Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, December 1, 2015

ചരിത്ര ഭൂമിയിൽ ഒരു ദിവസം

ചരിത്ര വിസ്മയങ്ങളാൽ നിറഞ്ഞു നിൽക്കുന്ന നഗരമാണ് പ്രവാചക നഗരം അഥവാ 'മദീന മുനവ്വറ '. നിരവധി സന്ദർശന തീര്‍ഥാടന  യാത്രകൾ ഒറ്റക്കും കൂട്ടായും ഈ പുണ്യ നഗരിയിലേക്ക് സംഘടിപ്പിക്കപ്പെടുന്നുണ്ട്. മദീനയുടെ പുണ്യം തേടി നിരവധി യാത്രകൾ നടത്താൻ എനിക്കും സാധിച്ചിട്ടുണ്ട്. ആ നഗരത്തിന്റെ  ശാന്തതയും സൗന്ദര്യവും ആവോളം ആസ്വദിക്കുവാനും അതിലേറെ അന്ത്യവിശ്രമം കൊള്ളുന്ന മുത്ത് റസൂലിനും സഹാബത്തിനുമൊരു സലാം ചൊല്ലി മസ്ജിദുന്നബവിയിലിരുന്നു ദുഅ ചെയ്യാനും  ആഗ്രഹിക്കാത്ത ഏതെങ്കിലും ഒരു വിശ്വാസിയുണ്ടാകുമോ ?. മദീനയുടെ തെരുവോരങ്ങളിലൂടെ  സഞ്ചരിക്കുമ്പോഴും ഹോട്ടൽ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പോലും പുണ്യ റസൂലിന്റെയും സഹാബത്തിന്റെയും കാൽ പാദങ്ങൾ ഏറ്റുവാങ്ങിയ മണ്ണിലാണല്ലോ ഞാനുള്ളതെന്ന വിചാരം മനസ്സിലും ശരീരത്തിലും വല്ലാത്തൊരനുഭവം പകർന്നു നൽകാറുണ്ട്. വായിച്ചും കേട്ടുമറിഞ്ഞ അക്കാലത്തെ ജന ജീവിതവും കഷ്ടപ്പാടുകളും സഹനവും  ഇന്നത്തെ കൂറ്റൻ കെട്ടിടങ്ങളും ഹോട്ടൽ സമുച്ചയങ്ങളും കാണുമ്പോൾ മനസ്സിലേക്ക് അകകാഴ്ചകളായി പറന്നിറങ്ങാറുണ്ട്. മദീനയിലേക്കുള്ള നമ്മുടെ ഒട്ടുമിക്ക യാത്രകളും ഉഹ്ദ് ,ബദർ ,കുബാമസ്ജിദ് , ഖൻദക്ക് ,മസ്ജിദ് കിബ് ലതൈൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു മസ്ജിദുന്നബവിയിൽ സമാപിക്കുകയാണ് പതിവ്. എന്നാൽ ഇസ്ലാമിക  ചരിത്രത്തിനു സാക്ഷിയായ എത്രയോ സ്ഥലങ്ങളും കാഴ്ചകളും മദീനയിൽ ഇനിയും  ഉറങ്ങി കിടക്കുന്നുണ്ട് . ആ കാഴ്ചകളിലേക്കൊരു യാത്ര പോകുവാൻ ഫോക്കസ് ജിദ്ദ തീരുമാനിക്കുമ്പോൾ ആദ്യ ബുക്കിംഗ് നടത്തി ആവേശത്തോടെയും ആഗ്രഹത്തോടെയും ആ ദിനത്തിനായി  കാത്തിരിക്കുകയായിരുന്നു.

