിഷയങ്ങളില്‍ നിങ്ങൾ നടത്തിയിരുന്നോ? 

തെറ്റു ചെയ്തവര്‍ ആരുതന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. അത് ജനപ്രതിനിധികളോ സമൂഹത്തിനു മത്രുകയാവേണ്ടവരോ ആണെങ്കില്‍ അവര്‍ കഠിനമായ ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട് . എന്നാല്‍ കേവലം ഒരു പെണ്ണിന്റെ വാക്കു കൊണ്ടു മാത്രം ഒരാളെ കുറ്റാരോപിതനാക്കുന്ന നിലവിലെ സമ്പ്രദായത്തില്‍ നിന്നും മാധ്യമങ്ങളും പൊതു സമൂഹവും പിന്തിരിയാന്‍ തയാറാവണം  . കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയും എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കല്‍ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. അനാവശ്യ ബഹളങ്ങളിലും ചര്‍ച്ചകളിലുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും താല്പര്യമുള്ളത്. സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും   ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .









Tuesday, September 24, 2013

പതിനാറിന്റെ ഒരു പൊല്ലാപ്പ്


മുസ്ലിം പെണ്‍കുട്ടികളുടെ പതിനാറിലെ വിവാഹം  ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ് . സോഷ്യൽ നെറ്റ് വർക്കുകളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമാണ് മുസ്ലിം പെണ്‍കുട്ടികളുടെ  വിവാഹം .അനുകൂലമായും പ്രതികൂലമായും ചർച്ചകൾ പുരോഗമിക്കുന്നു . വാർത്താ മാധ്യമങ്ങളിൽ തത്സമയ ചർച്ചകളും പ്രത്യേക ഇന്റർവ്യൂകളും അരങ്ങു തകർക്കുന്നു .നിരത്തുകളിൽ പ്ലക്കാർഡുകളുമേന്തി പിഞ്ചു കുഞ്ഞുങ്ങൾ പോലും റാലികൾ തുടങ്ങിയിരിക്കുന്നു . വിവാദം  പതിനാറിൽ നിന്നും ശൈശവ വിവാഹത്തിൽ എത്തി നില്ക്കുന്നു എന്നതാണ് ഏറ്റവും അവസാനത്തെ റിപ്പോർട്ട് 
.
മുസ്ലിം സമുദായത്തിലെ പരസ്പരം കടിച്ചു കീറികൊണ്ടു തന്നെ മുന്നോട്ട് നീങ്ങുന്ന എല്ലാ (?)സംഘടനാ നേതാക്കളും ഒന്നിച്ചിരുന്നു കൊണ്ടു മുസ്ലിം പെണ്‍കുട്ടികൾക്ക് പതിനാറു വയസ്സിൽ വിവാഹിതരാകാൻ നിയമത്തിന്റെ ഇളവു അനുവദിക്കണമെന്നു   രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി നല്കാൻ തീരുമാനിച്ച വാർത്തയാണല്ലോ ഇപ്പോഴത്തെ ഈ പുകിലുകൾകൊക്കെ നിദാനം . തികച്ചും സാമൂഹ്യമായ ചില അനിവാര്യ സാഹചര്യങ്ങളിൽ  പതിനെട്ടു തികയാത്തവരുടെ വിവാഹങ്ങൾക്ക് നിയമ  പ്രാബല്യം ലഭ്യമാക്കുക എന്ന  സദുദ്ദേശത്തോടെ എടുത്ത ഈ തീരുമാനത്തെ ശൈശവ വിവാഹം പ്രോൽസാഹിപ്പിക്കുവാനുള്ള തീരുമാനം എന്ന രീതിയിലാണ് ഏറ്റവും അവസാനം സൈബർ പോരാളികൾ  കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് .

 മുസ്ലിം പെണ്‍കുട്ടികളെ നിർബന്ധമായും പതിനാറിൽ വിവാഹം കഴിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സമുദായത്തിൽ നിന്നും ബഹിഷ്കരണം നേരിടേണ്ടി വരുമെന്നുമുള്ള  ഒരു തീരുമാനം മുസ്ലിം സംഘടനകൾ പാസ്സാക്കിയിരിക്കുന്നു എന്ന രീതിയിലാണ്  പല ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നത് .എന്നാൽ പതിനാറു വയസ്സിൽ ഉഭയകഷി സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലാത്ത ഒരു രാജ്യത്താണ് നമ്മുടെ മക്കൾ വളർന്നു കൊണ്ടിരിക്കുന്നത് എന്നത് എല്ലാ സമുദായാംഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട് .കേവലം ഹൈസ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടികൾ പോലും പ്രണയ ബന്ധരാകുകയും അവിഹിത വേഴ്ച്ചകൾക്ക് വിധേയമായി ഗർഭിണികളാകുന്നതുമായ വാർത്തകൾ ഇന്നു നമുക്ക് അത്ഭുതമുളവാക്കുന്നവയല്ല . ഇത്തരം ചതിയിൽ അല്ലെങ്കിൽ അബദ്ധത്തിൽ  പെട്ട ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവർക്ക് വിവാഹിതരാകാൻ നിയമം അനുവദിക്കുന്നില്ല എന്നത് എത്രത്തോളം നീതികേടാണ്‌ ?.ഈ ഒരു  സാഹചര്യം കൂടി   കണക്കിലെടുത്തു കൊണ്ടാണ് മുസ്ലിം സമുദായ നേതാക്കൾ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത് . പതിനാറിലെ വിവാഹത്തിനു നിയമ സാധുത നല്കുന്നത്  ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെങ്കിൽ പതിനാറു കഴിഞ്ഞവർക്ക് ഉഭയ സമ്മതപ്രകാരം ലൈഗിക ബന്ധമാവാമെന്ന കോടതി വിധി ബാലവേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതാണെന്ന രൂപത്തിൽ  ആരെങ്കിലും ചർച്ച ചെയ്യുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്തതായി കണ്ടില്ല . പോസ്റ്റുകളും സ്റ്റാറ്റസ് മെസ്സേജുകളും ഫേസ് ബുക്കിൽ നിറയുന്നതും കണ്ടിരുന്നില്ല .ഈ വിഷയത്തിൽ സമുദായ നേതാക്കളുടെ നെഞ്ചത്തു കയറുന്ന മുസ്ലിം സഹോദരന്മാരുടെ വീര്യവും ഇതു മായി ബന്ധപ്പെട്ടു കാണാൻ കഴിഞ്ഞിരുന്നില്ല .

