Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Monday, November 11, 2013

യുവാക്കളും സോഷ്യൽ മീഡിയയും

വിവരസാങ്കേതിക വിദ്യ അതിന്റെ  ഏറ്റവും അത്യുന്നതിയിൽ നില്ക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത് .ഞൊടിയിടയിൽ ആശയ വിനിമയം സാധ്യമാകുന്ന രീതിയിൽ സോഷ്യൽ മീഡിയകളിലൂടെ   ഭൂമിലോകത്തെ  നാം ഒരു 'ആഗോള ഗ്രാമ'മായി  ചുരുക്കി കൂട്ടിയിരിക്കുകയാണ് .'മാധ്യമമാണ് സന്ദേശം 'എന്ന മാധ്യമ രംഗത്തെ പ്രസിദ്ധമായ  നിരീക്ഷണം മാർഷൽ മാക്‌ ലൂഹന്റെതാണ് . സന്ദേശ വിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം ആ സന്ദേശത്തെയും  അതിന്റെ ഉള്ളടക്കത്തെയും  നിർണയിക്കും എന്നാണു അദ്ദേഹം ഉദ്ദേശിച്ചത് .മാക്‌ലൂഹൻ 1964 -ൽ ഈ ഒരു നിരീക്ഷണം നടത്തുമ്പോൾ  ടെലിവിഷനാണ് സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരുന്നത്  .എന്നാൽ ഈ സൈബര്‍കാലഘട്ടത്തിൽ  ഈ നിരീക്ഷണം ഏറ്റവും ഉചിതമാകുന്നത് സോഷ്യൽ മീഡിയകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് .

തങ്ങൾക്ക് പറയാനുള്ളത് പൊതുജനങ്ങളെ കേൾപ്പിക്കാൻ ഭരണ കൂടങ്ങൾക്കും മീഡിയ കമ്പനികൾക്കും വലിയ സംഘടനകൾക്കും മാത്രം സാധ്യമായിരുന്ന ഒരു കാലം  ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളോടെ അവസാനിച്ചു കഴിഞ്ഞു . അതു കൊണ്ട്  തന്നെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ബദലായി സോഷ്യൽ മീഡിയകൾ അതിന്റെ പ്രസക്തിയും പ്രാധാന്യവും ഉൾകൊണ്ടു  കൊണ്ട് സമൂഹത്തിൽ അത്ഭുതാവഹമായ  സ്ഥാനം നേടിയെടുത്തിട്ടുണ്ട്   .ദൃശ്യ ശ്രാവ്യ പ്രിന്റെഡ്‌ വാർത്താ മാധ്യമങ്ങൾക്ക് ഒരു മുഴം മുന്നേ സഞ്ചരിക്കുന്ന സോഷ്യൽ മീഡിയകൾ  ഫേസ് ബുക്കും ,ട്വിറ്ററും , യൂ ട്യൂബും ബ്ലോഗുമെല്ലാം ചേർന്ന സ്വന്തം പ്രസാധനാലയങ്ങളാണ് . ഓരോ അംഗങ്ങളും  സോഷ്യൽ മീഡിയയിൽ ഓരോ  ജേർണലിസ്റ്റുകളാണ് . തനിക്ക് താല്പര്യമുള്ള വാർത്തകളും ദൃശ്യങ്ങളും ലോകത്തോട് പറയാൻ ഒരാളുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. കൃത്യവും വസ്തുനിഷ്ടവുമായ വാർത്തകളും ചിത്രങ്ങളും യാതൊരു പക്ഷപാതവുമില്ലാതെ കൈമാറാൻ സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌ .അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്ന നേർകാഴ്ചകൾ അവഗണിക്കാൻ സാധിക്കാത്ത വിധത്തിൽ പ്രസക്തവും ശക്തവുമാകുന്നത് .കലാപങ്ങളുടെയും അക്രമങ്ങളുടെയും വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ വളച്ചൊടിക്കുമ്പോൾ ജനങ്ങൾ  തങ്ങളുടെ മൊബൈലിലും മറ്റും പകർത്തിയെടുക്കുന്ന യഥാർത്ഥ ദൃശ്യങ്ങളെ എങ്ങിനെ അവഗണിക്കാൻ സാധിക്കും ?.

