Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, August 27, 2013

കണ്ണീരു കുടിക്കുന്ന സോദരിമാര്‍



യതീംഖാനയിലെ തന്റെ  കൂട്ടുകാരികളോടൊപ്പം സന്തോഷത്തോടെയും ആവേശത്തോടെയും പത്താം ക്ളാസ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടയില്‍  ജസീലയെ (യഥാര്‍ത്ഥ പേരല്ല ) അവളുടെ ഉമ്മ ഒരു ദിവസം വയനാട്ടിലുള്ള സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോള്‍  അടുത്ത ദിവസം തന്റെ കല്യാണമാണെന്നും തന്റെ പ്രതി ശ്രുത വരന്‍ തന്നേക്കാള്‍ പത്തൊന്‍പത്‌ വയസു കൂടുതലുള്ളയാളാണെന്നും അവളറിഞ്ഞിരുന്നില്ല . രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടു മുന്ബ്‌ ഉമ്മ അവളെ സ്നേഹത്തോടെ അടുത്തിരുത്തി ദാരിദ്ര്യത്തിന്റെയും കല്യാണത്തിനുള്ള സാമ്പത്തിക ബാധ്യതയുടെയും കഷ്ടപാടുകള്‍ നിരത്തിയാണ്   പിറ്റേ ദിവസം  നടക്കാനിരിക്കുന്ന ആ വിവാഹം അവളെ അറിയിക്കുന്നത് . വിവാഹ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാതിരുന്ന അവളുടെ കുഞ്ഞു മനസ്സ് ആ രാത്രിയില്‍ തന്നെ മരവിച്ചു പോയത്രേ. അടുത്ത ദിവസം അസര്‍ നമസ്കാരശേഷമാണ് അബുദാബിയില്‍ എഞ്ചിനീയറായ കന്യാകുമാരിക്കാരനും ബ്രോക്കറും അവളുടെ വീട്ടിലെത്തുന്നതും നിക്കാഹ് നടക്കുന്നതും. നിക്കാഹിനു ശേഷം ഒരാഴ്ച വയനാടന്‍ കുളിരുകൊണ്ട് മണവാളന്‍ അബുദാബിയിലേക്ക്‌ പറക്കുകയും ഒരു വിസിറ്റ് വിസ തരപ്പെടുത്തി  അവളെയും അവിടേക്ക്  കൊണ്ടു പോവുകയും ചെയ്തു. രണ്ടു മാസത്തെ സുഖവാസത്തിനു ശേഷം മണവാളന്‍  അവളെ സ്നേഹത്തോടെ നാട്ടിലേക്ക്‌ തിരിച്ചു വിട്ടു .  തന്റെ പ്രായമുള്ള ഒരു മകളുണ്ട് തന്റെ ഭർത്താവിനു എന്നതുൾകൊള്ളാൻ    ആദ്യം അവൾക്ക്  സാധിച്ചിരുന്നില്ല . എന്നാലും രണ്ടു മാസകാലത്തെ ഒരുമിച്ചുള്ള ജീവിതം അവളുടെ മനസ്സിൽ അയാളോട് വല്ലാത്തൊരു അടുപ്പവും സ്നേഹവുമുണ്ടാക്കി. ഏറെ പ്രതീക്ഷയോടെയും വിരഹ വേദന കലർന്ന സന്തോഷത്തോടെയും അവൾ തിരിച്ചു പോന്നു . പക്ഷേ , പിന്നീട് ഒരു പ്രാവശ്യം പോലും അയാളെ കാണാനോ ഒന്നു സംസാരിക്കുവാൻ പോലുമോ ആ പാവം പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല . ഏകദേശം ഒരു മാസത്തിനു ശേഷം കിട്ടിയ ത്വലാഖ്‌ കത്തു വായിച്ചു പൊട്ടി കരഞ്ഞു കൊണ്ടിരുന്ന അവളെ ഉമ്മ സമാധാനിപ്പിച്ചുവത്രേ  "എന്തായാലും ഒരു പത്തു പവന്‍ മഹറെങ്കിലും കിട്ടിയല്ലോ ...അതുമില്ലായിരുന്നെന്കില്‍ ഇപ്പൊ എന്തായിരുന്നു നമ്മുടെ അവസ്ഥ?".

