Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, January 7, 2014

ന്യൂ ജനറേഷൻ വിവാഹങ്ങൾ






മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ 'മഴവില്ല്' ഇ  മാസികയുടെ ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച എന്റെ  ഒരു ചെറിയ കുറിപ്പ് . മാഗസിൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വിവാഹിതരാകാതെ ആണിനും പെണ്ണിനും സ്വതന്ത്രമായി ജീവിക്കാം എന്ന തത്വം ഒരു മതവും അതിന്റെ അനുയായികളെ പഠിപ്പിക്കുന്നില്ല . മാത്രമല്ല , വിവാഹത്തിലൂടെ മാത്രമേ നല്ലൊരു പിൻ തലമുറയെ വാർത്തെടുക്കാനും ഉത്തമമായ ഒരു സമൂഹത്തെ നിലനിർത്താനും സാധിക്കുകയുള്ളൂ .അതു കൊണ്ടു തന്നെ മനുഷ്യരെ സംബന്ധിച്ചിടത്തോളം വിവാഹം പരമ പ്രധാനവും ഒഴിച്ചു കൂടാൻ പറ്റാത്തതുമാണ്‌  .  ഭൂരിഭാഗം മതങ്ങളും  വിവാഹ കർമങ്ങൾ എങ്ങിനെയായിരിക്കണം എന്നു വ്യക്തമായി പഠിപ്പിക്കുന്നുണ്ട്  . ഓരോ മതത്തിലേയും വിവാഹവുമായി ബന്ധപ്പെട്ട കർമങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അവയെല്ലാം വളരെ ലളിതവും സാമ്പത്തികമായി വലിയ ബാധ്യതകൾ വരുത്തിവെക്കുന്നവയുമല്ല എന്നുള്ളതാണ് . വിവാഹം എല്ലാവർക്കും സധ്യമാകുക എന്നതു തന്നെയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും .


എന്നാൽ ഇന്നു നമ്മുടെ സമൂഹത്തിൽ വിവാഹം ധൂർത്തിന്റെയും കോമാളിത്തരങ്ങളുടെയും വേദിയായി മാറിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ് .സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് തങ്ങളുടെ പൊങ്ങച്ചവും പണക്കൊഴുപ്പും സ്വാധീന വലയങ്ങളും പൊതു ജനത്തിനു മുമ്പിൽ എടുത്തു കാണിക്കാനുള്ള അവസരങ്ങളായി വിവാഹ വേദികൾ മാറിയിട്ടുണ്ട് .ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മേളകളായി അവരത് ആഘോഷിക്കുകയും ഓരോ ചലനങ്ങളും അതി മികവുള്ള കാമറകളിൽ ഒപ്പിയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രദർശിപ്പിക്കുക കൂടി ചെയ്യുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിട്ടുണ്ട് . കേരളം ചിലവേറിയ എക്സോട്ടിക് വിവാഹങ്ങളുടെ വേദിയായി മാറുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത് .കേവലം വിവാഹ ക്ഷണകത്തിനു പോലും ലക്ഷങ്ങൾ ചിലവഴിക്കുന്ന അവസ്ഥയിലേക്ക് മലയാളികളുടെ വിവാഹ വേദികൾ എത്തിയിട്ടുണ്ട് .നാട്ടിൻ പുറങ്ങളിൽ പോലും ഇന്നു വിവാഹങ്ങൾ നടത്തപ്പെടുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനികളിലൂടെയാണ്.  വിവാഹ കർമ വേദികളെ പതിനായിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് തുല്യമാക്കി മാറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .കണ്ണൂരിൽ ഈയിടെയുണ്ടായ ഒരു കല്യാണത്തിൽ ഭക്ഷണം വിളമ്പുന്നിടത്ത് ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാൻ നൂറു കണക്കിന് പോലീസുകാർ വേണ്ടി വന്നു എന്നു പറയപ്പെടുന്നു .മലബാർ വിവാഹങ്ങളിലെ കോമാളിത്തരങ്ങളും കുപ്രസിദ്ധമാണ് . പുത്യാപ്ലമാർക്ക് അകമ്പടി വരുന്നവരുടെ തോന്നിവാസങ്ങൾ മൂലം ചില വിവാഹബന്ധങ്ങൾ മുളയിലേ നുള്ളി കളഞ്ഞ വാർത്തകളും നമ്മളെല്ലാം വായിച്ചവരാണ് .

