Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, November 22, 2016

നോട്ടിനോടുന്നതിനിടയിൽ ഒരു നിമിഷം

 ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട്  നെട്ടോട്ടത്തിലാണല്ലോ നമ്മുടെ നാട്ടിലെ ഓരോരുത്തരും. ഈ ഒരു പശ്ചാത്തലത്തിൽ നമ്മുടെ ജീവിതത്തിൽ  ഉപകാരപ്പെട്ടേക്കാവുന്ന ഏതാനും ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്.

1. മാറ്റമെന്നത് വളരെ പെട്ടെന്ന് വരാം
 അർദ്ധരാത്രിയിലാണ് നോട്ട് അസാധുവാക്കൽ പ്രക്രിയ ആരംഭിച്ചത് . ഇതുമൂലം ഇന്ത്യയിലെ മുഴുവൻ ജനങ്ങളും  പ്രയാസപ്പെട്ടിരിക്കുകയുമാണ് . ഇതൊരാളും പ്രതീക്ഷിച്ചിരുന്നില്ല , ഇതിനായി ആരും തയാറായിരുന്നുമില്ല അതല്ലെങ്കിൽ ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും നമ്മളാരും കരുതിയിട്ടില്ലായിരുന്നു എന്നതാണ് സത്യം.

 എന്നാൽ എപ്പോൾ , എവിടെ വെച്ച്  എന്നറിയില്ലെങ്കിലും  ഉറപ്പായും  സംഭവിക്കുമെന്ന് നമ്മൾക്കറിയാവുന്ന ഒരു കാര്യമുണ്ട് .   അതാണ് മരണം .
നോട്ടു അസാധുവാക്കിയത്  നമുക്ക് നാല് മണിക്കൂർ സമയമെങ്കിലും അനുവദിച്ചു കൊണ്ടായിരുന്നു . എന്നാൽ മരണത്തിനു മുൻപ്  നാല് സെക്കന്റു  പോലും നമുക്ക് മുന്നറിയിപ്പ് കിട്ടുകയില്ല . ചിന്തിക്കുക ,നമ്മളാരെങ്കിലും ആ   മരണത്തിനുവേണ്ടി തയ്യാറെടുപ്പു നടത്തിയിട്ടുണ്ടോ?

2 . മൂല്യം നഷ്ടപ്പെടാൻ വെറും സെക്കന്റുകൾ മാത്രം മതി .
ലക്ഷങ്ങളും കോടികളും വിലയുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു കെട്ടുകൾ വെറും പേപ്പർ വില പോലും ഇല്ലാതായത് കേവലം മണിക്കൂറുകൾ കൊണ്ടാണ്. അതുപോലെ അമൂല്യമെന്നു കരുതുന്ന  നമ്മുടെ  സമ്പാദ്യം, പ്രതിച്ഛായ, അധികാരം എല്ലാം നമ്മുടെ മരണശേഷം നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രയോജനവും ലഭിക്കാത്ത പാഴ് വസ്തുക്കൾ മാത്രമാണെന്ന് ഇതിന്റെയൊക്കെ പിൻബലത്തിൽ അഹങ്കാരികളാകുന്ന നമ്മൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ ? നമ്മെ അക്രമികളും അഹങ്കാരികളുമാക്കുന്ന ഈ ഭൗതിക സൗകര്യങ്ങളെല്ലാം വെറും പാഴ്വസ്തുക്കളാകാൻ കേവലം സെക്കന്റുകൾ മാത്രം മതിയാകും .

3 . നന്മക്കായി  പ്രയോജനപ്പെടുത്തിയത് നമുക്ക് ഉപകാരമാകും 
 എ ടി എമ്മുകളും ബാങ്കുകളും അടച്ചിട്ടപ്പോൾ നമ്മൾ സ്വരുക്കൂട്ടി വെച്ച പണം നമുക്ക് പ്രയോജനപ്പെടാതായി. എന്നാൽ  നോട്ട് പിൻവലിക്കുന്നതിന് മുൻപ് ആ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു കൊടുത്ത് നാം വാങ്ങിയ വസ്തുക്കളും ഉപകാരണങ്ങളൂം ഇന്നും നാം ഉപയോഗിക്കുന്നില്ലേ. അതായത് നാം ഫലപ്രദമായി ചിലവഴിച്ചത് നമുക്ക് ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്നു .