ഫേസ് ബൂക്കിലൂടെ  പരിചയപ്പെട്ട ഒരു കൂട്ടുകാരിയുടെ കഥയാണ് ഞാന്‍ നിങ്ങളുമായി പങ്കു വെച്ചത് . സ്വന്തം കുടുംബം എല്ലാം  അറിഞ്ഞു കൊണ്ട്, ഭാര്യയും തന്റെ പ്രായമുള്ള കുട്ടികളുമുള്ള ഒരാള്‍ക്ക് തന്നെ വിവാഹം ചെയ്തു കൊടുക്കുമ്പോൾ ചില സാമ്പത്തിക നേട്ടമല്ലാതെ അവൾക്കൊരു നല്ല ജീവിതമൊന്നും മുന്നിൽ കണ്ടിരുന്നില്ലെന്ന് പതിയെ അവൾക്ക് മനസ്സിലായി .  അതറിഞ്ഞപ്പോള്‍ അവള്‍ പിന്നീട് ആ വീട്ടില്‍ നിന്നില്ല . തന്നെ വളര്‍ത്തി വലുതാക്കിയ യതീം ഖാനയിലേക് തിരിച്ചു പോരുകയും അവിടെ പഠനം തുടര്‍ന്ന്‍ ഇന്നു അവിടെ തന്നെ ജോലി ചെയ്തു സ്വന്തമായി ജീവിക്കുകയാണ്  ആ  പെണ്‍കുട്ടി .

ഈയടുത്ത്   കോഴിക്കോട് യതീം ഖാനയില്‍ വെച്ചു നടന്ന വിവാദമായ അറബി കല്യാണത്തിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. വിവാഹ കമ്പോളത്തിലെ സമ്പത്തിന്റെ അതി പ്രാധാന്യമാണ് ഇത്തരം സംഭവങ്ങളില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്. ദരിദ്രരായ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര അപ്രാപ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.  പ്രായമായി വരുന്ന പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്ന എത്രയോ രക്ഷിതാക്കള്‍ ഇന്നും  നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട് . പെണ്മക്കളെ ഒരു വലിയ ബാധ്യതയായി കാണുന്നവരാണവർ.   അവരുടെ ഹൃദയങ്ങളെയാണ് മൈസൂര്‍ വിവാഹ ബ്രോക്കര്‍മാരും അറബി കല്യാണത്തിലെ ബ്രോക്കര്‍മാരും വലയിട്ടു പിടിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയേടത്തോളം ഒന്നിലധികം പെണ്മക്കളുള്ള രക്ഷിതാക്കളാണ് ചെറു പ്രായത്തില്‍ തന്നെ ധനികരായ രണ്ടാം കെട്ടുകാര്‍ക്കും അറബികള്‍ക്കും തങ്ങളുടെ മക്കളെ പിടിച്ചു കൊടുക്കുന്നത് .അതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് കുടുംബത്തിന്റെ കരകയറ്റവും താഴെയുള്ള പെണ്‍മക്കളുടെയെങ്കിലും നല്ല രീതിയിലുള്ള  വിവാഹവുമാണ്‌ . എന്നാല്‍ എങ്ങിനെയെങ്കിലും തങ്ങളുടെ മകളുടെ വിവാഹം നടന്നാല്‍ മതി എന്ന് കരുതുന്ന രക്ഷിതാക്കളും കുറവല്ല.    അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ബാധ്യത നിർവഹണം മാത്രമാണ്. മൈസൂര്‍ കല്യാണത്തിലെ ഒരു ഇരയുടെ പിതാവിനെ വര്‍ഷങ്ങള്‍ക്ക് മുന്ബ്‌ നിലമ്പൂരില്‍ വെച്ചു പരിചയപ്പെട്ടിരുന്നു. ഇത്ര മാത്രം ആളുകള്‍ വഞ്ചിക്കപ്പെട്ട ഈ തട്ടിപ്പില്‍ എങ്ങിനെ നിങ്ങള്‍ അകപ്പെട്ടു എന്ന എന്റെ ചോദ്യത്തിനു എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഞങ്ങളുടെ അവസാനത്തെ പരീക്ഷണമായിരുന്നു  അതെന്നാണു അയാള്‍ മറുപടി പറഞ്ഞത്.