ഒരു വിഭാഗം ആളുകളുടെ ഇത്തരം ആഭാസങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നാം ചർച്ച ചെയ്യുകയും വിലയിരുത്തുകളും ചെയ്യേണ്ടതുണ്ട് . ഒരു കാലത്ത് സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ കൊണ്ടു വന്ന സ്ത്രീധനമെന്ന ദുരാചാരം എത്രയോ കാലമായി നമ്മുടെ വിവാഹ വേദികളിൽ കൊടികുത്തി വാഴ്ന്നു കൊണ്ടിരിക്കുന്നു .
സാമ്പത്തികമായി കുറെയേറെ സുസ്ഥിതി കൈവരിച്ചവർ ഇതിൽ നിന്നും പിന്മാറി വരുന്നുണ്ട്  എങ്കിലും ഇതിന്റെ കഷ്ട നഷ്ടങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത് പാവപ്പെട്ട  പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്  . കുറെയേറെ പെണ്‍കുട്ടികൾ  വിവാഹം കഴിക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പോൾ അത്രതന്നെ സ്ത്രീധനത്തിനു വേണ്ടി കിടപ്പാടം വിറ്റു അന്തിയുറങ്ങാൻ ഒരത്താണിയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളും ഉണ്ട് .സ്വർണത്തിനു വിവാഹവേദിയിലുള്ള  പ്രാധാന്യം അനുദിനം കൂടുകയല്ലാതെ ഒരിത്തിരി കുറക്കാൻ നമുക്ക് സാധിച്ചിട്ടില്ല .അതു കുറക്കാൻ സ്ത്രീസമൂഹം  തയാറാകും എന്നും തോന്നുന്നില്ല .ഒരു പെണ്‍കുഞ്ഞു ജനിച്ചു വളർന്നു വരുന്ന ഘട്ടത്തിൽ തന്നെ അവളിൽ സ്വർണത്തോടുള്ള ഭ്രമം കൂടി വളർത്തിയെടുക്കുന്ന രക്ഷിതാക്കൾ  തന്നെയാണ് ഇവിടെയും ഉത്തരവാദികൾ എന്നു പ്രത്യേകം പറയേണ്ടതില്ല . വരന്റെ ഭാഗത്തു നിന്നും ഒരിത്തിരി സ്വർണം പോലും ആവശ്യപ്പെട്ടില്ലെങ്കിലും എന്തെങ്കിലും കൊടുക്കേണ്ടതല്ലേ എന്നു ചോദിച്ചുകൊണ്ട് നാട്ടിൽ പിരിവിനിറങ്ങുന്ന രക്ഷിതാക്കൾ പോലും നമ്മുടെ നാടുകളിലുണ്ട് . ഇവിടെ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകൾ കൊണ്ടു വരുന്ന ധൂർത്തും അനാചാരങ്ങളും എത്രത്തോളം സമൂഹത്തിലുള്ള മറ്റു വിഭാഗങ്ങളെയും സ്വാധീനിക്കപ്പെടുന്നു എന്നതാണ് . വളർന്നു വരുന്ന യുവാക്കളും യുവതികളും ഇന്നു സോഷ്യൽ മീഡിയയിലൂടെ കാണുന്ന കല്യാണങ്ങൾ തീർച്ചയായും അവരുടെ സ്വപനങ്ങളെയും ഭാവനകളെയും  സ്വാധീനിക്കും എന്നത് തീർച്ചയാണ് .നാളെ അവരുടെ സ്വപ്നങ്ങൾക്കനുസരിച്ചു വിവാഹ വേദികൾ മെനഞ്ഞെടുക്കാൻ പാവപ്പെട്ട കുടുംബങ്ങൾ നിബന്ധിതമാകുന്ന ഒരു സാഹചര്യമാണ് നമ്മുടെ മുമ്പിൽ വരാനിരിക്കുന്നത് .