മുസ്ലിം സംഘടനകൾ  ആവശ്യപ്പെടുന്ന ഇളവുകൾ അനുവദിച്ചാൽ അവ ദുരുപയോഗപ്പെടും എന്നു വാദിക്കുന്നവരും വിരളമല്ല . എന്നാൽ വിവാഹത്തിനൊരു പ്രത്യേക പ്രായം എന്നതിനപ്പുറം പ്രസ്തുത കരാറിൽ ഏർപ്പെടുന്ന വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യവും പക്വതയും അതോടൊപ്പം അവരുടെ പൂർണമായ താല്പര്യവും സമ്മതവും ഉറപ്പു വരുത്താൻ വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു സാധിക്കുന്നു എങ്കിൽ ദുരുപയോഗത്തിനും ചൂഷണങ്ങൾക്കും വിവാഹ കമ്പോളത്തിൽ സ്ഥാനമുണ്ടാകുകയില്ല .അതാണ്‌ പ്രകൃതി മതമായ ഇസ്ലാം നിഷ്കർഷിക്കുന്നതും. ഇസ്ലാം വിവാഹത്തിനു ഒരു പ്രത്യേക പ്രായം നിർണയിച്ചില്ല എന്നത് കൊണ്ട് തന്നെ അതു കാല ദേശ വ്യത്യാസമന്യേ സ്വീകാര്യമാകുന്നു . പ്രത്യേക പ്രായം എന്നതിനപ്പുറം ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയും പക്വതയുമാണ് ഇസ്ലാം വിവാഹത്തിനു യോഗ്യതയായി നിഷ്കർഷിക്കുന്നത് . ഈ അവസ്ഥയിലെത്തിയവരുടെ പൂർണസമ്മതത്തോടെ  അവരെ വിവാഹം കഴിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ കടമയുമാണ്‌ . 

സദുദ്ദേശത്തോടെ കൈകൊണ്ട ഒരു തീരുമാനമെങ്കിലും  അതു പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ അവർക്ക് തെറ്റു പറ്റി എന്നുതന്നെ നമുക്ക് പറയേണ്ടി വരും . കാരണം വിവാദ തീരുമാനത്തിനു നിദാനമായ എല്ലാ  സാഹചര്യങ്ങളും മുസ്ലിം പെണ്‍കുട്ടികളിൽ മാത്രം ഒതുങ്ങി നില്ക്കുന്നവയല്ല  . അത് കൊണ്ടു തന്നെ മറ്റു സമുദായങ്ങളെയും നേതാക്കളെയും കൂടി ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കൂട്ടായ ഒരു തീരുമാനം കൈകൊള്ളുകയും ചെയ്തിരുന്നു എങ്കിൽ ഈ വാർത്ത ഇത്രമാത്രം വിവാദമാകുമായിരുന്നില്ല എന്നത് അവിതർക്കമാണ് .കാരണം ആധുനിക മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ഏറ്റവും പ്രിയങ്കരമായതും  എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാമിനെ അടിക്കാനുള്ള വടി തന്നെയാണല്ലോ .