ജനാധിപത്യത്തിന്റെ നാലാം സ്തംഭമായി കരുതപ്പെടുന്ന  വാർത്താ മാധ്യമങ്ങള്‍ രാഷ്ട്രീയ പാർട്ടികളുടെയും സര്‍ക്കാരുകളുടെയും തിണ്ണനിരങ്ങികളും അവരുടെ പൊള്ളത്തരങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കും  മറ പിടിക്കുന്നവരുമാകുമ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളും വിവരങ്ങളും പൊതു സമൂഹത്തിലെത്തിക്കാന്‍ ഇന്നു നമുക്ക്‌  ലഭ്യമായ ഏറ്റവും നല്ല മാധ്യമങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ . സോഷ്യൽ മീഡിയയിലൂടെ പൊതുജനത്തിന്റെ മുന്നിൽ സജീവ ചർച്ചാ വിഷയമായ വാർത്തകളും സംഭവങ്ങളും വിപ്ലവങ്ങളും വളരെയേറെയുണ്ട് . ഷാഹിന രാജീവ്‌ , കേരളത്തിലെ അറിയപ്പെടുന്ന ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്നു . തെഹല്‍ക .കോം എന്ന സമാന്തര  മാധ്യമത്തിനു വേണ്ടി മഅദനി  കേസിലെ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തു  എന്ന ഒരൊറ്റ കാരണത്താല്‍ കര്‍ണാടക സര്‍ക്കാര്‍ അവര്‍ക്ക് നേരെ കേസെടുക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരെന്നു പറയുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം വാര്‍ത്തകളില്‍ പരാമര്‍ശിക്കുക പോലുമുണ്ടായില്ല . എന്നാല്‍ ഈ വിഷയം ഒരു സജീവ ചര്‍ച്ചാ വിഷയമാക്കി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക്‌ കൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതായിരുന്നു .അറബ് ജനതയുടെ അധികാര കേന്ദ്രങ്ങളോടുള്ള  അടക്കി പിടിച്ച അമർഷം അറബ് വസന്തമായി സ്വേച്ഛാധിപത്ത്യത്തിന്റെ കടപുഴക്കിയപ്പോളും  മുഖ്യ ചാലക ശക്തി ഫേസ് ബുക്കായിരുന്നു എന്നു നമുക്കെല്ലാവർക്കുമറിയാം . ദൽഹിയിലെ റയ്സിന കുന്നിൽ ഇന്ത്യൻ യുവത്വം പ്രതിഷേധത്തിന്റെ അലയൊലികൾ തീർത്തതും ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും അതിരില്ലാത്ത ആശയ വിനിമയ  സാധ്യതകളിൽ കൂടിയായിരുന്നു .മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട ഒരു ചെറിയ കൂട്ടായ്മ ഫേസ് ബുക്കിലൂടെ നടത്തിയ ആഹ്വാനം മൂലമാണ് ലോക വ്യാപാര കേന്ദ്രമായ ലിബർട്ടി  പ്ലാസയിലേക്ക് ഒരു കൂട്ടം യുവാക്കൾ ഇരച്ചു കയറിയത്  .അസമിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കലാപം ആദ്യമായി പുറത്തു കൊണ്ടു വന്നതും നവ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു . ചുരുക്കത്തിൽ കേവലം സൌഹൃദ ബന്ധങ്ങൾ കൂട്ടിയിണക്കാൻ എന്ന രീതിയിൽ സ്ഥാപിതമായ സോഷ്യൽ മീഡിയ സൈറ്റുകൾ അത്ഭുതാവഹമായ വിപ്ലവങ്ങൾ സാധ്യമാക്കിയതാണ് കഴിഞ്ഞ കാലങ്ങളിൽ  ലോകം കണ്ടത് .എന്നാൽ ലക്ഷ്യബോധമില്ലാത്ത ഒരാൾകൂട്ടത്തിന്റെ ആവേശം മാത്രമായും സോഷ്യൽ മീഡിയയിലെ പ്രക്ഷോഭങ്ങൾ മാറാറുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു കൊണ്ട് ഫേസ് ബുക്കിൽ രൂപപ്പെട്ട പ്രക്ഷോഭങ്ങളുടെ പര്യവസാനം എങ്ങിനെയായിരുന്നു എന്ന് നമുക്കറിയാം . അതു പോലെ തന്നെ അറബ് വസന്തം അധികാര മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അറബ് രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും നാം വിലയിരുത്തേണ്ടതുണ്ട് .