ഈയിടെ മാധ്യമശ്രദ്ധ നേടിയ രണ്ടു വിവാഹങ്ങളെ ഇവിടെ പരാമർശിക്കേണ്ടതുണ്ട് . സിനിമാ താരം റിമ കല്ലിങ്ങലിന്റെയും ആഷിക് അബുവിന്റെയും വിവാഹവും യുവ എം .എൽ .എ  ഷാഫി പറമ്പിലിന്റെ വിവാഹവും വളരെ വ്യത്യസ്ഥത നിറഞ്ഞതായിരുന്നു . റിമ -ആഷിക് അബു വിവാഹം നൂറു ശതമാനവും മാതൃകാപരമാണ് എന്നഭിപ്രായപ്പെടാൻ കഴിയില്ല . തീർച്ചയായും വിവാഹങ്ങൾ അവനവന്റെ മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ടു തന്നെയാകണം എന്നാണെന്റെ കാഴ്ചപ്പാട്.   വളരെ കാലം ഒന്നിച്ചു ജീവിച്ചു പിന്നീട് വിവാഹിതരാവുക എന്ന പാശ്ചാത്യ സങ്കല്പത്തോട് ഒരിക്കലും യോജിക്കാനും കഴിയില്ല. എന്നാൽ ധൂർത്തും പൊങ്ങച്ചവും വിവാഹ വേദികളെ മലിനമാക്കികൊണ്ടിരിക്കുന്ന ഈ ചുറ്റുപാടിൽ സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന ഈ ദമ്പതികൾ തങ്ങളുടെ വിവാഹത്തിനു ചിലവാക്കാമായിരുന്ന തുക പാവപ്പെട്ട കാൻസർ രോഗികളുടെ ഒരിത്തിരി ആശ്വാസത്തിനായി സംഭാവന ചെയ്തു എന്ന കാര്യം തീരെ ചെറുതല്ല. അതു പോലെ തന്നെ അന്ധ ദമ്പതികൾക്കായി തന്റെ വിവാഹ ചെലവിനായി മാറ്റിവെച്ച തുകകൊണ്ട് വീടു വെച്ചു നൽകിയ ഷാഫി പറമ്പിലും പൊതു സമൂഹത്തിന്റെ അഭിനന്ദനം അർഹിക്കുന്നുണ്ട് . എന്നാൽ ഇവിടെ രണ്ടു പേരും  വിവാഹ ചിലവിലേക്കായി മാറ്റിവെച്ച തുക എന്നു പരസ്യമായി വിശേഷിപ്പിക്കുമ്പോൾ വിവാഹ ആർഭാടത്തിനായി ഒരു സംഖ്യ ചിലവഴിക്കേണ്ടതുണ്ട് എന്ന ഒരു തെറ്റായ സന്ദേശം കൂടി ഇതിലുൾകൊള്ളുന്നുണ്ട് എന്ന് സൂചിപ്പിക്കാതെ വയ്യ .

സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാനും നന്മയിലധിഷ്ടിതമായ പരിഷ്കാരങ്ങൾ സമൂഹത്തിൽ കൊണ്ടുവരുവാനും മുന്നിട്ടിറങ്ങേണ്ടത് അതാതു കാലത്തെ യുവാക്കളാണ് .യുവ സമൂഹത്തിന്റെ ജീവിത രീതികളിൽ ചലച്ചിത്രങ്ങളുടെയും താരങ്ങളുടെയും സ്വാധീനം ചെറുതല്ല എന്നു നമുക്ക് ബോധ്യമുണ്ട് .എക്കാലവും ഒട്ടുമിക്ക  യുവാക്കളുടെയും യുവതികളുടെയും റോൾ മോഡലുകൾ ചലച്ചിത്ര ലോകത്തുള്ളവർ തന്നെയാണ് . ഫാഷൻ എന്ന രീതിയിൽ യുവ തലമുറ കൊണ്ടു നടക്കുന്ന ഒട്ടുമിക്കവയുടെയും ഉറവിടം സിനിമയിൽ നിന്നും സിനിമാ താരങ്ങളിൽ നിന്നുമാണല്ലോ .എന്നാൽ പലപ്പോഴും ഈ മേഖലയിൽ നിന്നുള്ള പല നല്ല പാഠങ്ങളും ഉൾകൊള്ളാൻ നമ്മുടെ യുവത്വം തയ്യാറാകാറില്ല എന്നതും ഒരു വസ്തുതയാണ് .റിമ -ആഷിക് അബു വിവാഹത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരു പക്ഷെ ഒട്ടനവധി ലിവിംഗ് ടു ഗതർ -മിശ്ര  വിവാഹങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നേക്കാം . എന്നാൽ അവരിൽ നിന്നും പാഠമുൾ കൊണ്ട് തന്റെ വിവാഹം ലളിതമായി  നടത്താൻ നമ്മുടെ സമൂഹത്തിലെ എത്ര യുവാക്കൾ തയ്യാറാവും എന്ന ചോദ്യം പ്രസകത്മാണ് .




17 comments:

  1. ~~~സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാനും നന്മയിലധിഷ്ടിതമായ പരിഷ്കാരങ്ങൾ സമൂഹത്തിൽ കൊണ്ടുവരുവാനും മുന്നിട്ടിറങ്ങേണ്ടത് അതാതു കാലത്തെ യുവാക്കളാണ്~~~

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .

      Delete
  2. 'ഉള്ളവര്‍ക്ക്‌ അവരുടെ ഇഷ്ടപ്രകാരം ആയിക്കൂടെ...?' എന്ന നിലപാടില്‍ നിന്നും ഇല്ലാത്തവരെ മറക്കുന്ന ഉള്ളവരുടെ ഈ മാമാങ്കങ്ങള്‍ സത്യത്തില്‍ സമൂഹത്തില്‍ തീര്‍ക്കുന്ന ആഘാതം പലപ്പോഴും ഭയാനകമാണ്. താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെയും സമൂഹത്തെയും മറക്കുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പരസ്യപ്പെടുത്താതിരിക്കാനെന്കിലും ഇവര്‍ക്ക്‌ സാധിച്ചെങ്കില്‍ നന്നാവും, നല്ല വിലയിരുത്തലുകള്‍ക്ക് ആശംസകള്‍...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .

      Delete
  3. വിവാഹം അനാചാരങ്ങളും ആചാരങ്ങളും കൊണ്ട് മലീമസമാക്കിയത് മത പുരോഹിതരും മത വിശ്വാസികളും തന്നെ ആണ്
    ഇല്ലാത്ത തറവാടിത്തം ഉണ്ടെന്നു കാണിക്കാൻ കാട്ടിക്കൂട്ടുന്നു പേ കൂത്ത്

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .

      Delete
  4. Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .

      Delete
  5. ലോകത്ത് മതമില്ലാത്തവരും ജീവിക്കുന്നുണ്ടെന്നത് ലേഖകന് അറിയാത്തതാവില്ല. :)

    അത്തരമൊരു വാചകത്തിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും ലേഖനം പിന്നീട് വിവാഹവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വ്യക്തിഗത ധൂര്‍ത്തും ലാഭതാത്പര്യം മാത്രം മുന്‍നിറുത്തിയുള്ള വിപണി സംസ്കാരവും പരസ്പരം സഹായിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഓരോ പുതുവര്‍ഷത്തിലും കലണ്ടറിലെ ഒഴിഞ്ഞ കള്ളികളില്‍ പ്രത്യേകം പ്രത്യേകം പുതിയ ആഘോഷം അടയാളപ്പെടുത്തി വിപണിയും വിശ്വാസവും ചങ്ങാത്തത്തിലാകുന്നതും മറ്റൊരു മലയാളക്കാഴ്ചയാണ്. 'അക്ഷയ തൃതീയ' പോലുള്ള മാമാങ്കങ്ങള്‍ അതിനുള്ള സമീപകാല ഉദാഹരങ്ങളാണ്.

    ചുരുക്കത്തില്‍, ഇത്തരം ആര്‍ഭാടങ്ങളില്‍ വ്യക്തിയും വിശ്വാസവും വിപണിയും ഒരുപോലെ ബന്ധിതരും പരസ്പരാശ്രിതരും സഹായികള്മാണ് എന്നതാണ് വാസ്തവം. ഇവിടെ ശരിയായ ഒരു വിപണി സംസ്കാരം രൂപപ്പെടുത്തിയെടുക്കുകയെ പ്രശ്ന പരിഹാരത്തിന് കരണീയമായിട്ടോള്ളൂ... അത് മുതലാളിത്ത-മൂലധന ശക്തികളുടെ ലാഭതാത്പര്യാര്‍ത്ഥമുള്ള വിഭവ കേന്ദ്രീകരണവും അതിന്റെ വിപണനവും തുറന്നെതിര്‍ക്കുകയും ബദല്‍ വിപണി സൃഷ്ടിക്കുകയും വേണം. അതിന് വിഭവ സമാഹരണത്തിലും വിതരണത്തിലും തുല്യാവകാശം അനുവദിക്കുന്ന സുസ്ഥിരവും സമഗ്രവുമായ ഒരു കാഴ്ച്ചപ്പാട് സമൂഹത്തെ ജയിക്കേണ്ടതുണ്ട്. അതിനായുള്ള രാഷ്ട്രീയ ബോധവത്കരണമാണ് ഇനി ഉണ്ടാകേണ്ടത് എന്ന് അഭിപ്രായപ്പെടുന്നു.

    ReplyDelete
    Replies
    1. ലോകത്ത് മതമില്ലാത്തവരും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല .പക്ഷെ ,ആർഭാട വിവാഹങ്ങൾ നമ്മുടെ സമൂഹത്തിൽ കൂടുതലും കാണുന്നത് മതവിശ്വാസികളിൽ തന്നെയാണ് .

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി .

      Delete
  6. സമകാലികപ്രസക്തിയുള്ള ഒരു നല്ല ലേഖനം..
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി .

      Delete
  7. കാലിക പ്രസക്തിയുള്ള പ്രമേയം. ലേഖനം കൊള്ളാം

    തീർച്ചയായും വിവാഹങ്ങൾ അവനവന്റെ മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ടു തന്നെയാകണം എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. മിശ്ര വിവാഹിതരുടെ കാര്യത്തില്‍ രണ്ടുപേരുടെയും മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് കൊണ്ട് വിവാഹം നടത്താനാകുമോ ?

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .

      ഏതൊരു മതത്തിന്റെയും അടിസ്ഥാനാദർശങ്ങൾ വിവാഹം ആർഭാടപൂർണമാക്കാൻ ആഹ്വാനം ചെയ്യുന്നില്ലല്ലോ .മിശ്രവിവാഹിതരിലെ വധുവിന്റെയും വരന്റെയും മതവും ഈ ഗണത്തിൽ പെട്ടതു തന്നെയാവില്ലേ ?