പ്രവാസിയുടെ ഉത്സവ ദിനമെന്നു പറയാവുന്ന വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് ഞങ്ങൾ ജിദ്ദയിൽ നിന്നും യാത്ര പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാൽപത്തി എട്ടോളം ആളുകളടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. നല്ലൊരു വാഹനവും ഡ്രൈവറുമാണ് നമ്മുടെ കൂടെയുള്ളതെന്നു ഉറപ്പിക്കാനായാൽ യാത്രയിലെ പ്രാർത്ഥന ചൊല്ലി ആകുലതകളില്ലാതെ നമുക്കായാത്ര ആവോളം ആസ്വദിക്കാം. ഭാഗ്യമെന്നു പറയട്ടെ , ഞങ്ങളുടെ  ഡ്രൈവർ ഞങ്ങളിതുവരെ കണ്ടിട്ടില്ലാത്തത്ര സമർത്ഥനും അതിലേറെ മാന്യ വ്യക്തിത്വവുമാണെന്നാദ്യമേ ബോധ്യപ്പെട്ടു. യാത്ര തുടങ്ങിയ ഉടനെ തന്നെ ക്യാപ്റ്റൻമാരായ ജരീർ വേങ്ങരയും മുസ്തഫ വാഴക്കടവും യാത്രയെ കുറിച്ച് വിശദീകരിച്ചു. വിശ്രമത്തിനു പ്രത്യേക സമയമില്ല എന്നറിഞ്ഞതോടെ പലരും സംസാരമൊക്കെ നിർത്തി ഉറക്കത്തിലേക്ക് പതിയെ ഊർന്നിറങ്ങി . പിന്നീട്  കൃത്യം നാലര മണിക്കൂർ  കഴിയുമ്പോൾ ക്യാപ്റ്റന്റെ അനൌണ്‍സ്മെന്റ് കേട്ടാണ് പലരും ഉണർന്നത്. മദീനയിൽ ഞങ്ങൾക്കായി മുൻകൂട്ടി തയ്യാറാക്കിയ ഹോട്ടലിനടുത്ത് എത്തിയിരിക്കുന്നു. എല്ലാവരും തങ്ങളുടെ ബാഗുകളെടുത്ത് ഹോട്ടലിലേക്ക് നടക്കുമ്പോൾ രാവിലെ ഏഴു മണിക്ക് യാത്ര തുടരുമെന്ന് ക്യാപ്റ്റൻ വീണ്ടും ഞങ്ങളെ  ഓർമിപ്പിച്ചു.

മസ്ജിദുന്നബവിയിൽ ഫജ്ർ നമസ്കാരവും സിയാറത്തും കഴിഞ്ഞു  രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങളെല്ലാവരും ഇസ്ലാമിന്റെ ചരിത്രമുറങ്ങുന്ന മദീനയുടെ വിരിമാറിലൂടെ യാത്ര  തുടങ്ങി.  വഴികാട്ടികളായി മദീന ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദ്‌ സാഹിബും മുഹമ്മദ്‌ ഹുസൈൻ  മടവൂരും ഞങ്ങൾക്കൊപ്പമുണ്ട്.  ഞങ്ങളാദ്യം പോയത്  ഇസ്ലാമിക ചരിത്രത്തിലെ രണ്ടാമത്തെ യുദ്ധം നടന്ന ഉഹ്ദ് മലയുടെ താഴ് വരയിലേക്കാണ്. നിരവധി തവണ ഞങ്ങളെല്ലാവരും ഇവിടെ സന്ദർശിച്ചിട്ടുള്ളതാണ്. എന്നാൽ ഞാനടക്കമുള്ള പലരും രാത്രിയിലാണ് മുമ്പ് ഇവിടെ സന്ദർശിച്ചിട്ടുണ്ടായിരുന്നത്. രാത്രിയിലെ ഉറങ്ങി കിടക്കുന്ന ഉഹ്ദ് താഴ്‌വര പകലിൽ എത്രമാത്രം  സജീവമാണെന്ന് ഞങ്ങൾ കണ്ടു. സന്ദർശകരെ കൊണ്ട് അവിടെമാകെ നിറഞ്ഞിരിക്കുന്നു. ജബലു റുമാത്ത് എന്ന പേരിൽ അറിയപ്പെടുന്ന , ഉഹ്ദ് യുദ്ധത്തിൽ അൻപത് അമ്പെയ്ത്തുകാരെ പാറാവുകാരായി നബി (സ ) നിർത്തിയ ജബലു ഐനും ശുഹദാക്കളുടെ മഖു്ബറക്കും ഇടയിലായി നൂറു കണക്കിന് വഴിയോര കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നു. ജബലു റുമാത്തിൽ കയറി നിന്നു താഴെ നടക്കുന്ന കച്ചവടവും പരിസര പ്രദേശങ്ങളിലുമെല്ലാം ഒന്നു കണ്ണോടിച്ചു  കൊണ്ടിരിക്കുന്നതിനിടയിലാണ്  വേഗം ബസിൽ കയറാനായി ക്യാപ്റ്റന്റെ അഭ്യർത്ഥന വന്നത്.
മദീന ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് സാഹിബും മുഹമ്മദ്‌ ഹുസൈന്‍ മടവൂരും ഉഹ്ദില്‍ 