ഏറെ ദോഷ വശങ്ങൾ ആരോപിക്കപ്പെടുന്നതുമാണ്   സോഷ്യൽ മീഡിയ എങ്കിലും ഈ മേഖലയിൽ നിന്നും തീർത്തും  വിട്ടു നിൽക്കുക എന്ന സമീപനം സ്വീകരിക്കുന്നത് അങ്ങേയറ്റത്തെ അബദ്ധം എന്നു തന്നെ പറയേണ്ടി വരും . എന്നാൽ ജീവിതത്തിലെ വിലപ്പെട്ടതും   പരമ പ്രധാനവുമായ നമ്മുടെ സമയം ചാറ്റ് ബോക്സുകളിലും മെസഞ്ചറുകളിലും ചിലവഴിക്കുക എന്നതല്ല ഇതർത്ഥമാക്കുന്നത് . സോഷ്യൽ മീഡിയയുടെ സ്വാധീനത്താൽ ലോകതൊന്നാകെ കുടുംബബന്ധങ്ങൾ താറുമാറാകുകയും  വിവാഹ മോചനങ്ങൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന ഒരു യാഥാർത്ത്യവും മറച്ചു വെക്കുന്നില്ല  . മറിച്ച് , സോഷ്യൽ മീഡിയ ഇന്നത്തെ  സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായി ആശയ, ആദർശ പ്രചാരണങ്ങക്കും സമൂഹ നന്മക്കും വേണ്ടി  എങ്ങിനെ ഇടപെടാൻ സാധിക്കും എന്നതായിരിക്കണം ഓരോരുത്തരും ചിന്തിക്കേണ്ടത് .ആദ്യ കാലത്ത്‌ യുവാക്കള്‍ മാത്രം കടന്നു വന്നിരുന്ന  സോഷ്യല്‍ മീഡിയയിലേക്ക് പതിയെ പതിയ മുതിര്‍ന്നവരും കടന്നു വന്നിരിക്കുന്നു എങ്കിലും ഇന്നും ഈ മേഖലയിലെ ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിയുന്നത്  യുവാക്കള്‍ക്കു തന്നെയാണ് . അതു കൊണ്ടു തന്നെ അസാന്മാര്‍ഗികവും അശ്ലീലതയും നിറഞ്ഞ രൂപത്തില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും സൗകര്യങ്ങളും താരതമ്യേന വളരെ കൂടുതലുമാണ്. പ്രലോഭനങ്ങളും പ്രകോപനങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ വളരെയേറെയാണ്  എന്നതിനാല്‍ അങ്ങേയറ്റം  കരുതലോടെ മാത്രം ഇടപഴകേണ്ട ഒരു മേഖല കൂടിയാണ് സോഷ്യൽ മീഡിയകൾ  .

മീഡിയകൾ സന്ദേശത്തിന്റെ ഉള്ളടക്കവും ശൈലിയും തീരുമാനിക്കുമെന്നു പറയുമ്പോൾ തുറന്ന മനസ്സുള്ളവരും മുൻ വിധിക്കാരും മുഖ ചിത്രങ്ങൾ ഉള്ളവരും ഇല്ലാത്തവരും അനുകൂലികളും പ്രതികൂലികളും അടങ്ങുന്ന മഹാ ലോകത്തേക്ക്  ഇട്ടു കൊടുക്കുന്ന ആശയങ്ങളും വിവരണങ്ങളും ഉള്ളടക്കം കൊണ്ടു മാത്രമല്ല ശൈലികൊണ്ടും നമ്മുടെ  വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണം എന്നതാണ് .പരസ്പരം കാണുന്നില്ലെങ്കിലും നമ്മുടെ സൌമനസ്യവും ഗുണകാംക്ഷയും പരസ്പര ബഹുമാനവും അന്യരുടെ ക്ഷേമത്തിലുള്ള താല്പര്യവും പരസ്പരം പങ്കുവെക്കുവാൻ പുതു മാധ്യമങ്ങളുടെ മുഴുവൻ സാധ്യതകളും നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട് .സ്വന്തം കമന്റുകളും പോസ്റ്റുകളും  തുടങ്ങി സോഷ്യൽ മീഡിയയിലെ നമ്മുടെ മുഴുവൻ പ്രവത്തനങ്ങളും വ്യക്തിത്വത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുക . ചുരുക്കത്തിൽ ,ഒരു കീ ബോർഡും മോണിട്ടറും മാത്രമാണ് നമ്മുടെ മുമ്പിലുള്ളതെങ്കിലും തിരക്കേറിയ ഒരു നാൽകവലയിൽ നിന്നു കൊണ്ട് അത്യുച്ചത്തില്‍ വിളിച്ചു പറയുന്നതിനു  തുല്യമാണ് സോഷ്യൽ മീഡിയയിലെ  ഓരോ ചലനങ്ങളും എന്ന വസ്തുത നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടതുണ്ട് .