മരണശേഷമുള്ള നമ്മുടെ പരലോക ജീവിതം സുഖകരമാകണമെങ്കിൽ നമ്മുടെ ഈ ജീവിതം നന്മ നിറഞ്ഞതാകണം.  അതല്ലെങ്കിൽ അവിടെ നമ്മൾ പരാചയപ്പെടുമെന്നത് തീർച്ച . ഓർക്കുക , നന്മകൾ ചെയ്യാനുള്ള സമയം  മരണം മൂലം നമുക്ക് നഷ്ടപ്പെടും, ശാരീരികമായുള്ള കഴിവ് രോഗിയാകുന്നതോടെയും നമുക്ക് നഷ്ടപ്പെടും.
4 . ചെറിയ നന്മകൾക്ക് പോലും വലിയ വിലയുണ്ടാകും 
  ഇന്ന് നൂറിന്റെയോ പത്തിന്റെയോ ഒക്കെ നോട്ടുള്ളവൻ എന്ത് മാത്രം ആശ്വാസമാണ് അനുഭവിക്കുന്നത് എന്ന് നാട്ടിലുള്ളവർക്ക് നന്നായറിയാം. അതുപോലെ നമ്മുടെ ചെറിയ ചെറിയ നന്മകൾ പോലും നമുക്ക്  വലിയ ആശ്വാസമാകുന്ന ഒരു സന്ദർഭം നമ്മെ  കാത്തിരിക്കുന്നു. അതുകൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്ന നന്മ അതെത്ര നിസാരമായാലും നമ്മുടെ സജീവമായ പങ്കാളിത്തം അതിലുണ്ടാവാനുള്ള ശ്രമം നിരന്തരം ഉണ്ടാകട്ടെ.

5 . പ്രേരണയും   ഉദ്ദേശവും  ജെനുവിനാകട്ടെ 
 ബാങ്കിൽ നോട്ടുമാറ്റത്തിനായി ചെല്ലുമ്പോൾ നമ്മുടെ പണത്തിന്റെ ഉറവിടവും ഐഡന്റിറ്റിയും ചോദ്യം ചെയ്യപ്പെടുന്നപോലെ  നാളെ സൃഷ്ടാവിന്റെ മുന്നിൽ നമ്മുടെ  പ്രവർത്തനങ്ങളുമായി നമ്മൾ ഹാജരാക്കപ്പെടുമ്പോൾ നമ്മുടെ  ഉദ്ദേശ ശുദ്ധിയും നമുക്ക് പ്രേരണ നൽകിയ ഘടകങ്ങളുമെല്ലാം     ചോദ്യം ചെയ്യപ്പെടുമെന്നതിനെ കുറിച്ച് നമ്മൾ ബോധവാന്മാരാകണം .  ജനങ്ങളുടെ ഇടയിൽ സൽപ്പേര് ലഭിക്കുന്നതിന് വേണ്ടിയോ മറ്റാരോടെങ്കിലും മത്സരിക്കുവാൻ വേണ്ടിയോ ആയിരുന്നോ  നമ്മുടെ പ്രവർത്തനങ്ങൾ ? അതോ സൃഷ്ടാവായ ദൈവത്തിന്റെ മാത്രം തൃപ്തി കാംക്ഷിച്ചു കൊണ്ടോ ? ഒരു വിശകലനത്തിന് വിധേയമാക്കുക.

6 . ഇനിയെങ്കിലും നമുക്കൊരു പ്ലാനിങ് ആവശ്യമുണ്ട് 
    നോക്കൂ ...ഇന്ന് ഒട്ടുമിക്ക ആളുകളും പരിഭ്രാന്തരും അതോടൊപ്പം അസാധുവാക്കിയ നോട്ടുകളെ  എന്ത് ചെയ്യണമെന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈ വൈകിയ വേളയിൽ പക്ഷെ അതൊന്നും പ്രയോജനം ചെയ്തുകൊള്ളണമെന്നില്ല . അതുകൊണ്ട് ഈ സംഭവങ്ങളിൽ നിന്നെല്ലാം പാഠമുൾകൊള്ളുക . മരണാനന്തര ജീവിതത്തിലെ വിജയത്തിനായി ഇന്ന് തന്നെ പ്ലാനിങ് ആരംഭിക്കുക , ശരിയായ ഉദ്ദേശത്തോടെ , ആത്മാർത്ഥതയോടെയുള്ള നിരന്തര പ്രവർത്തനങ്ങൾ ഇന്ന് തന്നെ തുടങ്ങട്ടെ . അതല്ലെങ്കിൽ നമ്മൾ വൈകി പോയേക്കാം .

ആശയത്തിനു കടപ്പാട്: #CMAUS Alumni WhatsappGroup#

No comments:

Post a Comment