ഉഹ്ദിലെ വിവിധ കച്ചവടക്കാർ 

ഉഹ്ദിലെ ഈത്തപ്പഴ കച്ചവടം 

ശുഹദാക്കളുടെ മഖ് ബറക്ക് മുന്നിൽ 


ജബലു റുമാത്തിൽ നിന്നൊരു ദൃശ്യം 

ഉഹ്ദ് യുദ്ധത്തിൽ നബി (സ )യെ സഹാബികൾ സംരക്ഷിച്ചെന്നു പറയപ്പെടുന്ന  സ്ഥലം 

ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനത്തെ കുറിച്ച് മുഹമ്മദ്‌ സാഹിബ്  വിശദീകരിക്കാൻ തുടങ്ങി. ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കൾക്ക് മേൽകോയ്മ കിട്ടിയ സമയത്ത്  സഹാബത്ത് മുഴുവനായി നബി (സ) യുടെ ചുറ്റും നിന്ന് അദ്ദേഹത്തിനു സംരക്ഷണ വലയമൊരുക്കി. തുടർന്ന് ഉഹ്ദ് മലയുടെ അടിഭാഗത്തായുള്ള ഒരു ചെറിയ ഗുഹയിൽ കൊണ്ടു പോയി നബി (സ) യ്ക്ക് വിശ്രമം നൽകിയ  ചരിത്രം  അദ്ദേഹം വിശദീകരിച്ചപ്പോഴേക്കും ഞങ്ങൾ അവിടെ എത്തികഴിഞ്ഞിരുന്നു. ഉഹ്ദ് മലയുടെ ഒരറ്റത്ത്  ഏകദേശം മദ്ധ്യത്തിലായാണ് ഈ ഗുഹ നിലകൊള്ളുന്നത് . വളരെയേറെ സന്ദർശകർ ആ ഗുഹയിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട് . ഞങ്ങളിൽ പലർക്കും ഗുഹയുടെ ഉള്ളിലേക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷേ , വെള്ളിയാഴ്ചയായതിനാലും  ഷെഡ്യൂൾ ചെയ്ത സമയ ക്രമം കൃത്യമായി പാലിക്കണമെന്നതിനാലും  ഞങ്ങൾ അങ്ങോട്ട്‌  നീങ്ങാതെ അടുത്ത ലക്ഷ്യ സ്ഥാനത്തേക്കായി  യാത്ര തുടർന്നു.

മദീനയിൽ നിന്നല്പം ദൂരമുള്ള  വാദീ ബൈളാഇലേക്കാണ്  ഞങ്ങൾ യാത്ര ചെയ്യുന്നത്  . ജിന്ന് താഴ് വര എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ടത്രേ. ഇവിടേക്കുള്ള വഴിയിൽ നമ്മുടെ നാട്ടിലേതിനു  സമാനമായൊരു കാഴ്ചയുണ്ട്. വെള്ളം നിറഞ്ഞു നിൽക്കുന്ന ഒരു ചെറിയ ഡാമും നല്ല പച്ചപ്പും. മടക്കത്തിൽ അവിടെ ഇറങ്ങി കുറച്ചു ഫോട്ടോസ് എടുക്കണമെന്ന് പലരും പറഞിരുന്നെങ്കിലും അതു നടന്നില്ല. കയറ്റമെന്നു തോന്നുന്ന റോഡിൽ   വാഹനങ്ങൾ തനിയെ നീങ്ങുന്ന അത്ഭുതമാണ് ഇവിടെയുള്ളതെന്നു മുഹമ്മദ്‌ സാഹിബ് വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഈ അത്ഭുത പ്രതിഭാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു .ചെറിയ മലകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശമാണ് വാദീ ബൈളാഅ്‌.  അവിടേക്കെത്തുമ്പോൾ റോഡിനിരുവശത്തുമായി ആളുകൾ കൂടി നിൽക്കുന്നുണ്ട്. ചിലർ വാഹനങ്ങളുമായും വെള്ള കുപ്പികളുമായോക്കെ പരീക്ഷണം നടത്തുന്നു . ഡ്രൈവർ ബസ് നിർത്തി.  ഞങ്ങളുടെ പിൻ വശത്തെ റോഡ്‌  ചെറിയൊരു കയറ്റമായി എല്ലാവർക്കും തോന്നുന്നുണ്ട്. ഡ്രൈവർ ബസിനെ  ന്യൂട്രൽ  പൊസിഷനിലേക്ക് മാറ്റി രണ്ടു കാലും സീറ്റിലായി ഇരുന്നു. അത്ഭുതം തന്നെ , ബസ് പതിയെ പിന്നോട്ട് നീങ്ങി സ്പീഡ് കൂടാൻ തുടങ്ങി.   ഞങ്ങളെല്ലാവരും ബസിൽ നിന്നിറങ്ങി നോക്കുമ്പോൾ പലരും തർക്കത്തിലായി . റോഡിനു കയറ്റമില്ലെന്നും ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ മാത്രമാണെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടു. ഞങ്ങൾ കുറച്ചു കൂടി മുന്നോട്ട് പോയി . പലരും പലവിധ ന്യായങ്ങളായും പലവിധത്തിലും ഈ പ്രതിഭാസത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. ഏതായാലും  അവിടെ നിന്നും തിരിച്ചു പോരുമ്പോഴാണ് വാദീ ബൈളാഇന്റെ ശരിക്കുമുള്ള അത്ഭുതം മനസ്സിലാകുന്നത്. സമനിരപ്പായ റോഡിലൂടെ   ന്യൂട്ടർ പോസിഷനുള്ള ബസ്  എഴുപത് -എണ്‍പത് കിലോമീറ്റർ സ്പീഡിൽ തനിയെ ഓടുകയാണ്. അതോടുകൂടി വാദീ ബൈളാഇന്റെ പ്രത്യേകത എല്ലാവർക്കും  ബോധ്യമായി.
വാദീ ബൈളാ അ്‌