മറ്റു മാധ്യമങ്ങളിൽ ഇടമില്ലാതാകുന്ന വ്യക്തികൾക്കും  വിഭാഗങ്ങൾക്കും മുന്നിൽ വാതിൽ തുറന്നു കിടക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നത്  . സമത്വത്തിന്റെ ഒരു പ്രതീതി അവിടെ നിലനില്ക്കുകയും ആശയ പ്രകാശനത്തിനു ഇടനല്കുകയും ചെയ്യുന്നുണ്ട് .അതേസമയം കടുത്ത പക്ഷപാതവും വിഭാഗീയതയും അവിടെയും ഒരു ചെറിയ അളവിൽ നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ത്യമാണ്. ഒളിച്ചു നിൽക്കുന്നവരിലെ മര്യാദയില്ലായ്മ ഒരു കരുത്തായി കരുതുന്നവർ ഏറെയാണ്‌ .ഇത്തരക്കാരുടെ കാരണത്താലാണ്  ചട്ടവും വ്യവസ്ഥയും ഏർപ്പെടുത്താനെന്ന വ്യാജേന ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരിൽ കടുത്ത നടപടികൾ എടുക്കാൻ സർക്കാരുകൾ മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്   .ഭരണ കൂടങ്ങൾ നവ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വഴി തേടുമ്പോൾ ജനാധിപത്യ മെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ അരാജകത്വവും അഴിഞ്ഞാട്ടവുമാണ് നടക്കുന്നതെങ്കിൽ അതില്ലാതാക്കുന്നത് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്ന അനന്ത സാധ്യതകളെയാണ് .മറ്റെല്ലാ മേഖലയിലെന്ന പോലെ തന്നെ സഹിഷ്ണുതയുടെയും പക്വതയുടെയും മാതൃകകളാകാൻ ഇവിടെയും നമുക്ക് സാധിക്കേണ്ടതുണ്ട് .രൂക്ഷമായ വർഗ്ഗീയ പോസ്റ്റുകളും കമന്റുകളും  നമ്മുടെ  രക്തത്തെ ചൂടു പിടിപ്പിച്ചേക്കാം . എന്നാലും അവയോടെല്ലാം മാന്യമായി പ്രതികരിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട് . അതുമല്ലെങ്കിൽ മൌനം പാലിക്കാനെങ്കിലും .