      Delete
  8. സ്വര്‍ണ്ണത്തോടുള്ള ഭ്രമം രക്ഷിതാക്കള്‍ വളര്‍ത്തിയെടുക്കുകയല്ല. ഇന്നത്തെ കുട്ടികള്‍ക്ക് സ്വര്‍ണ്ണത്തോട് അത്ര ഭ്രമമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ ഒരു പെണ്‍കുട്ടി വളര്‍ന്ന് തുടങ്ങുമ്പോള്‍ സ്വര്‍ണ്ണം വാങ്ങിവെക്കേണ്ടുന്ന ആവശ്യകത സമൂഹം തുറന്ന് കാണിക്കുന്നുണ്ടല്ലോ?. വരന്റെ ഭാഗത്ത് നിന്നും സ്വര്‍ണ്ണം വേണ്ടെന്ന് പറഞ്ഞാലും.... എന്ന് ലേഖകന്‍ പറഞ്ഞ് കണ്ടു. സ്വര്‍ണ്ണം വേണ്ട അതിനും കൂടി പണം വേണമെന്നായിരിക്കാം വരന്‍ പറയുന്നത്. സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം കുറക്കാന്‍ സ്ത്രീ സമൂഹമാണ് തയ്യാറാകാത്തത്. പുരുഷന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന രീതിയിലുള്ള പ്രസ്താവനയെ ശക്തിയായി പ്രതിഷേധിക്കുന്നു.നാട്ടില്‍ രക്ഷിതാക്കള്‍ പിരിവിനിറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഇന്നത്തെ യുവതലമുറയാണ് ശ്രമിക്കേണ്ടത്.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .
      സഹോദരിയുടെ പ്രതിഷേധത്തിന് സഹോദരിയുടെ കമന്റിൽ തന്നെ മറുപടിയുണ്ട് . പെണ്ണിന് പൊന്നു കൂടിയേ തീരൂ എന്ന ധാരണ സമൂഹത്തിൽ ഉണ്ടായതെങ്ങിനെയാണ് ? ആ സമൂഹത്തിൽ ഉൾപ്പെടുന്ന ഞാനും നിങ്ങളുമടങ്ങുന്ന അച്ഛനും അമ്മയും എല്ലാവർക്കും അതിൽ പങ്കില്ലേ ? വരന്റെ ഭാഗത്തു നിന്നു സ്വർണമെന്നല്ല യാതൊരു ധനവും ആഗ്രഹിക്കാതെ വിവാഹാലോചന നടത്തിയിട്ടും കല്യാണത്തിനു പൊന്നിടാൻ പിരിവിനിറങ്ങിയ എത്രയോ രക്ഷിതാക്കളെ എനിക്ക് നേരിട്ടറിയാം . സ്ത്രീയുടെ പ്രശ്നങ്ങൾ ആദ്യം മനസ്സിലാക്കാൻ കഴിയേണ്ടത് സ്ത്രീക്ക് തന്നെയാണ് . എന്നാൽ ഇന്നത്തെ സ്ത്രീധന പീഡന കേസുകളിൽ ഒരു സ്ത്രീയെങ്കിലും ഇല്ലാത്തത് വിരളമല്ലേ ?

      Delete
  9. É para mim uma honra acessar ao seu blog e poder ver e ler o que está a escrever é um blog simpático e aqui aprendemos, feito com carinhos e muito interesse em divulgar as suas ideias, é um blog que nos convida a ficar mais um pouco e que dá gosto vir aqui mais vezes.
    Posso afirmar que gostei do que vi e li,decerto não deixarei de visitá-lo mais vezes.
    Sou António Batalha.
    PS.Se desejar visite O Peregrino E Servo, e se ainda não segue pode fazê-lo agora, mas só se gostar, eu vou retribuir seguindo também o seu.
    Que a Paz e saúde esteja no seu coração e no seu lar.
    http://peregrinoeservoantoniobatalha.blogspot.pt/

    ReplyDelete