Tuesday, August 27, 2013

കണ്ണീരു കുടിക്കുന്ന സോദരിമാര്‍



യതീംഖാനയിലെ തന്റെ  കൂട്ടുകാരികളോടൊപ്പം സന്തോഷത്തോടെയും ആവേശത്തോടെയും പത്താം ക്ളാസ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടയില്‍  ജസീലയെ (യഥാര്‍ത്ഥ പേരല്ല ) അവളുടെ ഉമ്മ ഒരു ദിവസം വയനാട്ടിലുള്ള സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോള്‍  അടുത്ത ദിവസം തന്റെ കല്യാണമാണെന്നും തന്റെ പ്രതി ശ്രുത വരന്‍ തന്നേക്കാള്‍ പത്തൊന്‍പത്‌ വയസു കൂടുതലുള്ളയാളാണെന്നും അവളറിഞ്ഞിരുന്നില്ല . രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടു മുന്ബ്‌ ഉമ്മ അവളെ സ്നേഹത്തോടെ അടുത്തിരുത്തി ദാരിദ്ര്യത്തിന്റെയും കല്യാണത്തിനുള്ള സാമ്പത്തിക ബാധ്യതയുടെയും കഷ്ടപാടുകള്‍ നിരത്തിയാണ്   പിറ്റേ ദിവസം  നടക്കാനിരിക്കുന്ന ആ വിവാഹം അവളെ അറിയിക്കുന്നത് . വിവാഹ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാതിരുന്ന അവളുടെ കുഞ്ഞു മനസ്സ് ആ രാത്രിയില്‍ തന്നെ മരവിച്ചു പോയത്രേ. അടുത്ത ദിവസം അസര്‍ നമസ്കാരശേഷമാണ് അബുദാബിയില്‍ എഞ്ചിനീയറായ കന്യാകുമാരിക്കാരനും ബ്രോക്കറും അവളുടെ വീട്ടിലെത്തുന്നതും നിക്കാഹ് നടക്കുന്നതും. നിക്കാഹിനു ശേഷം ഒരാഴ്ച വയനാടന്‍ കുളിരുകൊണ്ട് മണവാളന്‍ അബുദാബിയിലേക്ക്‌ പറക്കുകയും ഒരു വിസിറ്റ് വിസ തരപ്പെടുത്തി  അവളെയും അവിടേക്ക്  കൊണ്ടു പോവുകയും ചെയ്തു. രണ്ടു മാസത്തെ സുഖവാസത്തിനു ശേഷം മണവാളന്‍  അവളെ സ്നേഹത്തോടെ നാട്ടിലേക്ക്‌ തിരിച്ചു വിട്ടു .  തന്റെ പ്രായമുള്ള ഒരു മകളുണ്ട് തന്റെ ഭർത്താവിനു എന്നതുൾകൊള്ളാൻ    ആദ്യം അവൾക്ക്  സാധിച്ചിരുന്നില്ല . എന്നാലും രണ്ടു മാസകാലത്തെ ഒരുമിച്ചുള്ള ജീവിതം അവളുടെ മനസ്സിൽ അയാളോട് വല്ലാത്തൊരു അടുപ്പവും സ്നേഹവുമുണ്ടാക്കി. ഏറെ പ്രതീക്ഷയോടെയും വിരഹ വേദന കലർന്ന സന്തോഷത്തോടെയും അവൾ തിരിച്ചു പോന്നു . പക്ഷേ , പിന്നീട് ഒരു പ്രാവശ്യം പോലും അയാളെ കാണാനോ ഒന്നു സംസാരിക്കുവാൻ പോലുമോ ആ പാവം പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല . ഏകദേശം ഒരു മാസത്തിനു ശേഷം കിട്ടിയ ത്വലാഖ്‌ കത്തു വായിച്ചു പൊട്ടി കരഞ്ഞു കൊണ്ടിരുന്ന അവളെ ഉമ്മ സമാധാനിപ്പിച്ചുവത്രേ  "എന്തായാലും ഒരു പത്തു പവന്‍ മഹറെങ്കിലും കിട്ടിയല്ലോ ...അതുമില്ലായിരുന്നെന്കില്‍ ഇപ്പൊ എന്തായിരുന്നു നമ്മുടെ അവസ്ഥ?".

ഫേസ് ബൂക്കിലൂടെ  പരിചയപ്പെട്ട ഒരു കൂട്ടുകാരിയുടെ കഥയാണ് ഞാന്‍ നിങ്ങളുമായി പങ്കു വെച്ചത് . സ്വന്തം കുടുംബം എല്ലാം  അറിഞ്ഞു കൊണ്ട്, ഭാര്യയും തന്റെ പ്രായമുള്ള കുട്ടികളുമുള്ള ഒരാള്‍ക്ക് തന്നെ വിവാഹം ചെയ്തു കൊടുക്കുമ്പോൾ ചില സാമ്പത്തിക നേട്ടമല്ലാതെ അവൾക്കൊരു നല്ല ജീവിതമൊന്നും മുന്നിൽ കണ്ടിരുന്നില്ലെന്ന് പതിയെ അവൾക്ക് മനസ്സിലായി .  അതറിഞ്ഞപ്പോള്‍ അവള്‍ പിന്നീട് ആ വീട്ടില്‍ നിന്നില്ല . തന്നെ വളര്‍ത്തി വലുതാക്കിയ യതീം ഖാനയിലേക് തിരിച്ചു പോരുകയും അവിടെ പഠനം തുടര്‍ന്ന്‍ ഇന്നു അവിടെ തന്നെ ജോലി ചെയ്തു സ്വന്തമായി ജീവിക്കുകയാണ്  ആ  പെണ്‍കുട്ടി .