വിവാഹ കമ്പോളത്തിലെ എക്കാലത്തെയും വില്ലന്‍ സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് തന്നെയാണ്. കേരളക്കരയില്‍  പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന  ബോധവല്‍കരണ പ്രവർത്തനങ്ങളുടെ ഫലമായി വളരെയേറെ മാറ്റങ്ങള്‍ ഈ വിഷയത്തില്‍ നമ്മുടെ സമൂഹത്തില്‍  പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും വിവിധ തരത്തിലും തലത്തിലും  ഇത് നിലനില്‍ക്കുന്നുണ്ട്. ദരിദ്രരായ പെണ്‍കുട്ടികള്‍ അവരെത്ര വിദ്യാഭാസവും സൌന്ദര്യവും ഉള്ളവരായാലും വിവാഹ മാര്‍ക റ്റില്‍ കുടുംബ സ്വത്തിന്റെ കുറവു കൊണ്ടു മാത്രമായി  പിൻതള്ളപ്പെടുന്ന എത്രയോ സംഭവങ്ങൾ നമ്മുടെയിടയിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീധനമെന്ന ഈ സാമൂഹ്യ ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുന്നവരില്‍ അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും ഉള്‍പ്പെടുന്നുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല .  സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്ന ഒരു ചെറുപ്പക്കാരനെ സഹായിക്കുവാൻ മനസ്സുള്ളവർ നമ്മളിൽ എത്ര പേരുണ്ടാകും?. എന്നാല്‍ സ്തീധനമില്ലാത്ത  വിവാഹമാണെങ്കിലും ഒരു പെണ്‍കുട്ടിയുടെ കുടുംബത്തിനു എന്തെങ്കിലും സഹായം നല്‍കാതെ തിരിച്ചു പോരാന്‍ നമുക്ക്‌ ചെറുതായെങ്കിലും ഒരു മടിയുണ്ടാകും എന്നതാണ് വസ്തുത . ഇസ്ലാമില്‍ സ്തീയുടെ കുടുംബത്തിനു വിവാഹപരമായി യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ല എന്നു വ്യക്തമായി മനസ്സിലക്കിയവര്‍ക്കു പോലും ഇങ്ങനെ  പ്രവര്‍ത്തിക്കേണ്ടി വരുന്ന  ഒരു സാമൂഹ്യ ചുറ്റുപാടാണ് ഇന്നു നിലവിലുള്ളത് . ഈ അടുത്തകാലത്തായി  വളരെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ യാതൊരു സാമ്പത്തിക വ്യവസ്ഥകളും ഇല്ലാതെ ഒരു ചെറുപ്പക്കാരന്‍ വിവാഹം കഴിക്കുകയുണ്ടായി . വരന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുള്ള ആവശ്യങ്ങളും  ഇല്ലാതിരുന്നിട്ടും പെണ്‍കുട്ടിയുടെ പിതാവ് തന്റെ കുട്ടിക്കു സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്നതിനു വേണ്ടി മറ്റുള്ളവരുടെ സഹായം തേടി നടക്കുന്ന ഒരു പിതാവിനെ  ഈയിടെ കാണുകയുണ്ടായി . ആ നല്ല ചെറുപ്പക്കാരന്റെ വലിയ മനസ്സിനെ സമൂഹത്തിന്റെ മുൻപിൽ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ നാം നിരുൽസാഹപ്പെടുത്തിയേ തീരൂ .

ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വം സമൂഹം തിരസ്കരിക്കുന്നതും  വിവാഹ വഞ്ചനകള്‍ നടക്കുന്നതിനു കാരണമാകുന്നു എന്നത്  ഒരു യതാർഥ്യമാണ് . വളരെ ആതമാര്‍ത്ഥമായി രണ്ടാം  വിവാഹം കഴിക്കുന്നവര്‍ പോലും സ്വന്തം കുടുംബത്തിന്റെ ഭീഷണിക്കു മുന്പില്‍ ത്വലാഖ് ചൊല്ലേണ്ടി വരുന്ന  ഗതികേട്‌ നിലവിലുണ്ട്.  വ്യക്തിപരമായി നേരിട്ടറിയാവുന്ന രണ്ടു പെണ്‍കുട്ടികളുടെ വിവാഹ സ്വപനങ്ങൾ പൊലിഞ്ഞത് അവരുടെ   ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങൾക്ക് രണ്ടാം വിവാഹത്തോടുള്ള ശക്തമായ എതിര്‍പ്പ്  കൊണ്ടുമാത്രമായിരുന്നു. ബഹുഭാര്യത്വം ആരിലും അടിച്ചേല്പിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ അല്ല . മറിച്ച് , വളരെയേറെ പ്രതികൂലമായ ചർച്ചകൾ ഈ സംവിധാനത്തിനെതിരെ നടക്കുന്നുവെങ്കിലും രണ്ടാം വിവാഹത്തിനു തയ്യാറാക്കുന്ന ആണും പെണ്ണും ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് സത്യമാണ് . തട്ടിപ്പ് വീരന്മാരാണ് ഈ മേഖലയിൽ കൂടുതലെങ്കിലും ആത്മാർഥതയും സത്യസന്ധതയുമുള്ളവരും നന്മ ഉദ്ദേശിച്ചുകൊണ്ട് മാതം ബഹുഭാര്യത്വം സ്വീകരിക്കുന്നവരുണ്ട് . എന്നാൽ അവരും സമൂഹത്തിന്റെ അവഗണനക്കും പരിഹാസത്തിനും വിധേയരാകുന്നത് ഉചിതമാണോ എന്നതും ചർച്ച ചെയ്യേണ്ടതുണ്ട് . തന്റെ  ഭാര്യമാരോടും മക്കളോടും സാമ്പത്തികമായും ശാരീരികമായും മാനസികമായും നീതി പുലര്‍ത്താന്‍ കഴിയുന്മെന്നുറപ്പുള്ളവർക്ക് പരസ്യമായി തന്നെ  രണ്ടാം വിവാഹബന്ധത്തിൽ  ഏര്‍പ്പെടാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ടെങ്കിൽ ഈ രംഗത്തുള്ള ചതിക്കുഴികൾ ഒട്ടേറെ ഒഴിവാക്കുവാൻ സാധിക്കുമെന്നാണ് എന്റെ വ്യക്തിപരമായ വീക്ഷണം .