തനിയെ പിറകോട്ട് പോകുന്ന ബസ് 

വാദീ ബൈളാ അ്‌

വാദീ ബൈളാ അ്‌

വാദീ ബൈളാ അ്‌

വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅക്ക് മുമ്പുള്ള ഞങ്ങളുടെ ഷെഡ്യൂൾ ഏകദേശം തീരുകയാണ്. ജുമുഅ നമസ്കാരം മസ്ജിദു നബവിയിലാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് . മദീനയിലേക്കൊരല്പം യാത്രയുണ്ട്. ക്വിസ് മാസ്റ്റർ അബ്ദുൽ ജലീൽ സി.എച്ച്  ആ സമയം ഫലപ്രദമായി ഉപയോഗിച്ചു . മദീനയിലെത്തുന്നതോട് കൂടി മുഹമ്മദ്‌ സാഹിബ്  'ബിഅ്‌ർ ഉസ്മാൻ' എന്ന പുരാതനമായ  കിണറിനെ കുറിച്ച് സൂചിപ്പിച്ചു. ഞങ്ങളുടെ അമീർ അബ്ദു സ്സലാം സ്വലാഹി അതിന്റെ ചരിത്ര പശ്ചാത്തലം  കൂടി വിശദീകരിച്ചു. നബി (സ ) യും സഹാബത്തും ഹിജറ വന്ന കാലത്ത് മദീനയിൽ അതിയായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു. ആ സമയത്ത് കുറച്ചെങ്കിലും വെള്ളമുണ്ടായിരുന്ന ആ കിണർ ഒരു ജൂതന്റെ കൈവശമായിരുന്നു. വിശ്വാസികൾ പലവിധത്തിൽ ഈ കിണറിൽ നിന്നും വെള്ളമെടുക്കാൻ അനുവാദം ചോദിച്ചെങ്കിലും  അതൊരു  പൊതു കിണറാക്കി മാറ്റുവാൻ അദ്ദേഹം തയ്യാറായില്ല. അപ്പോൾ ഉസ്മാൻ (റ ) തന്റെ കൈവശമുണ്ടായിരുന്ന മുപ്പത്തി അയ്യായിരം ദീനാർ നൽകി ആ  കിണർ ജൂതനിൽ നിന്നും വിലക്കു വാങ്ങി പൊതു കിണറായി വഖഫ് നൽകി എന്നാണു ചരിത്രം.  കിണറിന്റെ ചരിത്ര പശ്ചാത്തലം കൂടി  കേട്ടപ്പോൾ  കാണാനുള്ള ഞങ്ങളുടെ ആഗ്രഹം വർദ്ധിച്ചു. പക്ഷേ , അവിടെക്കുള്ള സന്ദർശനം ഇപ്പോൾ അനുവദിക്കുന്നില്ലെന്നും  കിണർ നിൽക്കുന്ന മസ്റയുടെ കോമ്പൌണ്ട് മാത്രമേ നമുക്ക് കാണാൻ സാധിക്കൂ എന്നു കൂടി  മുഹമ്മദ്‌ സാഹിബ് പറഞ്ഞപ്പോൾ  ഞങ്ങളൽപ്പം  നിരാശരായി. അവസാനം  അതെങ്കിൽ അതെന്ന മട്ടിൽ ഞങ്ങൾ അങ്ങോട്ട്‌ യാത്ര തിരിച്ചു. കോമ്പൌണ്ട് ഗേറ്റിനരികിൽ ഡ്രൈവർ ബസ് നിർത്തുമ്പോൾ ഒരാൾ ഗേറ്റ് തുറന്നു അകത്തേക്ക് പോകുന്നത് കണ്ടു. അദ്ദേഹത്തോടോന്നു അനുവാദം