Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, January 7, 2014

ന്യൂ ജനറേഷൻ വിവാഹങ്ങൾ






മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ 'മഴവില്ല്' ഇ  മാസികയുടെ ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച എന്റെ  ഒരു ചെറിയ കുറിപ്പ് . മാഗസിൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വിവാഹിതരാകാതെ ആണിനും പെണ്ണിനും സ്വതന്ത്രമായി ജീവിക്കാം എന്ന തത്വം ഒരു മതവും അതിന്റെ അനുയായികളെ പഠിപ്പിക്കുന്നില്ല . മാത്രമല്ല , വിവാഹത്തിലൂടെ മാത്രമേ നല്ലൊരു പിൻ തലമുറയെ വാർത്തെടുക്കാനും ഉത്തമമായ ഒരു സമൂഹത്തെ നിലനിർത്താനും സാധിക്കുകയുള്ളൂ .അതു കൊണ്ടു തന്നെ മനുഷ്യരെ സംബന്ധിച്ചിടത്തോളം വിവാഹം പരമ പ്രധാനവും ഒഴിച്ചു കൂടാൻ പറ്റാത്തതുമാണ്‌  .  ഭൂരിഭാഗം മതങ്ങളും  വിവാഹ കർമങ്ങൾ എങ്ങിനെയായിരിക്കണം എന്നു വ്യക്തമായി പഠിപ്പിക്കുന്നുണ്ട്  . ഓരോ മതത്തിലേയും വിവാഹവുമായി ബന്ധപ്പെട്ട കർമങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അവയെല്ലാം വളരെ ലളിതവും സാമ്പത്തികമായി വലിയ ബാധ്യതകൾ വരുത്തിവെക്കുന്നവയുമല്ല എന്നുള്ളതാണ് . വിവാഹം എല്ലാവർക്കും സധ്യമാകുക എന്നതു തന്നെയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും .


എന്നാൽ ഇന്നു നമ്മുടെ സമൂഹത്തിൽ വിവാഹം ധൂർത്തിന്റെയും കോമാളിത്തരങ്ങളുടെയും വേദിയായി മാറിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ് .സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് തങ്ങളുടെ പൊങ്ങച്ചവും പണക്കൊഴുപ്പും സ്വാധീന വലയങ്ങളും പൊതു ജനത്തിനു മുമ്പിൽ എടുത്തു കാണിക്കാനുള്ള അവസരങ്ങളായി വിവാഹ വേദികൾ മാറിയിട്ടുണ്ട് .ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മേളകളായി അവരത് ആഘോഷിക്കുകയും ഓരോ ചലനങ്ങളും അതി മികവുള്ള കാമറകളിൽ ഒപ്പിയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രദർശിപ്പിക്കുക കൂടി ചെയ്യുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിട്ടുണ്ട് . കേരളം ചിലവേറിയ എക്സോട്ടിക് വിവാഹങ്ങളുടെ വേദിയായി മാറുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത് .കേവലം വിവാഹ ക്ഷണകത്തിനു പോലും ലക്ഷങ്ങൾ ചിലവഴിക്കുന്ന അവസ്ഥയിലേക്ക് മലയാളികളുടെ വിവാഹ വേദികൾ എത്തിയിട്ടുണ്ട് .നാട്ടിൻ പുറങ്ങളിൽ പോലും ഇന്നു വിവാഹങ്ങൾ നടത്തപ്പെടുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനികളിലൂടെയാണ്.  വിവാഹ കർമ വേദികളെ പതിനായിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് തുല്യമാക്കി മാറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .കണ്ണൂരിൽ ഈയിടെയുണ്ടായ ഒരു കല്യാണത്തിൽ ഭക്ഷണം വിളമ്പുന്നിടത്ത് ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാൻ നൂറു കണക്കിന് പോലീസുകാർ വേണ്ടി വന്നു എന്നു പറയപ്പെടുന്നു .മലബാർ വിവാഹങ്ങളിലെ കോമാളിത്തരങ്ങളും കുപ്രസിദ്ധമാണ് . പുത്യാപ്ലമാർക്ക് അകമ്പടി വരുന്നവരുടെ തോന്നിവാസങ്ങൾ മൂലം ചില വിവാഹബന്ധങ്ങൾ മുളയിലേ നുള്ളി കളഞ്ഞ വാർത്തകളും നമ്മളെല്ലാം വായിച്ചവരാണ് .