സ്വമേധയാ ചില പെരുമാറ്റ ചട്ടങ്ങൾ  പാലിക്കുവാൻ ഓരോരുത്തരും മുന്നോട്ട് വന്നാൽ സോഷ്യൽ മീഡിയയിലെ നമ്മുടെ പ്രവർത്തനങ്ങൾ മാന്യവും മാത്രുകാപരവുമാക്കി മാറ്റുവാൻ  നമുക്ക് സാധിക്കും  .മറ്റുള്ളവർ സോഷ്യൽ സൈറ്റുകളിൽ പോസ്റ്റു ചെയ്യുന്നവയുടെ നിജസ്ഥിതിയും കൃത്യതയും മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്ന സ്വഭാവത്തിൽ നിന്നും നാമോരോരുത്തരും വിട്ടു നിൽക്കേണ്ടതുണ്ട് .കലാപങ്ങളും സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ഷയർ ചെയ്യുന്നതിൽ അങ്ങേയറ്റത്തെ സൂക്ഷമത പാലിക്കാൻ നമുക്ക് കഴിയണം .പൊതുവായതും സ്വകര്യമായതുമായ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വിവേകപരമായി  പോസ്റ്റ്‌ ചെയ്യുകയും ഷയർ ചെയ്യുകയും ചെയ്യുക  എന്നത് സോഷ്യല്‍ മീഡിയയില്‍ വളരെ പ്രധാനമാണ് . തന്റെ സുഹൃത്തിന്റെ സ്വകാര്യമായതും എന്നാൽ അദ്ദേഹത്തിൻറെ സുഹൃത്ത് വലയത്തിലേക്കായി മാത്രം പോസ്റ്റ്‌ ചെയ്യപ്പെട്ടതുമായ കാര്യങ്ങൾ നാം ഒരിക്കലും മറ്റൊരാൾക്കായി ഷയർ ചെയ്തു പോകരുത്  . നമ്മുടെ  പോസ്റ്റുകളിലെ  ഓരോ കാര്യങ്ങളും വസ്തുതാപരമായി നമുക്ക്‌ സ്ഥാപിക്കാൻ കഴിയുന്നവയും  ഓരോ വിമർശനപരമായ കമന്റുകള്‍ക്കും ന്യായവും വസ്തുനിഷ്ടവുമായ അടിസ്ഥാനമുള്ളവയും ആകാൻ  നാം അതിയായ ശ്രദ്ദ പുലർത്തേണ്ടതുണ്ട്  .  .ഏതെന്കിലും ഒരവസ്ഥയില്‍ നമുക്ക്  തെറ്റു പറ്റിയെങ്കിൽ ഉടനടി ആ  തെറ്റ് തിരുത്താൻ തയാറാവുക എന്നത് ഒരു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിന്റെ വിശ്വാസ്യതയും സല്‍പേരും വര്‍ദ്ധിപ്പിക്കുന്നതായിരിക്കും എന്നത് തീര്‍ച്ചയാണ്  . ലോകത്തെല്ലായിടത്തും എന്ന പോലെ ഇന്ന് ഫേസ് ബൂക്കിലും ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടക്കുന്നത് ഇസ്ലാമും ഇതര മതങ്ങളും അല്ലെങ്കില്‍ ഇസ്ലാമും യുക്തിവാദവും തമ്മിലാണ് . എന്നാല്‍ ഈ വേദികളിലെല്ലാം ഇസ്ലാമിന്റെ ബാനറില്‍ പ്രത്യക്ഷപ്പെടുന്നവരിൽ നിന്നു  പോലും മറ്റുള്ളവരെ പോലെ അതല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി കൂടി കടന്നു കൊണ്ട്  ആക്രോശങ്ങളും ചീത്ത വിളികളും നടത്തുന്ന കമന്റുകളാണ് ഉണ്ടാകുന്നത്  എന്നത് എത്രമാത്രം ദുഖകരമാണ് . എന്നാൽ  ഈ മേഖലയിലെല്ലാം കടന്നു ചെല്ലുവാനും ഇസ്ലാമിന്റെ  സഹിഷ്ണുതയുടെയും , സത്യത്തിന്റെയും ,  സന്മാര്‍ഗത്തിന്റെയും മുഖം ഇതര മതസ്ഥര്‍ക്ക്‌ മുമ്പില്‍ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്  .ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയതയും തീവ്രവാദവും പ്രോല്‍സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പൊതു സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടു വരുവാനും തെറ്റിദ്ധാരണകള്‍ നീക്കി സൌഹാര്‍ദ്ദത്തിന്റെ , സമാധാനത്തിന്റെ പൊന്‍വെളിച്ചം പൊതു സമൂഹത്തിലേക്ക് പകർന്നു നൽകുവാനും  സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടേണ്ടതുണ്ട്  .

ഏറ്റവും സംക്ഷിപ്തമായി പറഞ്ഞാൽ മറ്റെല്ലായിടങ്ങളിലുമെന്നപോലെ സോഷ്യല്‍ മീഡിയയിലും  നാം ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും നമ്മൾ ഉത്തരവാദികളാണ് .അക്കാരണത്താല്‍ തന്നെ  നമ്മുടെ ചെയ്തികളുടെ നിയമപരമായ വശങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്  .അന്യരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നിവയ്ക്കെല്ലാം നിയമ പരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നു എല്ലാവരും മനസ്സിലാക്കേണ്ടത് പരമ പ്രധാനമാണ് .വളരെയേറെ  പ്രവാസികൾ  സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്ന  വാർത്തകൾ സൂചിപ്പിക്കുന്നത് അന്യരാജ്യത്തിരുന്നു കൊണ്ട് സോഷ്യൽ മീഡിയകളിൽ എന്തും ചെയ്യാം എന്ന ധാരണ പ്രവാസികളിലെ ഒരു വിഭാഗത്തിനുണ്ട് എന്നതാണ് .അച്ചടി മാധ്യമങ്ങൾക്ക് ബാധകമായ നിയമങ്ങളെക്കാൾ പതിൻമടങ്ങ്‌ കർക്കശമാണ്  ഐ ടി ആക്ടിലെ വകുപ്പുകൾ എന്ന് ഓരോ ലോഗിൻ ക്ളിക്കിലും  ഓർമ വരുന്നത് നന്നായിരിക്കും .