ഈയടുത്ത്   കോഴിക്കോട് യതീം ഖാനയില്‍ വെച്ചു നടന്ന വിവാദമായ അറബി കല്യാണത്തിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. വിവാഹ കമ്പോളത്തിലെ സമ്പത്തിന്റെ അതി പ്രാധാന്യമാണ് ഇത്തരം സംഭവങ്ങളില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്. ദരിദ്രരായ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര അപ്രാപ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.  പ്രായമായി വരുന്ന പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്ന എത്രയോ രക്ഷിതാക്കള്‍ ഇന്നും  നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട് . പെണ്മക്കളെ ഒരു വലിയ ബാധ്യതയായി കാണുന്നവരാണവർ.   അവരുടെ ഹൃദയങ്ങളെയാണ് മൈസൂര്‍ വിവാഹ ബ്രോക്കര്‍മാരും അറബി കല്യാണത്തിലെ ബ്രോക്കര്‍മാരും വലയിട്ടു പിടിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയേടത്തോളം ഒന്നിലധികം പെണ്മക്കളുള്ള രക്ഷിതാക്കളാണ് ചെറു പ്രായത്തില്‍ തന്നെ ധനികരായ രണ്ടാം കെട്ടുകാര്‍ക്കും അറബികള്‍ക്കും തങ്ങളുടെ മക്കളെ പിടിച്ചു കൊടുക്കുന്നത് .അതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് കുടുംബത്തിന്റെ കരകയറ്റവും താഴെയുള്ള പെണ്‍മക്കളുടെയെങ്കിലും നല്ല രീതിയിലുള്ള  വിവാഹവുമാണ്‌ . എന്നാല്‍ എങ്ങിനെയെങ്കിലും തങ്ങളുടെ മകളുടെ വിവാഹം നടന്നാല്‍ മതി എന്ന് കരുതുന്ന രക്ഷിതാക്കളും കുറവല്ല.    അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ബാധ്യത നിർവഹണം മാത്രമാണ്. മൈസൂര്‍ കല്യാണത്തിലെ ഒരു ഇരയുടെ പിതാവിനെ വര്‍ഷങ്ങള്‍ക്ക് മുന്ബ്‌ നിലമ്പൂരില്‍ വെച്ചു പരിചയപ്പെട്ടിരുന്നു. ഇത്ര മാത്രം ആളുകള്‍ വഞ്ചിക്കപ്പെട്ട ഈ തട്ടിപ്പില്‍ എങ്ങിനെ നിങ്ങള്‍ അകപ്പെട്ടു എന്ന എന്റെ ചോദ്യത്തിനു എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഞങ്ങളുടെ അവസാനത്തെ പരീക്ഷണമായിരുന്നു  അതെന്നാണു അയാള്‍ മറുപടി പറഞ്ഞത്.

വിവാഹ കമ്പോളത്തിലെ എക്കാലത്തെയും വില്ലന്‍ സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് തന്നെയാണ്. കേരളക്കരയില്‍  പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന  ബോധവല്‍കരണ പ്രവർത്തനങ്ങളുടെ ഫലമായി വളരെയേറെ മാറ്റങ്ങള്‍ ഈ വിഷയത്തില്‍ നമ്മുടെ സമൂഹത്തില്‍  പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും വിവിധ തരത്തിലും തലത്തിലും  ഇത് നിലനില്‍ക്കുന്നുണ്ട്. ദരിദ്രരായ പെണ്‍കുട്ടികള്‍ അവരെത്ര വിദ്യാഭാസവും സൌന്ദര്യവും ഉള്ളവരായാലും വിവാഹ മാര്‍ക റ്റില്‍ കുടുംബ സ്വത്തിന്റെ കുറവു കൊണ്ടു മാത്രമായി  പിൻതള്ളപ്പെടുന്ന എത്രയോ സംഭവങ്ങൾ നമ്മുടെയിടയിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീധനമെന്ന ഈ സാമൂഹ്യ ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുന്നവരില്‍ അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും ഉള്‍പ്പെടുന്നുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല .  സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്ന ഒരു ചെറുപ്പക്കാരനെ സഹായിക്കുവാൻ മനസ്സുള്ളവർ നമ്മളിൽ എത്ര പേരുണ്ടാകും?. എന്നാല്‍ സ്തീധനമില്ലാത്ത  വിവാഹമാണെങ്കിലും ഒരു പെണ്‍കുട്ടിയുടെ കുടുംബത്തിനു എന്തെങ്കിലും സഹായം നല്‍കാതെ തിരിച്ചു പോരാന്‍ നമുക്ക്‌ ചെറുതായെങ്കിലും ഒരു മടിയുണ്ടാകും എന്നതാണ് വസ്തുത . ഇസ്ലാമില്‍ സ്തീയുടെ കുടുംബത്തിനു വിവാഹപരമായി യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ല എന്നു വ്യക്തമായി മനസ്സിലക്കിയവര്‍ക്കു പോലും ഇങ്ങനെ  പ്രവര്‍ത്തിക്കേണ്ടി വരുന്ന  ഒരു സാമൂഹ്യ ചുറ്റുപാടാണ് ഇന്നു നിലവിലുള്ളത് . ഈ അടുത്തകാലത്തായി  വളരെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ യാതൊരു സാമ്പത്തിക വ്യവസ്ഥകളും ഇല്ലാതെ ഒരു ചെറുപ്പക്കാരന്‍ വിവാഹം കഴിക്കുകയുണ്ടായി . വരന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുള്ള ആവശ്യങ്ങളും  ഇല്ലാതിരുന്നിട്ടും പെണ്‍കുട്ടിയുടെ പിതാവ് തന്റെ കുട്ടിക്കു സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്നതിനു വേണ്ടി മറ്റുള്ളവരുടെ സഹായം തേടി നടക്കുന്ന ഒരു പിതാവിനെ  ഈയിടെ കാണുകയുണ്ടായി . ആ നല്ല ചെറുപ്പക്കാരന്റെ വലിയ മനസ്സിനെ സമൂഹത്തിന്റെ മുൻപിൽ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ നാം നിരുൽസാഹപ്പെടുത്തിയേ തീരൂ .

ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വം സമൂഹം തിരസ്കരിക്കുന്നതും  വിവാഹ വഞ്ചനകള്‍ നടക്കുന്നതിനു കാരണമാകുന്നു എന്നത്  ഒരു യതാർഥ്യമാണ് . വളരെ ആതമാര്‍ത്ഥമായി രണ്ടാം  വിവാഹം കഴിക്കുന്നവര്‍ പോലും സ്വന്തം കുടുംബത്തിന്റെ ഭീഷണിക്കു മുന്പില്‍ ത്വലാഖ് ചൊല്ലേണ്ടി വരുന്ന  ഗതികേട്‌ നിലവിലുണ്ട്.  വ്യക്തിപരമായി നേരിട്ടറിയാവുന്ന രണ്ടു പെണ്‍കുട്ടികളുടെ വിവാഹ സ്വപനങ്ങൾ പൊലിഞ്ഞത് അവരുടെ   ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങൾക്ക് രണ്ടാം വിവാഹത്തോടുള്ള ശക്തമായ എതിര്‍പ്പ്  കൊണ്ടുമാത്രമായിരുന്നു. ബഹുഭാര്യത്വം ആരിലും അടിച്ചേല്പിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ അല്ല . മറിച്ച് , വളരെയേറെ പ്രതികൂലമായ ചർച്ചകൾ ഈ സംവിധാനത്തിനെതിരെ നടക്കുന്നുവെങ്കിലും രണ്ടാം വിവാഹത്തിനു തയ്യാറാക്കുന്ന ആണും പെണ്ണും ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് സത്യമാണ് . തട്ടിപ്പ് വീരന്മാരാണ് ഈ മേഖലയിൽ കൂടുതലെങ്കിലും ആത്മാർഥതയും സത്യസന്ധതയുമുള്ളവരും നന്മ ഉദ്ദേശിച്ചുകൊണ്ട് മാതം ബഹുഭാര്യത്വം സ്വീകരിക്കുന്നവരുണ്ട് . എന്നാൽ അവരും സമൂഹത്തിന്റെ അവഗണനക്കും പരിഹാസത്തിനും വിധേയരാകുന്നത് ഉചിതമാണോ എന്നതും ചർച്ച ചെയ്യേണ്ടതുണ്ട് . തന്റെ  ഭാര്യമാരോടും മക്കളോടും സാമ്പത്തികമായും ശാരീരികമായും മാനസികമായും നീതി പുലര്‍ത്താന്‍ കഴിയുന്മെന്നുറപ്പുള്ളവർക്ക് പരസ്യമായി തന്നെ  രണ്ടാം വിവാഹബന്ധത്തിൽ  ഏര്‍പ്പെടാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ടെങ്കിൽ ഈ രംഗത്തുള്ള ചതിക്കുഴികൾ ഒട്ടേറെ ഒഴിവാക്കുവാൻ സാധിക്കുമെന്നാണ് എന്റെ വ്യക്തിപരമായ വീക്ഷണം .








Wednesday, July 17, 2013

ആഷിഖ് , നീ തിരിച്ചു വരില്ലേ?


പ്രവാസ ജീവിതത്തിനിടയിൽ ഒട്ടു മിക്ക നാടുകളിൽ നിന്നുമുള്ള കുടുംബങ്ങളെ  പാർക്കുകളിലും കടൽ തീരത്തും  കാണാൻ സാധിച്ചിട്ടുണ്ട് .  ഇവരിൽ മലയാളികൾ ഒഴികെയുള്ള ഒട്ടുമിക്ക ആളുകളും സ്വന്തം മക്കളെ സ്വതന്ത്രമായി വിട്ടുകൊണ്ട് സ്വസ്ഥമായി സൊറപറഞ്ഞും മറ്റു വിനോദങ്ങളിൽ  ഏർപ്പെട്ടുമിരിക്കും . കുട്ടികൾ വീഴുകയോ അടിപിടി കൂടുകയോ മറ്റു സാഹസങ്ങൾ കാണിക്കുകയോ ചെയ്യുന്നതൊന്നും  അവർ അത്ര ഗൌനിക്കാറെയില്ല. എന്നാൽ നമ്മൾ മലയാളികൾ അങ്ങിനെയല്ല , സ്വന്തം മക്കളെ കുറിച്ച് വളരെയധികം ആധിയുള്ള ആളുകളാണ് . നാം എന്തു പ്രവർത്തിയിൽ എർപ്പെട്ടാലും ഒരു കണ്ണ് എല്ലായ്പ്പോഴും നമ്മുടെ കുട്ടികളിലായിരിക്കും . മറ്റു രാജ്യക്കാരായ കുഞ്ഞു മക്കൾ തെന്നി തെന്നി കടൽ കരയിലും പാർകിലുമൊക്കെ നടക്കുന്നതും വീഴുന്നതും  കാണുമ്പോൾ  പോലും നമ്മൾ മലയാളികളുടെ നെഞ്ചു അറിയാതെ ഒന്നു പിടക്കും . അതാണു  ഈ വിഷയത്തിൽ മലയാളികളുടെ   പൊതുവേയുള്ള ഒരു പ്രത്യേകത .