ചോദിച്ചു നോക്കുവാൻ  ഡ്രൈവറാണ് ഞങ്ങളോട്  പറഞ്ഞത്. മുഹമ്മദ്‌ സാഹിബ്  അദ്ദേഹത്തോട് സലാം ചൊല്ലി അനുവാദം ചോദിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടതാ ഗെയ്റ്റ്  ഞങ്ങൾക്കായി തുറക്കപ്പെടുന്നു. എല്ലാവരും ധൃതിയിൽ ബസിൽ നിന്നും ഇറങ്ങി കിണറെവിടെ എന്നു തിരക്കാൻ  തുടങ്ങി. അവസാനം ആ സഹോദരനോട് തന്നെ ചോദിച്ചപ്പോഴാണ് അയാൾ അവിടെ ജോലി ചെയ്യുന്നയാളല്ലെന്നും അവിടെയുള്ള അയാളുടെ സുഹൃത്തിന്റെ അടുത്തേക്ക് വിരുന്നു വന്നതാണെന്നും അറിയുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഒരേടവിടെയുള്ളത് ആ പാവം അറിയുന്നത് ഞങ്ങൾ പറയുമ്പോൾ മാത്രമാണത്രേ.  എവിടെ തിരയണം എന്ന് ഞങ്ങൾ സംശയിച്ചു നിൽക്കുമ്പോൾ ഞങ്ങളിൽ നിന്നു തന്നെ ഒരാൾ പറഞ്ഞു " അതാ കയറും കപ്പിയും  കാണുന്നു ". പിന്നെ എല്ലാവരും ഒരോട്ടമായിരുന്നു ആ ഭാഗത്തേക്ക്. ഇരുമ്പു കമ്പികളാൽ അവിടെ  വേലി കെട്ടിയിട്ടുണ്ട് . കിണർ സമ ചതുരത്തിലാണോ എന്നും തോന്നുന്നുണ്ട്. ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മുകൾ ഭാഗം മറച്ചിട്ടുമുണ്ട് . വെള്ളം കോരാനുള്ള കയറും കപ്പിയുമൊക്കെ റെഡി. കൂടാതെ പമ്പ് സെറ്റുകളും ഉപയോഗിക്കുന്നുണ്ട്. കമ്പി വേലിക്കിപ്പുറം ഫോട്ടോ എടുക്കാൻ ഞങ്ങൾ മത്സരിച്ചു. ആയിരത്തി നാനൂറിൽ പരം വർഷങ്ങൾ പഴക്കമുള്ള ഒരു കിണർ, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ ആ നീരുറവക്കരികിൽ അക്കാലത്ത് കാത്ത് നിന്നിട്ടുണ്ടാവുന്ന ഒരു കൂട്ടം മനുഷ്യരെ ഞാൻ മനസ്സിൽ കണ്ടു. ദാഹിച്ചു വലഞ്ഞു വരുന്ന എത്രയെത്ര ആളുകളെയായിരിക്കും ആ  കിണർ ആശ്വാസത്തോടെയും സന്തോഷത്തോടെയും മടക്കി വിട്ടിട്ടുണ്ടാവുക. അതുപോലെയാവില്ലെങ്കിലും  അപ്രതീക്ഷിതമായി ആ കിണർ കാണാൻ സാധിച്ചതിലുള്ള അതിയായ സന്തോഷവുമായി ഞങ്ങളും  മടങ്ങി .
ബിഅ്‌ർ ഉസ്മാന്റെ പടം പിടിക്കുന്നവർ 
ബിഅ്‌ർ ഉസ്മാൻ 