***'ഫോകസ് ജിദ്ദ'യുടെ 'യുവാക്കളും സോഷ്യൽ മീഡിയയും 'എന്ന സെമിനാറിനു  വേണ്ടി തയ്യാറാക്കിയത് ****
ചിത്രങ്ങൾ : ഗൂഗിൾ 

Sunday, November 3, 2013

ഒരു ഇക്കിളി പീഡനവും കുറെ മാധ്യമങ്ങളും

രാവിലെ ഓഫീസിലെത്തി ഓണ്‍ലൈൻ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോഴാണ് ആ വാർത്ത ആദ്യമായി കാണുന്നത്.'ശ്വേതാ മേനോൻ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു'. പീഡനം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്  ആദ്യം കടന്നു വരുന്നതു എന്താണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളക്കരയിൽ കു(?)പ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയായതിനാൽ തന്നെ ഇവരെയും പീഡിപ്പിക്കുകയോ എന്ന സംശയത്തോടെയാണ്  വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടന്നത് .അപ്പോഴാണ്‌ സംഭവത്തിന്റെ ഏകദേശ രൂപം മനസ്സിലാകുന്നത് . കേരളപ്പിറവി ദിനത്തിൽ കൊല്ലത്തൊരു വള്ളം കളി നടക്കുന്നു . പ്രത്യേക ക്ഷണിതാവായി ഈ വ്യക്തി പരിപാടിയിൽ പങ്കെടുക്കുന്നു. സംഭവ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ കാറിൽ വെച്ചും വേദിയിൽ വെച്ചും അവർ പീഡിപ്പിക്കപ്പെട്ടത്രേ . കുറെയൊക്കെ ബോൾഡ് ആണെന്നും  ഒരു സാദാരണ പെണ്‍കുട്ടിയേക്കാൾ ധൈര്യവതിയുമാണ്‌ ഈ നടി എന്നാണു ഞാൻ കരുതിയിരുന്നത് . എന്തായാലും വൈകുന്നേരം ചാനലുകളിൽ ആണത്രേ ഈ പീഡന വിവരം ആദ്യമായി വിളിച്ചു പറയുന്നത് .ഒരു സിനിമാ കഥപോലെ കുറച്ചു സസ്പൻസ് കൊണ്ടുവരുവാനും ബോധപൂർവം ശ്രമിച്ചു എന്നാണ് കേൾക്കുന്നത്. ആരാണ് പീഡനം നടത്തിയതെന്നു ആദ്യം പറഞ്ഞില്ല . ഫ്ലാഷ് ന്യൂസിനു വകയില്ലാതെ വായും പൊളിച്ചിരിക്കുന്ന മാധ്യമങ്ങൾക്ക് കിട്ടിയതോ നല്ലൊരു അവസരം. പിന്നെ അവരുടെ വക അന്വേഷണങ്ങളായി , ചർച്ച കളായി . അവസാനം കണ്ടു പിടിച്ചിരിക്കുന്ന പ്രതിയോ?  ചില്ലറക്കാരനല്ല . ഒരു കോണ്ഗ്രസ് എം.പി .