ഒരു വിഭാഗം ആളുകളുടെ ഇത്തരം ആഭാസങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നാം ചർച്ച ചെയ്യുകയും വിലയിരുത്തുകളും ചെയ്യേണ്ടതുണ്ട് . ഒരു കാലത്ത് സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ കൊണ്ടു വന്ന സ്ത്രീധനമെന്ന ദുരാചാരം എത്രയോ കാലമായി നമ്മുടെ വിവാഹ വേദികളിൽ കൊടികുത്തി വാഴ്ന്നു കൊണ്ടിരിക്കുന്നു .
സാമ്പത്തികമായി കുറെയേറെ സുസ്ഥിതി കൈവരിച്ചവർ ഇതിൽ നിന്നും പിന്മാറി വരുന്നുണ്ട്  എങ്കിലും ഇതിന്റെ കഷ്ട നഷ്ടങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത് പാവപ്പെട്ട  പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്  . കുറെയേറെ പെണ്‍കുട്ടികൾ  വിവാഹം കഴിക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പോൾ അത്രതന്നെ സ്ത്രീധനത്തിനു വേണ്ടി കിടപ്പാടം വിറ്റു അന്തിയുറങ്ങാൻ ഒരത്താണിയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളും ഉണ്ട് .സ്വർണത്തിനു വിവാഹവേദിയിലുള്ള  പ്രാധാന്യം അനുദിനം കൂടുകയല്ലാതെ ഒരിത്തിരി കുറക്കാൻ നമുക്ക് സാധിച്ചിട്ടില്ല .അതു കുറക്കാൻ സ്ത്രീസമൂഹം  തയാറാകും എന്നും തോന്നുന്നില്ല .ഒരു പെണ്‍കുഞ്ഞു ജനിച്ചു വളർന്നു വരുന്ന ഘട്ടത്തിൽ തന്നെ അവളിൽ സ്വർണത്തോടുള്ള ഭ്രമം കൂടി വളർത്തിയെടുക്കുന്ന രക്ഷിതാക്കൾ  തന്നെയാണ് ഇവിടെയും ഉത്തരവാദികൾ എന്നു പ്രത്യേകം പറയേണ്ടതില്ല . വരന്റെ ഭാഗത്തു നിന്നും ഒരിത്തിരി സ്വർണം പോലും ആവശ്യപ്പെട്ടില്ലെങ്കിലും എന്തെങ്കിലും കൊടുക്കേണ്ടതല്ലേ എന്നു ചോദിച്ചുകൊണ്ട് നാട്ടിൽ പിരിവിനിറങ്ങുന്ന രക്ഷിതാക്കൾ പോലും നമ്മുടെ നാടുകളിലുണ്ട് . ഇവിടെ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകൾ കൊണ്ടു വരുന്ന ധൂർത്തും അനാചാരങ്ങളും എത്രത്തോളം സമൂഹത്തിലുള്ള മറ്റു വിഭാഗങ്ങളെയും സ്വാധീനിക്കപ്പെടുന്നു എന്നതാണ് . വളർന്നു വരുന്ന യുവാക്കളും യുവതികളും ഇന്നു സോഷ്യൽ മീഡിയയിലൂടെ കാണുന്ന കല്യാണങ്ങൾ തീർച്ചയായും അവരുടെ സ്വപനങ്ങളെയും ഭാവനകളെയും  സ്വാധീനിക്കും എന്നത് തീർച്ചയാണ് .നാളെ അവരുടെ സ്വപ്നങ്ങൾക്കനുസരിച്ചു വിവാഹ വേദികൾ മെനഞ്ഞെടുക്കാൻ പാവപ്പെട്ട കുടുംബങ്ങൾ നിബന്ധിതമാകുന്ന ഒരു സാഹചര്യമാണ് നമ്മുടെ മുമ്പിൽ വരാനിരിക്കുന്നത് .

ഈയിടെ മാധ്യമശ്രദ്ധ നേടിയ രണ്ടു വിവാഹങ്ങളെ ഇവിടെ പരാമർശിക്കേണ്ടതുണ്ട് . സിനിമാ താരം റിമ കല്ലിങ്ങലിന്റെയും ആഷിക് അബുവിന്റെയും വിവാഹവും യുവ എം .എൽ .എ  ഷാഫി പറമ്പിലിന്റെ വിവാഹവും വളരെ വ്യത്യസ്ഥത നിറഞ്ഞതായിരുന്നു . റിമ -ആഷിക് അബു വിവാഹം നൂറു ശതമാനവും മാതൃകാപരമാണ് എന്നഭിപ്രായപ്പെടാൻ കഴിയില്ല . തീർച്ചയായും വിവാഹങ്ങൾ അവനവന്റെ മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ടു തന്നെയാകണം എന്നാണെന്റെ കാഴ്ചപ്പാട്.   വളരെ കാലം ഒന്നിച്ചു ജീവിച്ചു പിന്നീട് വിവാഹിതരാവുക എന്ന പാശ്ചാത്യ സങ്കല്പത്തോട് ഒരിക്കലും യോജിക്കാനും കഴിയില്ല. എന്നാൽ ധൂർത്തും പൊങ്ങച്ചവും വിവാഹ വേദികളെ മലിനമാക്കികൊണ്ടിരിക്കുന്ന ഈ ചുറ്റുപാടിൽ സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന ഈ ദമ്പതികൾ തങ്ങളുടെ വിവാഹത്തിനു ചിലവാക്കാമായിരുന്ന തുക പാവപ്പെട്ട കാൻസർ രോഗികളുടെ ഒരിത്തിരി ആശ്വാസത്തിനായി സംഭാവന ചെയ്തു എന്ന കാര്യം തീരെ ചെറുതല്ല. അതു പോലെ തന്നെ അന്ധ ദമ്പതികൾക്കായി തന്റെ വിവാഹ ചെലവിനായി മാറ്റിവെച്ച തുകകൊണ്ട് വീടു വെച്ചു നൽകിയ ഷാഫി പറമ്പിലും പൊതു സമൂഹത്തിന്റെ അഭിനന്ദനം അർഹിക്കുന്നുണ്ട് . എന്നാൽ ഇവിടെ രണ്ടു പേരും  വിവാഹ ചിലവിലേക്കായി മാറ്റിവെച്ച തുക എന്നു പരസ്യമായി വിശേഷിപ്പിക്കുമ്പോൾ വിവാഹ ആർഭാടത്തിനായി ഒരു സംഖ്യ ചിലവഴിക്കേണ്ടതുണ്ട് എന്ന ഒരു തെറ്റായ സന്ദേശം കൂടി ഇതിലുൾകൊള്ളുന്നുണ്ട് എന്ന് സൂചിപ്പിക്കാതെ വയ്യ .

സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാനും നന്മയിലധിഷ്ടിതമായ പരിഷ്കാരങ്ങൾ സമൂഹത്തിൽ കൊണ്ടുവരുവാനും മുന്നിട്ടിറങ്ങേണ്ടത് അതാതു കാലത്തെ യുവാക്കളാണ് .യുവ സമൂഹത്തിന്റെ ജീവിത രീതികളിൽ ചലച്ചിത്രങ്ങളുടെയും താരങ്ങളുടെയും സ്വാധീനം ചെറുതല്ല എന്നു നമുക്ക് ബോധ്യമുണ്ട് .എക്കാലവും ഒട്ടുമിക്ക  യുവാക്കളുടെയും യുവതികളുടെയും റോൾ മോഡലുകൾ ചലച്ചിത്ര ലോകത്തുള്ളവർ തന്നെയാണ് . ഫാഷൻ എന്ന രീതിയിൽ യുവ തലമുറ കൊണ്ടു നടക്കുന്ന ഒട്ടുമിക്കവയുടെയും ഉറവിടം സിനിമയിൽ നിന്നും സിനിമാ താരങ്ങളിൽ നിന്നുമാണല്ലോ .എന്നാൽ പലപ്പോഴും ഈ മേഖലയിൽ നിന്നുള്ള പല നല്ല പാഠങ്ങളും ഉൾകൊള്ളാൻ നമ്മുടെ യുവത്വം തയ്യാറാകാറില്ല എന്നതും ഒരു വസ്തുതയാണ് .റിമ -ആഷിക് അബു വിവാഹത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരു പക്ഷെ ഒട്ടനവധി ലിവിംഗ് ടു ഗതർ -മിശ്ര  വിവാഹങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നേക്കാം . എന്നാൽ അവരിൽ നിന്നും പാഠമുൾ കൊണ്ട് തന്റെ വിവാഹം ലളിതമായി  നടത്താൻ നമ്മുടെ സമൂഹത്തിലെ എത്ര യുവാക്കൾ തയ്യാറാവും എന്ന ചോദ്യം പ്രസകത്മാണ് .