എന്നാൽ മലയാളികളുടെ നെഞ്ചു പിളർത്തുന്ന തരത്തിലുള്ള വാർത്തകളാണ് ഈ അടുത്ത കാലത്തായി നാം കേട്ടുകൊണ്ടിരിക്കുന്നത് . കോഴിക്കോട് നിന്നുള്ള അതിധി എന്ന കൊച്ചു പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും  പട്ടിണിക്കിട്ടു പീഡിപ്പിച്ചു കൊന്ന വാർത്ത നമ്മുടെ മനസ്സിൽ നിന്നും മായുന്നതിനു മുൻപേ ഇതാ ആഷിഖ് എന്ന പിഞ്ചു ബാലൻ  സ്വന്തം പിതാവിനാലും രണ്ടാനമ്മയാലും തല തല്ലിപ്പൊളിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്നു( സർവ ശക്തനായ നാഥാ ..ആ കുഞ്ഞിനെ എത്രയും പെട്ടെന്നു ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടു വരേണമേ..ആമീന്) .അവന്റെ മാതാപിതാക്കൾ എന്ന ആ നികൃഷ്ഠ ജീവികൾ , വിരിപ്പിൽ മൂത്രമൊഴിച്ചു പോയെന്ന കാരണത്തിന്  കാലു കൊണ്ടു തൊഴിച്ഛപ്പോൾ  കട്ടിലിൽ തട്ടി തലയ്ക്ക് മാരകമായി മുറിവേറ്റു എന്നാണ് വാർത്തകളിലൂടെ അറിയുന്നത് .രക്തം വാർന്നൊലിച്ചിട്ടും കൃത്യ സമയത്തു ആശുപത്രിയിലെത്തിക്കാൻ പോലും ദയ തോന്നാതിരുന്ന ആ രണ്ടു  ക്രൂരന്മാരെ എതർഥത്തിലാണ് മാതാപിതാക്കൾ എന്നു വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല.    കുഞ്ഞുങ്ങളുടെ നേർക്ക്  കൈയോങ്ങുന്നതുപോലും ശിക്ഷാർഹമാണെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികളിൽ പെട്ടവരാണീ( പേരു കൊണ്ട് അങ്ങിനെ തോന്നി പോകുന്നു ) കാപാലികർ എന്നത് മറ്റൊരു വിഷയം .

രണ്ടാനമ്മമാർ വാഴുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട് എന്നു പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങളുടെയും ഉത്ഭവം ഇത്തരത്തില്‍ തന്നെയുള്ളതാണെന്നു ആര്‍ക്കും ഏളുപ്പം മനസ്സിലാക്കാന്‍ കഴിയും.  രണ്ടാനമ്മമാരുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഉടലെടുക്കുന്നത് ഇത്തരം കുട്ടികളില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന  ചെറിയ അനുസരണക്കേടുകളിൽ നിന്നാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . അതിനെ തുടർന്നു രണ്ടാനമ്മയും പിതാവും നല്കുന്ന ശിക്ഷണമുറകളാണ് ഈ കുട്ടികളും കുടുംബവുമായി അകലാൻ ഇടയാക്കുന്നത് . മാതാവ് മരണപ്പെട്ട കുട്ടിയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന രണ്ടാനമ്മയോടുള്ള പ്രതിഷേധം സ്നേഹമാക്കി മാറ്റുന്നതിനു പകരം അതു ശത്രുതയായി കണക്കാക്കുന്ന രണ്ടാനമ്മയും സ്വന്തം മക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ ഭാര്യയുടെ തലയിണ മന്ത്രങ്ങളിൽ അന്ധമായി അകപ്പെടുന്ന  പിതാക്കന്മാരുമാണ് സ്വന്തം വീടുകളില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരത നല്‍കുന്നത് .