കോണ്ഗ്രസ് എം .പി പീഡിപ്പിക്കുന്നു എന്നതിനു മാധ്യമങ്ങൾ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങൾ ഏകദേശം എല്ലാവരും കണ്ടിരിക്കും. ആ ദൃശ്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് ഒരു ജനകൂട്ടത്തിനുള്ളിൽ സാദാരണയായി ഉണ്ടാകാൻ സാധ്യതയുള്ള ചില കൂട്ടി മുട്ടലുകളല്ലാതെ മറ്റെന്താണ്?. ഇനി ഇതിനപ്പുറം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തിരിഞ്ഞു നിന്നു സുനന്ദ പുഷ്കർ പണ്ടു തിരുവനന്തപുരത്തു ചെയ്തപോലെ ചെകിടടച്ചു ഒരടി വെച്ചു കൊടുക്കാൻ കഴിയാത്തത്ര അബലയായിരുന്നോ ഈ 'പീഡിപ്പിക്കപ്പെട്ടവൾ'?. അതു ചെയ്യാനുള്ള തന്റേടം കാണിക്കാതെ എല്ലാം കഴിഞ്ഞു വീട്ടിൽ  പോയി ഈ വിഷയത്തിന്റെ നല്ല മാർകെറ്റിങ്ങ് സാധ്യത മനസ്സിലാക്കികൊണ്ട്  കാമറ കണ്ണുകൾക്ക് മുൻപിലിരുന്നു പരാതി പറയുന്നവരെ കുറിച്ചു എന്താണ് പറയുക.'അവള്‍ ഒന്നു ഉറക്കെ  കരഞ്ഞിരുന്നെന്കില്‍ , ഒന്നു ഒച്ച  വെച്ചിരുന്നെങ്കില്‍ ' എന്ന അന്തരിച്ച  സിനിമാ നടന്‍ സോമന്റെ ഒരു ഡയലോഗ് പോലെ പരസ്യമായി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ 'താര 'മാകുമായിരുന്നു .

                                                      വീഡിയോ കാണാത്തവര്‍ക്ക് ഇവിടെ കാണാം 

ഈ വിഷയം ആഘോഷിക്കുന്ന മാധ്യമങ്ങളോടും  സോഷ്യൽ മീഡിയ ആക്ടിവിസ്ടുകളോടും  ഒരു രണ്ടു വാക്ക് കൂടി പറഞ്ഞോട്ടെ. ശ്വേതാ മേനോൻ മാത്രമല്ല കേരളത്തിൽ സ്ത്രീയായിട്ടുള്ളത്. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്ത തരത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്. എന്നാല്‍ ഇവിടെ ഒരു രാഷ്രീയകാരന്റെ പേരുള്ളതിനാൽ നല്ല മാർക്കറ്റ് കിട്ടുമെന്ന ഒരൊറ്റ കാരണത്താൽ മാത്രം ഈ വിഷയം കുടുംബ സദസ്സുകൾക്കു മുൻപിൽ വീണ്ടും വീണ്ടും ഇക്കിളി വാർത്തകളായി വിളമ്പുന്നവർ, രണ്ടു ദിവസം മുന്പ് മാതാവിന്റെ കാമ ഭ്രാന്തിന്റെയും  അഴിഞ്ഞാട്ടത്തിന്റെയും ഇരയായി ,  ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും  തലക്കടിയേൽക്കുകയും ചെയ്തു   വിരിയുന്നതിനു മുൻപ് കൊഴിഞ്ഞു പോകേണ്ടി വന്ന ഒരു പിഞ്ചു പൈതലിന്റെ വാർത്തയുടെ കവറേജ് എത്രയായിരുന്നു. അതുപോലെ ഒരു കൂട്ടം മദ്യപാനികൾ  ഒരു വീട്ടമ്മയെ നഗനയാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിനു എത്രത്തോളം പ്രാധാന്യമുണ്ടായി നിങ്ങളുടെ വാർത്താ ബുള്ളറ്റിനുകളിൽ?. നിരന്തരമായ മാധ്യമ ചർച്ചകൾ ഈ വിഷയങ്ങളില്‍ നിങ്ങൾ നടത്തിയിരുന്നോ? 

തെറ്റു ചെയ്തവര്‍ ആരുതന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. അത് ജനപ്രതിനിധികളോ സമൂഹത്തിനു മത്രുകയാവേണ്ടവരോ ആണെങ്കില്‍ അവര്‍ കഠിനമായ ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട് . എന്നാല്‍ കേവലം ഒരു പെണ്ണിന്റെ വാക്കു കൊണ്ടു മാത്രം ഒരാളെ കുറ്റാരോപിതനാക്കുന്ന നിലവിലെ സമ്പ്രദായത്തില്‍ നിന്നും മാധ്യമങ്ങളും പൊതു സമൂഹവും പിന്തിരിയാന്‍ തയാറാവണം  . കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയും എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കല്‍ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. അനാവശ്യ ബഹളങ്ങളിലും ചര്‍ച്ചകളിലുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും താല്പര്യമുള്ളത്. സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും   ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .