Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, September 24, 2013

പതിനാറിന്റെ ഒരു പൊല്ലാപ്പ്


മുസ്ലിം പെണ്‍കുട്ടികളുടെ പതിനാറിലെ വിവാഹം  ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ് . സോഷ്യൽ നെറ്റ് വർക്കുകളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമാണ് മുസ്ലിം പെണ്‍കുട്ടികളുടെ  വിവാഹം .അനുകൂലമായും പ്രതികൂലമായും ചർച്ചകൾ പുരോഗമിക്കുന്നു . വാർത്താ മാധ്യമങ്ങളിൽ തത്സമയ ചർച്ചകളും പ്രത്യേക ഇന്റർവ്യൂകളും അരങ്ങു തകർക്കുന്നു .നിരത്തുകളിൽ പ്ലക്കാർഡുകളുമേന്തി പിഞ്ചു കുഞ്ഞുങ്ങൾ പോലും റാലികൾ തുടങ്ങിയിരിക്കുന്നു . വിവാദം  പതിനാറിൽ നിന്നും ശൈശവ വിവാഹത്തിൽ എത്തി നില്ക്കുന്നു എന്നതാണ് ഏറ്റവും അവസാനത്തെ റിപ്പോർട്ട് 
.
മുസ്ലിം സമുദായത്തിലെ പരസ്പരം കടിച്ചു കീറികൊണ്ടു തന്നെ മുന്നോട്ട് നീങ്ങുന്ന എല്ലാ (?)സംഘടനാ നേതാക്കളും ഒന്നിച്ചിരുന്നു കൊണ്ടു മുസ്ലിം പെണ്‍കുട്ടികൾക്ക് പതിനാറു വയസ്സിൽ വിവാഹിതരാകാൻ നിയമത്തിന്റെ ഇളവു അനുവദിക്കണമെന്നു   രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി നല്കാൻ തീരുമാനിച്ച വാർത്തയാണല്ലോ ഇപ്പോഴത്തെ ഈ പുകിലുകൾകൊക്കെ നിദാനം . തികച്ചും സാമൂഹ്യമായ ചില അനിവാര്യ സാഹചര്യങ്ങളിൽ  പതിനെട്ടു തികയാത്തവരുടെ വിവാഹങ്ങൾക്ക് നിയമ  പ്രാബല്യം ലഭ്യമാക്കുക എന്ന  സദുദ്ദേശത്തോടെ എടുത്ത ഈ തീരുമാനത്തെ ശൈശവ വിവാഹം പ്രോൽസാഹിപ്പിക്കുവാനുള്ള തീരുമാനം എന്ന രീതിയിലാണ് ഏറ്റവും അവസാനം സൈബർ പോരാളികൾ  കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് .

 മുസ്ലിം പെണ്‍കുട്ടികളെ നിർബന്ധമായും പതിനാറിൽ വിവാഹം കഴിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സമുദായത്തിൽ നിന്നും ബഹിഷ്കരണം നേരിടേണ്ടി വരുമെന്നുമുള്ള  ഒരു തീരുമാനം മുസ്ലിം സംഘടനകൾ പാസ്സാക്കിയിരിക്കുന്നു എന്ന രീതിയിലാണ്  പല ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നത് .എന്നാൽ പതിനാറു വയസ്സിൽ ഉഭയകഷി സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലാത്ത ഒരു രാജ്യത്താണ് നമ്മുടെ മക്കൾ വളർന്നു കൊണ്ടിരിക്കുന്നത് എന്നത് എല്ലാ സമുദായാംഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട് .കേവലം ഹൈസ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടികൾ പോലും പ്രണയ ബന്ധരാകുകയും അവിഹിത വേഴ്ച്ചകൾക്ക് വിധേയമായി ഗർഭിണികളാകുന്നതുമായ വാർത്തകൾ ഇന്നു നമുക്ക് അത്ഭുതമുളവാക്കുന്നവയല്ല . ഇത്തരം ചതിയിൽ അല്ലെങ്കിൽ അബദ്ധത്തിൽ  പെട്ട ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവർക്ക് വിവാഹിതരാകാൻ നിയമം അനുവദിക്കുന്നില്ല എന്നത് എത്രത്തോളം നീതികേടാണ്‌ ?.ഈ ഒരു  സാഹചര്യം കൂടി   കണക്കിലെടുത്തു കൊണ്ടാണ് മുസ്ലിം സമുദായ നേതാക്കൾ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത് . പതിനാറിലെ വിവാഹത്തിനു നിയമ സാധുത നല്കുന്നത്  ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെങ്കിൽ പതിനാറു കഴിഞ്ഞവർക്ക് ഉഭയ സമ്മതപ്രകാരം ലൈഗിക ബന്ധമാവാമെന്ന കോടതി വിധി ബാലവേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതാണെന്ന രൂപത്തിൽ  ആരെങ്കിലും ചർച്ച ചെയ്യുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്തതായി കണ്ടില്ല . പോസ്റ്റുകളും സ്റ്റാറ്റസ് മെസ്സേജുകളും ഫേസ് ബുക്കിൽ നിറയുന്നതും കണ്ടിരുന്നില്ല .ഈ വിഷയത്തിൽ സമുദായ നേതാക്കളുടെ നെഞ്ചത്തു കയറുന്ന മുസ്ലിം സഹോദരന്മാരുടെ വീര്യവും ഇതു മായി ബന്ധപ്പെട്ടു കാണാൻ കഴിഞ്ഞിരുന്നില്ല .

മുസ്ലിം സംഘടനകൾ  ആവശ്യപ്പെടുന്ന ഇളവുകൾ അനുവദിച്ചാൽ അവ ദുരുപയോഗപ്പെടും എന്നു വാദിക്കുന്നവരും വിരളമല്ല . എന്നാൽ വിവാഹത്തിനൊരു പ്രത്യേക പ്രായം എന്നതിനപ്പുറം പ്രസ്തുത കരാറിൽ ഏർപ്പെടുന്ന വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യവും പക്വതയും അതോടൊപ്പം അവരുടെ പൂർണമായ താല്പര്യവും സമ്മതവും ഉറപ്പു വരുത്താൻ വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു സാധിക്കുന്നു എങ്കിൽ ദുരുപയോഗത്തിനും ചൂഷണങ്ങൾക്കും വിവാഹ കമ്പോളത്തിൽ സ്ഥാനമുണ്ടാകുകയില്ല .അതാണ്‌ പ്രകൃതി മതമായ ഇസ്ലാം നിഷ്കർഷിക്കുന്നതും. ഇസ്ലാം വിവാഹത്തിനു ഒരു പ്രത്യേക പ്രായം നിർണയിച്ചില്ല എന്നത് കൊണ്ട് തന്നെ അതു കാല ദേശ വ്യത്യാസമന്യേ സ്വീകാര്യമാകുന്നു . പ്രത്യേക പ്രായം എന്നതിനപ്പുറം ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയും പക്വതയുമാണ് ഇസ്ലാം വിവാഹത്തിനു യോഗ്യതയായി നിഷ്കർഷിക്കുന്നത് . ഈ അവസ്ഥയിലെത്തിയവരുടെ പൂർണസമ്മതത്തോടെ  അവരെ വിവാഹം കഴിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ കടമയുമാണ്‌ . 

സദുദ്ദേശത്തോടെ കൈകൊണ്ട ഒരു തീരുമാനമെങ്കിലും  അതു പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ അവർക്ക് തെറ്റു പറ്റി എന്നുതന്നെ നമുക്ക് പറയേണ്ടി വരും . കാരണം വിവാദ തീരുമാനത്തിനു നിദാനമായ എല്ലാ  സാഹചര്യങ്ങളും മുസ്ലിം പെണ്‍കുട്ടികളിൽ മാത്രം ഒതുങ്ങി നില്ക്കുന്നവയല്ല  . അത് കൊണ്ടു തന്നെ മറ്റു സമുദായങ്ങളെയും നേതാക്കളെയും കൂടി ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കൂട്ടായ ഒരു തീരുമാനം കൈകൊള്ളുകയും ചെയ്തിരുന്നു എങ്കിൽ ഈ വാർത്ത ഇത്രമാത്രം വിവാദമാകുമായിരുന്നില്ല എന്നത് അവിതർക്കമാണ് .കാരണം ആധുനിക മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ഏറ്റവും പ്രിയങ്കരമായതും  എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാമിനെ അടിക്കാനുള്ള വടി തന്നെയാണല്ലോ .