പിതാവ് നഷ്ടപ്പെട്ട കുട്ടികളെയാണ് നമ്മൾ പൊതുവെ യതീം എന്നു പറയാറുള്ളത് . സമൂഹം വേണ്ട രീതിയിൽ  അവരെ സംരക്ഷിച്ചു പോരുകയും ചെയ്യുന്നുണ്ട്.  എന്നാൽ മാതാവ് നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തെ കുറിച്ചു, നാമാരും തന്നെ അന്വേഷിക്കാറില്ല എന്നത് ഒരു വസ്തുതയല്ലേ ?
പിതാവു നഷ്ടമായ ഒരു കുഞ്ഞിനേക്കാൾ ജീവിതം ചോദ്യചിഹ്നമാകുന്നത് , പീഡിതമാകുന്നത് മാതാവ് നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക്‌ തന്നെയാണെന്ന്  അതിദിയുടെയും ആഷിഖിന്റെയും സംഭവങ്ങൾ നമ്മളോട് വീണ്ടും വിളിച്ചു പറയുന്നു. പിതാവിന്റെ വേർപാട്  ഒരു നഷ്ടമാണെങ്കിലും അതു പ്രധാനമായും ബാധിക്കുന്നത് ജീവിത വിഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് . എന്നാൽ മാതാവിന്റെ വേർപാട് ഒരു കുഞ്ഞിന്റെ ജീവനു  പോലും ഭീഷണിയാകുമെന്ന്  ഇത്തരം സംഭവങ്ങളിൽ നിന്നും നമുക്ക്  മനസ്സിലാക്കാം. ഇനിയും എത്രയോ അതിദിമാരും ആഷിഖുമാരും വാർത്തകളിൽ പ്രത്യക്ഷപ്പെടാതെ ക്രൂരതകളും പീഡനങ്ങളും ഏറ്റു വാങ്ങി ജീവിതം മുന്നോട്ട് നീക്കുന്നത് നാമാരും അറിയുന്നേയില്ല. 

യത്തീമിന്റെ ഗണത്തില്‍ നിന്നും ഇത്തരം കുട്ടികളെ ഇനിയെങ്കിലും  മാറ്റി നിര്‍ത്താതെ അര്‍ഹമായ അവകാശങ്ങള്‍ അവരുടെ കുടുംബത്തില്‍ നിന്നും നേടികൊടുക്കാന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്. നമ്മുടെ അയല്പക്കങ്ങളിലുള്ള കുട്ടികളുടെയെന്കിലും ജീവിതത്തെ കുറിച്ച് ഇടവിട്ട ഒരന്വേഷണം നടത്താന്‍ നമുക്ക്‌ സാധ്യമായാല്‍ കുറെയേറെ അതിദിമാരുടെയും ആഷിഖുമാരുടെയും ജീവിതം രക്ഷിക്കുവാന്‍ കഴിയുമെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല .




Saturday, July 13, 2013

റമദാൻ : പരിശീലനത്തിന്റെ നാളുകൾ


മധുരമേറിയതും പ്രോട്ടീനുകൾ കൊണ്ടു സമ്പുഷ്ടവുമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു പ്രാണിയാണല്ലോ തേനീച്ച . തേനീച്ചയെ കുറിച്ചു അറിയാത്തവർ വളരെ വിരളമായിരിക്കും. വളരെ വൃത്തിയുള്ള പശ്ചാത്തലത്തിൽ കൂടു വെച്ചു കൂട്ടത്തോടെ  ഒത്തൊരുമിച്ചു മാത്രം ജീവിക്കുന്ന ഒരു ജീവിയാണ് തേനീച്ച. ഏറ്റവും മനോഹരമായതും  പൂന്തേനുള്ളതുമായ പുഷ്പങ്ങളെയാണ് തേനീച്ചകൾ എല്ലായ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് . എന്നാൽ പ്രത്യക്ഷത്തിൽ തേനീച്ചയുമായി  വലിയ വ്യത്യാസമൊന്നും തോന്നാത്ത പ്രാണികളാണല്ലോ ഈച്ചകൾ . വളരെ വൃത്തി ഹീനമായ ചുറ്റുപാടിൽ വളരുകയും ജീവിക്കുകയും  ഏറ്റവും വൃത്തിഹീനമായവയെയും വ്രണങ്ങളെയും അന്വേഷിച്ചു നടക്കുന്നവയുമാണ് ഈച്ചകൾ . തേനീച്ചകൾ രുചിയേറിയതും ഔഷധ ഗുണമുള്ളതുമായ തേൻ നമുക്കായി സ്വരുക്കൂട്ടുമ്പോൾ ഈച്ചകൾ  മാറാ വ്യാധികൾ പരത്തി നമുക്ക് ഭീഷണിയാകുന്നു .

മനുഷ്യരുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയല്ലേ?. പ്രത്യക്ഷത്തിൽ എല്ലാവരും മനുഷ്യരാണെങ്കിലും ഓരോരുത്തരുടെയും പ്രകൃതവും  പ്രവർത്തനങ്ങളും എത്രയോ വ്യത്യസ്തമാണ്. നല്ല സാമൂഹ്യ  ചുറ്റുപാടിൽ ജീവിക്കുകയും നല്ലതു മാത്രംപറയുകയും, നല്ലതു മാത്രം പ്രവർത്തിക്കുകയും നല്ലതു മാത്രം ചിന്തിക്കുകയും നല്ലതു  മാത്രം താൻ ജീവിക്കുന്ന സമൂഹത്തിനു  നൽകുകയും ചെയ്യുന്ന ഒരു കൂട്ടർ . എന്നാൽ വൃത്തികേടുകൾ  മാത്രം ജീവിതമാക്കുന്ന  മറ്റൊരു വിഭാഗവും മനുഷ്യരുടെ കൂട്ടത്തിൽ തന്നെയുണ്ട്. അവരുടെ പ്രവർത്തനങ്ങളും വാക്കുകളും ചിന്തകളും   എല്ലാം അത്തരത്തിൽ തന്നെയായിരിക്കും. എല്ലായ്പ്പോഴും വിവാദങ്ങളിലും അന്യന്റെ ന്യൂനതകൾ അന്വേഷിക്കുന്നതിലുമാണ് അവർ സന്തോഷം കണ്ടെത്തുന്നത് . വർത്തമാന കാലത്ത് , സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇത്തരക്കാരുടെ ഒരു വലിയ പ്രൊഫൈൽ കൂട്ടം നമുക്ക്  കാണാം. അവർ താൻ വസിക്കുന്ന  സാമൂഹിക ചുറ്റുപാടുകൾ മലീമസമാക്കി കൊണ്ടിരിക്കും . അതു മൂലം ഒരു സമൂഹം ഒന്നടങ്കം തന്നെ  വലിയ വിപത്തുകളെ അഭിമുഖീകരിക്കേണ്ടി വരും . 


മുകളിൽ സൂചിപ്പിച്ച ഈച്ചക്കും തേനീച്ചക്കും അവയുടെ പ്രകൃത്യായുള്ള പ്രത്യേകതകൾ മാറ്റാൻ സാധിക്കില്ല . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഇതര ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യനു തന്റെ പ്രവർത്തികളെ നിയന്ത്രിക്കാൻ കഴിയും എന്നത് ഒരു വലിയ സവിശേഷതയാണ്. മനുഷ്യനു ഏതവസരത്തിലും   ഒരു നല്ല ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയുന്ന ഒരു പ്രകൃതമാണ് സർവ ശക്തൻ  നൽകിയിട്ടുള്ളത് . പക്ഷെ , അതിനു ഓരോരുത്തരും സ്വയം സന്നദ്ധമാകേണ്ടതുണ്ട് . സ്വയം സന്നദ്ധമായിക്കൊണ്ട്  തന്റെ ശരീരവും മനസും മുഴുവനായി സംസ്കരിചെടുത്തു നന്മയുള്ള ഒരു ജീവിതം നയിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള  ഒരു നല്ല  പരിശീലന കളരികൂടിയാണ്   പരിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ടാനം .

റമദാനിലെ നോമ്പ് കേവലം പകൽ  സമയങ്ങളിൽ അന്ന പാനീയങ്ങൾ ഉപേക്ഷിക്കുകയും രാത്രിയിൽ കഴിയുന്നത്ര സുഭിക്ഷമാക്കുകയും ചെയ്യുക എന്നതിനല്ല . മറിച്ച് , സ്വന്തം ശരീരത്തിലെ മുഴുവൻ അവയവങ്ങൾക്കുമുള്ള  ഒരു  കടിഞ്ഞാണിടൽ കൂടിയാണിത് . തന്റെ ഓരോ അവയവങ്ങളെയും  നന്മയിലേക്ക് എങ്ങിനെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന് ഈ പുണ്യ മാസത്തിൽ ഒന്നു പരിശീലിക്കാൻ ശ്രമിച്ചു നോക്കൂ . ഭൂരിപക്ഷം ആളുകളും ഇപ്രകാരം ശ്രമിക്കുകയും അവർക്കതിനു സാധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ റമദാൻ വിട വാങ്ങി കഴിഞ്ഞാൽ നമ്മുടെ ഓരോ അവയവങ്ങളിലുമുള്ള  നിയന്ത്രണം നമ്മിൽ നിന്നും നഷ്ടപ്പെടുന്നു. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് ? നാം സ്വയം സന്നദ്ധനായി ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതും മറ്റൊരാളുടെ കർശന നിർബന്ധത്താൽ പങ്കെടുക്കുന്നതും തികച്ചും വ്യത്യസ്തമല്ലേ? ഏതൊരു പരിശീലനവും സ്വാധീനം നമ്മുടെ ജീവിതത്തിൽ ഉപകരിക്കുന്നത് അതിൽ പങ്കെടുക്കുവാൻ പ്രേരിതമായ നമ്മുടെ  മാനസികാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.  അതു കൊണ്ട്  ഈ റമദാനിലെ നമ്മുടെ പ്രവർത്തനങ്ങൾ ഇസ്ലാം നിർബന്ധമാക്കപ്പെട്ടു എന്നത് കൊണ്ട് മാത്രമാകരുത്. തികഞ്ഞ  ആത്മാർഥതയോടെയും ശുഭപ്രതീക്ഷയോടെ നന്മ കാംക്ഷിച്ചുകൊണ്ടും നമ്മുടെ തുടർ ജീവിതം തികച്ചും ശുദ്ധീകരിക്കപ്പെടണം എന്ന ദൃഡനിശ്ചത്തോടെയും ഈ റമദാനിനെ ആവോളം ആസ്വദിക്കാൻ നമുക്ക് സാധിക്കട്ടെ .