അവിടെ നിന്നും ഞങ്ങൾ നേരെ പോയത് മസ്ജിദുന്നബവിയിലേക്കാണ്. ജുമുഅ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ്  വീണ്ടും യാത്ര തുടർന്നു. മദീനയിലെ പ്രധാന ജൂത കുടുംബമായിരുന്ന ബനൂ ഖുറൈള ഗോത്രം താമസിച്ചിരുന്ന ഭാഗത്തേക്കാണ് ഞങ്ങൾ പോകുന്നത്. ഹിജ്റയുടെ ആദ്യകാലത്ത് മുസ്ലിംകളുമായി സന്ധിയുണ്ടാക്കുകയും പിൽക്കാലത്ത് മുസ്ലിംകളുടെ ശത്രുക്കളായി മാറുകയും ചെയ്തവരാണ്  ബനൂ ഖുറൈള ഗോത്രക്കാർ.  കഅബ് ബ്നു അഷ്റഫ് എന്ന ബനൂ ഖുറൈള ഗോത്രത്തിലെ പ്രധാനിയുടെ വീടിന്റെ അവശിഷ്ടങ്ങൾ നമുക്കവിടെ കാണാം. വലിയ കരിങ്കൽ കട്ടകൾ കൂട്ടിവെച്ചുണ്ടാക്കിയ ആ വീട് ഒരു കോട്ട പോലെ തോന്നിക്കും. അതിനോടനുബന്ധിച്ചു തന്നെ ജൂത ഗോത്രത്തിന്റെ കൈവശമുണ്ടായിരുന്ന ഈന്തപ്പന തോട്ടങ്ങളും അവിടെയുണ്ട്. അധികം പ്രായമാകാത്ത തോട്ടമാണ് തൊട്ടടുത്തുള്ളത്. ഈന്തപ്പനകൾക്കിടയിൽ നിന്നെല്ലാവരും ഓരോ   ഫോട്ടോ എടുത്തു ഞങ്ങൾ അവിടെ നിന്നും അടുത്ത കാഴ്ചകളിലേക്ക് നീങ്ങി.
കഅബു ബ്നു അഷ്റഫിന്റെ കോട്ടയുടെ ഭാഗങ്ങൾ 

കഅബു ബ്നു അഷ്റഫിന്റെ കോട്ടയുടെ ഭാഗങ്ങൾ 

ഈന്തപ്പന തോട്ടത്തിൽ നിന്നും 

അവിടെ നിന്നും ഞങ്ങൾ നേരെ പോയത് 'കത്തിയ മല ' കാണാൻ വേണ്ടിയാണ്. ഹിജ്റ 654 ലാണ് ആ സംഭവം നടന്നത്. മദീനയിൽ നിന്നല്പം ദൂരെയുള്ള മലയിൽ ശക്തിയായ അഗ്നിസ്ഫോടനമുണ്ടാകുകയും ആളികത്തിയ ആ തീയുടെ ചൂട് മദീനയിലേക്ക് പോലും അനുഭവപ്പെട്ടു എന്നുമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഹിജാസിൽ നിന്നും തീ ഉയരുകയും ആ തീയെ ബസ്രയിൽ നിന്നു കാണാൻ കഴിയുകയും ചെയ്യാതെ അന്ത്യനാൾ സംഭവിക്കുകയില്ല എന്നൊരു പ്രവാചക വചനമുണ്ടെന്ന് അബ്ദു സ്സലാം സ്വലാഹി സൂചിപ്പിച്ചു. കത്തിക്കരിഞ്ഞ മണ്ണുമായി നിൽക്കുന്ന മലയുടെ പകുതിയോളം ഭാഗം ഇടിച്ചു നിരത്തിയിട്ടുണ്ട്.
കത്തിയ മല 

മല ഇടിച്ചു നിരപ്പാക്കിയ സ്ഥലം 

അവിടെ നിന്നും മടങ്ങുമ്പോഴാണ് ആയിശ (റ )വിന്റെ സഹോദരീ പുത്രനും പ്രമുഖ താബിഉമായ  ഉർവത്തുബ്നു സുബൈറിന്റെ കോട്ടയുണ്ടായിരുന്ന സ്ഥലം സന്ദർശിക്കുന്നത്. മദീനയിലെ നല്ല കൃഷിയിടങ്ങളുണ്ടായിരുന്ന ഭാഗമായിരുന്നു ഇതെന്നു പറയപ്പെടുന്നു. വലിയ കരിങ്കല്ലുകളിൽ തീർത്ത കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇന്നവിടെയുള്ളത്. വളരെ വലിയൊരു കിണറും അവിടെയുണ്ട്. തൊട്ടടുത്തായി കോട്ട പുനർ നിർമിച്ചതാണെന്ന് കരുതാവുന്നൊരു പുതിയ കോട്ടയും അവിടെ കാണാം. ഇങ്ങനെയൊരു വലിയ കോട്ട എന്തിനായിരുന്നു എന്നതിനു വ്യക്തമായ കാരണങ്ങളൊന്നും ചരിത്ര ഗ്രന്ഥങ്ങളിൽ വായിക്കാൻ സാധിച്ചിട്ടില്ല എന്നാണു പണ്ഡിതർ അഭിപ്രായപ്പെടുന്നത് .
ഉർവത്തു ബ്നു സുബൈറിന്റെ പുനർ നിർമിച്ച കോട്ട  

കോട്ടയുടെ ഭാഗങ്ങൾ 

സമയം നാലു മണി കഴിഞ്ഞിട്ടേയുള്ളൂ . ഞങ്ങളുടെ മുന്നിൽ  ഇനിയും വിസ്മയിപ്പിക്കുന്ന ചരിത്ര സ്ഥലങ്ങൾ ഏറെയുണ്ട്. അതോടൊപ്പം തൊട്ടടുത്ത ദിവസം ജോലിയുള്ള നിരവധിയാളുകളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അതുകൊണ്ട് ബാക്കിയുള്ള സമയം  മദീനയുടെ ഉള്ളിലുള്ള സ്ഥലങ്ങൾക്കായി വിനിയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മസ്ജിദുന്നബവിയിൽ നിന്നും അകലെയല്ലാതെ ഹിജാസ് റയിൽവേ സ്റ്റേഷനും അതിനോടനുബന്ധിച്ചൊരു മ്യൂസിയവും ഉള്ളതായി മുഹമ്മദ്‌ സാഹിബ് നിർദേശിച്ചപ്പോൾ അവസാന സന്ദർശനം അവിടെ തന്നെയാകട്ടെയെന്നു ഞങ്ങൾ തീരുമാനിച്ചു. വെള്ളിയാഴ്ചയായതിനാൽ അഞ്ചു  മണി മുതൽ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിനു മുൻപിൽ  പച്ച പുതച്ചു കിടക്കുന്ന ചെറിയ പാർക്കിൽ എല്ലാവരും അല്പം വിശ്രമിക്കുകയും  ഫോട്ടോകൾ  പകർത്തുകയും ചെയ്തു കൊണ്ടിരുന്നു . കൃത്യം അഞ്ചു മണിക്ക് തന്നെ പ്രവേശന കവാടം തുറക്കപ്പെട്ടു. പ്രവേശനം തികച്ചും സൗജന്യമാണ് . ഞങ്ങളെ കൂടാതെ വളരെ കുറച്ചു ആളുകൾ മാത്രമാണവിടെ ഉണ്ടായിരുന്നത് . ഞങ്ങളുടെ കൂട്ടത്തിൽ വീഡിയോ അടക്കം നാലു കാമറമാന്മാർ കൂടിയുണ്ട് . ഞങ്ങൾ നാലുപേരും ഏറ്റവും പിന്നിലായാണ് നിന്നത്. ഞങ്ങൾ ഇന്നുവരെ സന്ദർശിച്ച മ്യൂസിയങ്ങളിൽ ഒന്നിലും കാമറ അനുവദിക്കാറില്ല. അതുകൊണ്ട്  പുറത്തിരിക്കേണ്ടി വരുമോ എന്നവസാന നിമിഷം വരെ ഞങ്ങൾ ചിന്തിച്ചുവെങ്കിലും യാതൊരു ചോദ്യം പോലും നേരിടാതെ ഞങ്ങൾ കാമറയുമായി 'ധൈര്യ 'പൂർവ്വം  അകത്ത് കയറി .



ഹിജാസ് റയിൽവെ സ്റ്റേഷനാണ് മ്യൂസിയമായി പരിണമിച്ചിരിക്കുന്നത്.  ചരിത്ര വിദ്യാർത്ഥികളുടെ മനം കവരുന്നവയാണ്  മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ. നബി (സ )യുടെ കാലത്തെ സ്വർണ നാണയങ്ങൾ തൊട്ടു അബ്ദുൽ അസീസ്‌ രാജാവ് ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ വരെ ആ മ്യൂസിയത്തിലുണ്ട്. ഒറിജിനൽ അജ് വ കാരക്കയും സഹാബത്തിന്റെ കാലത്തെ ആയുധങ്ങളും പ്രാചീന മദീനയിലെ വസ്ത്രങ്ങളും എല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് . നിരവധി മദീന യാത്രകൾ നമ്മൾ നടത്താറുണ്ടെങ്കിലും ഹറമിൽ നിന്നും വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം നമ്മുടെ ശ്രദ്ധയിൽ പെടാറെ ഇല്ല. മ്യൂസിയം കഴിഞ്ഞാലുള്ള കോമ്പൌണ്ട്   ഹിജാസ് റയിൽവേയുടെതാണ് . 1908 ൽ തുർക്കിയിലെ ഒട്ടോമൻ ചക്രവർത്തി പണി കഴിപ്പിച്ചതാണ്‌ ഹിജാസ് റയിൽവേ.  മദീനയിൽ നിന്നും സിറിയയിലെ ദാമാസ്കസിലെക്കും അവിടെ നിന്നും തുർക്കിയിലേക്കും നീളുന്ന ഈ പാത മക്ക വരെയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്നാം ലോക മഹാ യുദ്ധം മൂലം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നു ചരിത്രം പറയുന്നു. ഒന്നാം ലോക മഹാ യുദ്ധാനന്തരം ഈ പാത നശിപ്പിക്കുകയാണുണ്ടായത് . എങ്കിലും റയിൽ പാതയുടെയും ബോഗികളുടെയും സ്റ്റെഷന്റെയുമൊക്കെ ഒരു ബാക്കി പത്രം മദീനയിൽ കൂടാതെ   മദാഇൻ സാലിഹിലെ അൽ ഉല , തബൂക്ക് എന്നിവിടങ്ങളിൽ ഇപ്പോഴുമുണ്ട് . ഒരു നൂറ്റാണ്ട് ഉപയോഗ ശൂന്യമായി കിടക്കുന്നുവെങ്കിലും റയിൽ പാത ഒരു കേടും കൂടാതെ ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. അന്നത്തെ ട്രെയിൻ ബോഗികളും ചില വ്യത്യാസങ്ങൾ വരുത്തി പ്രദർശിപ്പിച്ചിട്ടുണ്ട് . മഗ്രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളിച്ചതോട് കൂടി സെക്യൂരിറ്റി ജീവനക്കാർ മുഴുവൻ ആളുകളെയും പുറത്താക്കാൻ തുടങ്ങി. മനം കവരുന്ന കാഴ്ചയിൽ ലയിച്ച ഞങ്ങളിൽ പലരെയും പുറത്താക്കാൻ അവർക്കിത്തിരി കയർത്തു സംസാരിക്കേണ്ടിയും  വന്നു.
അജ് വ കാരക്ക 

നബി (സ )യുടെ കാലത്തെ സ്വർണ നാണയങ്ങൾ 



പരിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതിയുടെ ഫോട്ടോ കോപ്പി 

കല്ലിൽ കൊത്തിവെച്ച ഖുർആൻ വചനങ്ങൾ 

ഓട്ടോമൻ കാലത്തെ  വാളും പരിചയും 

മദീനയിലെ പുരാതന വസ്ത്രങ്ങൾ 

ഹിജാസ് റയിൽ വെ 

ഹിജാസ് റയിൽ വെ 


ഹിജാസ് റയിൽ പാളത്തിൽ കൂട്ടുകാരോടൊപ്പം 

അടുത്ത ദിവസം ശനിയാഴ്ചയാണ് , ഞങ്ങളിൽ പലർക്കും ജോലിയുണ്ട്. അതുകൊണ്ട് മ്യൂസിയത്തിൽ നിന്നും ഇറങ്ങിയ ഉടനെ മനസ്സിലോരെ വിങ്ങലുമായി ഞങ്ങൾ മദീനയോട് വിടവാങ്ങി. രണ്ടു നമസ്കാരങ്ങളും രാത്രി ഭക്ഷണവും വഴിയിലാണ്. സംഘത്തിലെ മുഴുവൻ ആളുകളും യാത്രയിലെ ഹൃദ്യമായ അനുഭവങ്ങളും ആസ്വാദനങ്ങളും പരസ്പരം പങ്കുവെച്ചു. ഓരോരുത്തരുടെയും മാറി മാറിയുള്ള സംസാരം ശ്രദ്ധിച്ച പാകിസ്ഥാനിയായ, എന്നാൽ സൗദിയിൽ ജനിച്ചു വളർന്നു പാകിസ്ഥാൻ  കണ്ടിട്ടു പോലുമില്ലാത്ത ഞങ്ങളുടെ ഡ്രൈവറും മൈക്ക് എടുത്തു . അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഒന്നു മാത്രം. എന്നിൽ നിന്നും എന്തെങ്കിലും പ്രയാസമുണ്ടായെങ്കിൽ ദയവായി ക്ഷമിക്കണമെന്ന്. സൗദി അറേബ്യയിൽ വന്നതിനു ശേഷം നിരവധി ബസ് യാത്രകൾ മദീനയിലെക്കും മക്കയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഞാൻ നടത്തിയിട്ടുണ്ട്.  കണ്ടിട്ടുള്ള ഡ്രൈവർമാരിൽ ഏറിയ പങ്കും അഹങ്കാരികളും മുൻ കോപികളുമാണ്. അതിൽ നിന്നും വിപരീതമായി സമർത്ഥനായ  അതിലേറെ പച്ചയായൊരു നല്ല മനുഷ്യനോടൊപ്പം യാത്ര ചെയ്യാൻ സാധിച്ചു എന്നതും ഈ യാത്രയിലെ നല്ലൊരനുഭവമായി ഞാൻ കരുതുന്നു.

കൂടുതൽ ഫോട്ടോകൾ ഇവിടെ ലഭിക്കും